കൊൽക്കത്ത : ത്രിപുരയിൽ സിപിഎം-കോൺഗ്രസ് സഖ്യം ലക്ഷ്യം കണ്ടില്ലെങ്കിലും ബംഗാളിൽ ഈ ഫോർമുല വിജയിച്ചേക്കാം എന്ന വിലയിരുത്തൽ സജീവം. ബംഗാളിൽ സഗാർദിഗി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം തൃണമൂൽ കോൺഗ്രസിനും മമതാ ബാനർജിക്കും തിരിച്ചടിയാണ്. ബിജെപിക്കും വോട്ട് കുറഞ്ഞു.

ബംഗാൾ നിയമസഭയിൽ സിപിഎമ്മിനും കോൺഗ്രസിനും അംഗങ്ങളുണ്ടായിരുന്നില്ല. ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ കോൺഗ്രസിന് ആദ്യ അംഗത്തെ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ബൈരോൺ ബിശ്വാസിന് 22,986 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. തൃണമൂലിന് പിന്നിൽ ബിജെപി രണ്ടാമതാകുന്ന രാഷ്ട്രീയ കാഴ്ചയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. എന്നാൽ ഈ ചിത്രം മാറുകയാണ് ഉപതിരഞ്ഞെടുപ്പിലൂടെ. അതുകൊണ്ട് തന്നെ ബംഗാളിൽ സിപിഎം-കോൺഗ്രസ് ധാരണ തുടരും.

പരമ്പരാഗതമായി കോൺഗ്രസിന് വേരോട്ടമുള്ള മുർഷിദാബാദ് ജില്ലയിലാണ് സഗാർദിഗി. കഴിഞ്ഞ 3 തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ സുബ്രതോ സാഹയാണ് ഇവിടെ ജയിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തൃണമൂലിന്റെ ഉറച്ച കോട്ടയായി സാഗർദിഗിയെ സാഹ മാറ്റിയിരുന്നു. അതാണ് കോൺഗ്രസ് വിജയം മാറ്റി മറിച്ചത്. തോൽവിയിൽ ബിജെപി വോട്ട് മറിച്ചെന്നാണ് മമതാ ബാനർജിയുടെ ആക്ഷേപം. എന്നാൽ കണക്കുകൾ ഈ ആരോപണം സാധൂകരിക്കുന്നില്ല. ബിജെപിയുടെയും തൃണമൂലിന്റെയും വോട്ട് കുറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50.9% വോട്ടു ലഭിച്ച തൃണമൂലിന് ഇത്തവണ ലഭിച്ചത് 34.94% ആണ്. കോൺഗ്രസിന്റെ വോട്ട് വിഹിതം 19.45% ആയിരുന്നത് 47.35% ആയി ഉയർന്നു. ബിജെപിയുടേത് 24.8% ആയിരുന്നത് 13.94% ആയി കുറഞ്ഞു. തൃണമൂൽ വോട്ടു വിഹിതത്തിൽ 16% കുറവുണ്ടായപ്പോൾ ബിജെപിക്കുണ്ടായ കുറവ് 10% ആണ്. . കോൺഗ്രസിന് അധികമായി ലഭിച്ചത് 28% വോട്ടും. അതായത് രണ്ട് പാർട്ടിക്ക് വോട്ടു ചെയ്തവരും കോൺഗ്രസ് വിജയത്തിൽ ഘടകമായി മാറി.

അതിനിടെ അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്നും തൃണമൂൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. സഗാർദിഗി മണ്ഡലത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് അട്ടിമറി വിജയം നേടിയതിനു പിന്നാലെയാണ്, ഐക്യ പ്രതിപക്ഷ നിരയിൽ ചേരാനില്ലെന്ന് മമത വ്യക്തമാക്കിയത്. ബിആർഎസ്, ആം ആദ്മി പാർട്ടി എന്നിവയ്‌ക്കൊപ്പം മൂന്നാം മുന്നണി രൂപീകരിക്കാൻ മമത നീക്കം നടത്തിയേക്കുമെന്നും സൂചനയുണ്ട്.

കോൺഗ്രസും സിപിഎമ്മും ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഐക്യ പ്രതിപക്ഷ നീക്കങ്ങൾക്കില്ലെന്ന് മമത വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിനു മുൻപ് തൃണമൂലുമായി സഖ്യമുണ്ടാക്കുന്നതു പരിഗണനയിലില്ലെന്നും തിരഞ്ഞെടുപ്പിനു ശേഷം ഓരോ പാർട്ടിക്കും ലഭിക്കുന്ന സീറ്റുകളുടെ അടിസ്ഥാനത്തിലാണു സഖ്യങ്ങൾ രൂപപ്പെടുകയെന്നും കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കേരളത്തിലെ യുഡിഎഫ് ഘടകകക്ഷികൾ, ഡിഎംകെ (തമിഴ്‌നാട്), എൻസിപി, ശിവസേന (മഹാരാഷ്ട്ര), ജെഎംഎം (ജാർഖണ്ഡ്), ആർജെഡി, ജെഡിയു (ബിഹാർ), നാഷനൽ കോൺഫറൻസ് (കശ്മീർ) എന്നിവയുമായിട്ടായിരിക്കും തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസ് സഖ്യമുണ്ടാക്കുക.