മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം അവതരിപ്പിച്ച ഏകീകൃത പെന്‍ഷന്‍ പദ്ധതി (യു.പി.എസ്) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. സംസ്ഥാനത്ത് യു.പി.എസ്. നടപ്പാക്കാന്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി പ്രാബല്യത്തില്‍വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാഷനല്‍ പെന്‍ഷന്‍ പദ്ധതിയും (എന്‍പിഎസ്) യുപിഎസും തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും. നിലവിലുള്ള ജീവനക്കാര്‍ക്ക് എന്‍പിഎസില്‍ നിന്ന് യുപിഎസിലേക്ക് മാറാനും സാധിക്കും. പെന്‍ഷന്‍ പദ്ധതിയെ അഷ്വേര്‍ഡ് പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, മിനിമം അഷ്വേര്‍ഡ് പെന്‍ഷന്‍ എന്നിങ്ങനെയാണ് വേര്‍തിരിച്ചിരിക്കുന്നത്.

ചുരുങ്ങിയത് 10 വര്‍ഷത്തെ സര്‍വീസ് ഉള്ളവര്‍ക്ക് പ്രതിമാസം 10,000 രൂപ ഉറപ്പുനല്‍കുന്ന പെന്‍ഷന്‍ നല്‍കുന്നതാണ് മിനിമം പെന്‍ഷന്‍. വിരമിച്ചയാളുടെ മരണ ശേഷം കുടുംബത്തിന് അവസാനം വാങ്ങിയ പെന്‍ഷന്റെ 60 ശതമാനം നല്‍കുന്നതാണ് കുടുംബ പെന്‍ഷന്‍. കുറഞ്ഞത് 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുന്‍പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി നല്‍കുന്നതാണ് അഷ്വേര്‍ഡ് പെന്‍ഷന്‍.

ഈ വര്‍ഷം മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാര്‍ തീരുമാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ തടസ്സമില്ലാത്ത വൈദ്യുതി വിതരണ പദ്ധതി കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

ശനിയാഴ്ചയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെന്‍ഷനായി ലഭിക്കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാനശമ്പളത്തിന്റെ പകുതി പെന്‍ഷനായി ലഭിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2025 ഏപ്രില്‍ ഒന്നിന് യു.പി.എസ്. നിലവില്‍വരും.

നിലവില്‍ എന്‍.പി.എസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാം. എന്‍.പി.എസില്‍ തുടരണമെങ്കില്‍ അതുമാകാം. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാര്‍ക്ക് നേട്ടമാകുന്നതാണ് പദ്ധതിയെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍കൂടി യു.പി.എസ്. നടപ്പാക്കാന്‍ തയ്യാറായാല്‍ 90 ലക്ഷം പേര്‍ക്ക് നേട്ടം ലഭിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പെന്‍ഷന്റെ പരമാവധി മെച്ചം ജീവനക്കാര്‍ക്കു നല്‍കുമ്പോള്‍ത്തന്നെ ഭാവി സര്‍ക്കാരിലോ തലമുറയിലോ അതിന്റെ ഭാരം കെട്ടിവയ്ക്കാത്ത രീതിയിലാണു പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നാളുകളായുള്ള അതൃപ്തി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന യുപിഎസില്‍ നിലവിലെ പുതിയ പെന്‍ഷന്‍ പദ്ധതിയായ എന്‍പിഎസിലെ വ്യവസ്ഥകളുമുണ്ട്. പെന്‍ഷന്‍ ഫണ്ടിലെ തൊഴിലാളികളുടെ പങ്കാളിത്തം ഇതിനുദാഹരണമാണ്. എന്‍പിഎസിലേതുപോലെ ജീവനക്കാരുടെ വിഹിതം 10 ശതമാനമായി നിലനിര്‍ത്തിയാണു യുപിഎസ് നടപ്പാക്കുന്നത്. അതേസമയം, സര്‍ക്കാര്‍ വിഹിതം 14% എന്നത് 18.5% ആയി വര്‍ധിപ്പിച്ചു.

നിശ്ചിത പെന്‍ഷന്‍ തുക, വിരമിക്കുന്നവര്‍ക്കു സ്ഥിരവും മുന്‍നിശ്ചയിച്ചതു പ്രകാരമുള്ളതുമായ പെന്‍ഷന്‍ തുക എന്നിങ്ങനെ യുപിഎസിലെ പല വ്യവസ്ഥകളും ഒപിഎസിലുണ്ടായിരുന്നവയാണ്. എന്നാല്‍, ജീവനക്കാരുടെ പങ്കാളിത്തം തീര്‍ത്തുമില്ലാത്ത ഒപിഎസിലെ രീതി തിരികെക്കൊണ്ടുവരുന്നതു പ്രായോഗികമല്ലെന്നു സര്‍ക്കാര്‍ വിലയിരുത്തി.

പഠിച്ച ശേഷമാകും യുപിഎസില്‍ തീരുമാനമെന്നാണ് കേരള സര്‍ക്കാരിന്റെ വിശദീകരണം. യുപിഎസ് സ്വീകരിച്ചാല്‍ കേരളത്തിന് ബാധ്യത കൂടുമെന്നതിനാലാണ് പഠിക്കാനൊരുങ്ങുന്നത്. കേന്ദ്രം യുപിഎസില്‍ അടയ്ക്കുന്നത് 18.5 ശതമാനമാണ്. എന്നാല്‍ എന്‍പിഎസില്‍ കേരളം അടയ്ക്കുന്നത് 10 ശതമാനമാണ്. കേന്ദ്രം അടയ്ക്കുന്ന രീതിയില്‍ കേരളം വിഹിതം നല്‍കിയില്ലെങ്കില്‍ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ ഉറപ്പാക്കാനാവില്ല. സര്‍ക്കാരിന്റെ തീരുമാനം ഉറ്റുനോക്കുകയാണ് സര്‍ക്കാര്‍ ജീവനക്കാര്‍.