ലക്‌നൗ: ഉത്തർ പ്രദേശിൽ എംഎൽഎ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ജയിലിൽ കഴിയുന്ന മുൻ എംപി ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദിനെ ഏറ്റുമുട്ടലിൽ വധിച്ചതിൽ സംസ്ഥാന സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ അഭിനന്ദിച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കുറ്റവാളികൾക്കുള്ള വ്യക്തമായ സന്ദേശമാണ് സംഭവമെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

''യുപി എസ്ടിഎഫ് സംഘത്തെ അഭിനന്ദിക്കുകയാണ്. ആസാദും അദ്ദേഹത്തിന്റെ സഹായി ഗുലാമും പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ച് വെടിയുർത്തപ്പോളാണ് ആസാദ് കൊല്ലപ്പെട്ടത്. ഇത് പുതിയ ഇന്ത്യയാണെന്ന് കുറ്റവാളികൾക്കുള്ള സന്ദേശമാണ്. ഉത്തർപ്രദേശ് ഭരിക്കുന്നത് യോഗി സർക്കാരാണ്, കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്ന സമാജ്വാദി പാർട്ടി സർക്കാരല്ല. അഭിഭാഷകൻ ഉമേഷ് പാലിന്റെയും പൊലീസ് ഉദ്യോഗസ്ഥന്റെയും കൊലയാളികളുടെ വിധി ഇതായിരുന്നു''അദ്ദേഹം പറഞ്ഞു.

യുപിയിൽ എംഎൽഎ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ആതിക് അഹമ്മദിന്റെ മകൻ ആസാദും കേസിലെ മറ്റൊരു പ്രതി ഗുലാമും യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർ ഉമേഷ് പാൽ കേസിൽ പൊലീസിന്റെ 'വാണ്ടഡ്' പട്ടികയിൽപ്പെട്ടവരാണ്. ഇരുവരുടെയും തലയ്ക്കു 5 ലക്ഷം രൂപ വീതം വിലയിട്ടിരുന്നു. ആസാദിൽനിന്ന് പുതിയതരം വിദേശ ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഏറ്റുമുട്ടലിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അസദിനെ ജീവനോടേ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് യുപി എസ് ടി എഫ് പറഞ്ഞു. അസദിൽ നിന്ന് വിദേശ നിർമ്മിത തോക്കുകളും പിടികൂടി. അതേസമയം, നീതി ലഭിച്ചെന്ന് കൊല്ലപ്പെട്ട സാക്ഷി ഉമേഷ് പാലിന്റെ കുടുംബം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാദിന് നന്ദിയെന്നും ഉമേഷ് പാലിന്റെ കുടുംബം പറഞ്ഞു. 2006ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

എന്നാൽ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴി തിരിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് പ്രതികളുടെ ഏറ്റുമുട്ടൽ കൊലപാതകങ്ങളെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. ബിജെപി കോടതികളിൽ വിശ്വസിക്കുന്നില്ല. ഏറ്റുമുട്ടലിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അധികാരത്തിന് തെറ്റും ശരിയും തീരുമാനിക്കാൻ അവകാശമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. സംഭവത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.