ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേക്ക് 15 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യം 45 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടന്‍ തന്നെ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് 15 പേരുടെ മാത്രം പട്ടിക പുറത്തിറക്കിയത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് പട്ടിക പിന്‍വലിച്ചതെന്ന് സൂചനയുണ്ട്. 45 പേരുടെ പട്ടികയില്‍ പ്രധാനപ്പെട്ട മൂന്ന് നേതാക്കളുടെ പേരുകള്‍ ഇല്ലാതിരുന്നതും ചര്‍ച്ചയായി. ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന, മുന്‍ ഉപമുഖ്യമന്ത്രിമാരായ നിര്‍മല്‍ സിങ്, കവീന്ദര്‍ ഗുപ്ത എന്നിവരുടെ അസാന്നിദ്ധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. അതേസമയം കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങിന്റെ സഹോദരന്‍ ദേവേന്ദ്ര റാണ ആദ്യ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് ബിജെപിയില്‍ എത്തിയതാണ് അദ്ദേഹം.

44 പേരുടെ പട്ടികയില്‍ രണ്ട് കശ്മീരി പണ്ഡിറ്റുകളും 14 മുസ്ലിം സ്ഥാനാര്‍ത്ഥികളുമുണ്ടായിരുന്നു. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, പാന്തേഴ്‌സ് പാര്‍ട്ടി എന്നിവയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന നിരവധി നേതാക്കളും പട്ടികയില്‍ ഇടം നേടി. എന്നാല്‍ ഈ പട്ടികയാണ് പുറത്തിറക്കി അധിക നേരം കഴിയുന്നതിന് മുമ്പ് റദ്ദാക്കിയത്. തുടര്‍ന്ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലേക്ക് വേണ്ട സ്ഥാനാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കി.

ഡല്‍ഹിയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുള്‍പ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നിരുന്നു. ഇന്നുരാവിലെയാണ് പട്ടിക പുറത്തുവിട്ടത്. മൂന്നു ഘട്ടമായാണ് ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് നടക്കുക.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സെപ്റ്റംബര്‍ 19, 25, ഒക്ടോബര്‍ 1 തീയ്യതികളാണ്. ഒക്ടോബര്‍ നാലിന് വോട്ടെണ്ണും. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് കൂടിയാണ് നടക്കാനിരിക്കുന്നത്.