ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്, പ്രധാനമന്ത്രിയോ, രാഷ്ട്രപതിയോ? ഭരണകക്ഷിയായ ബിജെപി അംഗങ്ങളും, പ്രതിപക്ഷവും തമ്മിലുള്ള തർക്കത്തിന് ചൂടേറിയിരിക്കുകയാണ്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്രസർക്കാർ ചടങ്ങിനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെ, പ്രതിപക്ഷം ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരിക്കുകയാണ്. എന്തുകൊണ്ടാണ് രാഷ്ട്രപതി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

പൂജയ്ക്ക് ശേഷം രാവിലെ 11.30 നാണ് മുഖ്യപരിപാടി നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ, ലോക്‌സഭാ സ്പീക്കർ ഓം ബിർലയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസാണ് ഈ വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നത്. അതിനിടെ, പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി രംഗത്തെത്തിയത് സംവാദത്തിന്റെ വീര്യം കൂട്ടി.

വിവാദങ്ങൾ ഒന്നുമില്ലാത്തപ്പോൾ വെറുതെ ഓരോന്ന് കുത്തിപ്പൊക്കുന്നത് കോൺഗ്രസിന്റെ ശീലമാണ്.രാഷ്ട്രത്തിന്റെ തലവനാണ് രാഷ്ട്രപതി. പ്രധാനമന്ത്രിയാണ് സർക്കാരിന്റെ തലവനും പാർലമെന്റിനെ നയിക്കുന്നതും. രാഷ്ട്രപതി പാർലമെന്റിലെ സഭകളിൽ അംഗമല്ല, അതേസമയം പ്രധാനമന്ത്രി അംഗമാണ്''.ഹർദീപ് ട്വിറ്ററിൽ കുറിച്ചു.

''രാഷ്ട്രപതിയെക്കുറിച്ച് മോശമായി സംസാരിച്ചവരാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസിന് ദേശീയവികാരമോ രാജ്യപുരോഗതിയിൽ അഭിമാനമോ ഇല്ല. 1975 ഒക്ടോബർ 24 ന് പാർലമെന്റ് അനക്‌സ് ഉദ്ഘാടനം ചെയ്തത് ഇന്ദിരാ ഗാന്ധിയാണ്. 1987 ഓഗസ്റ്റ് 15 ന് പാർലമെന്റ് ലൈബ്രറിക്ക് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയാണ്. കോൺഗ്രസിന് ദേശീയവികാരമോ രാജ്യപുരോഗതിയിൽ അഭിമാനമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതേ തുടർന്ന് ഹർദീപ് സിങ് പുരിക്ക് കോൺഗ്രസ് നേതാവ് മനീഷ് തിവാരി മറുപടി നൽകി. ഭരണഘടനയിലെ ആർട്ടിക്കിൾ 79 പ്രകാരം രാഷ്ട്രപതിയും ഇരുസഭകളും കൂടി ഉൾപ്പെടുന്നതാണ് പാർലമെന്റ്. കേന്ദ്രമന്ത്രിമാർ ഭരണഘടന ശ്രദ്ധിച്ചുവായിക്കണമെന്നും മനീഷ് തിവാരി തന്റെ ട്വീറ്റിൽ പറഞ്ഞു.

നേരത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെയും മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ക്ഷണിക്കാത്തതിൽ വിമർശനം ഉന്നയിച്ചിരുന്നു. ബിജെപി സർക്കാർ ഭരണഘടനാപരമായ ഔചിത്യങ്ങളോട് തുടർച്ചയായി അനാദരവ് കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ ഖാർഗെ, ബിജെപി ആർഎസ്എസ് സർക്കാരുകൾക്ക് കീഴിൽ രാഷ്ട്രപതിയുടെ ഓഫീസ് നോക്കുകുത്തിയായി മാറിയെന്നും കുറ്റപ്പെടുത്തി.

ഗോത്രവർഗത്തിൽ നിന്നും ദളിത് വിഭാഗത്തിൽ നിന്നുമുള്ളവരെ ബിജെപി സർക്കാർ രാഷ്ട്രപതിയാക്കുന്നത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെയും പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖാർഗെയെ ശശി തരൂർ എംപിയും ശരിവച്ചു. ' ഖാർഗെ സാഹിബ് പറഞ്ഞത് ശരിയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 60 ലും, 111 ലും വ്യക്തമായി പറയുന്നുണ്ട്, പാർലമെന്റിന്റെ തലവൻ രാഷ്ട്രപതിയാണെന്ന്. നിർമ്മാണം തുടങ്ങിയപ്പോൾ പ്രധാനമന്ത്രി പൂജ നടത്തിയത് തന്നെ വിചിത്രമായിരുന്നു. അതുപോലെ തന്നെ മന്ദിരം ഉദ്്ഘാടനം രാഷ്ട്രപതി നിർവഹിക്കാത്തത് ഭരണഘടനാവിരുദ്ധവും, മനസ്സിലാക്കാൻ കഴിയാത്ത കാര്യവുമാണ്, തരൂർ ട്വീറ്റ് ചെയ്തു.