ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി. മഹുവ മൊയ്ത്രയുടെ പരിഹാസത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പപ്പുവിനെ തിരയാൻ സ്വന്തം നാട്ടിലേക്ക് നോക്കിയാൽ മതിയെന്ന് നിർമല സീതാരാമൻ പറഞ്ഞു. 'ഇപ്പോൾ ആരാണ് പപ്പു?' എന്ന് ചോദിച്ചുകൊണ്ടുള്ള മഹുവയുടെ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളോടാണ് കേന്ദ്രധനമന്ത്രിയുടെ പ്രതികരണം. കേന്ദ്രസർക്കാർ പദ്ധതികളോട് മുഖം തിരിക്കുന്ന പശ്ചിമബംഗാൾ സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു ലോക് സഭയിൽ നിർമല സീതാരാമന്റെ മറുപടി.

'ആരാണ് പപ്പു എന്നും എവിടെയാണ് പപ്പുവെന്നും ബഹുമാനപ്പെട്ട അംഗം മഹുവ മൊയ്ത്ര ചോദിക്കുകയുണ്ടായി. അവർ സ്വന്തം സ്വന്തം നാട്ടിലേക്ക് തന്നെ നോക്കണം. പശ്ചിമബംഗാളിൽ തന്നെ അവർക്ക് പപ്പുവിനെ കണ്ടെത്താം. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന മികച്ച പദ്ധതികൾ ഉണ്ടെന്നതിൽ യാതൊരു സംശയവുമില്ല. ബംഗാൾ പക്ഷെ അവ വിതരണം ചെയ്യുന്നില്ല. നിങ്ങൾ മറ്റെവിടെയും പപ്പുവിനെ തിരയേണ്ടതില്ല.'. ലോക്സഭയിൽ അധിക ഗ്രാന്റുകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ നിർമല സീതാരാമൻ പറഞ്ഞു.

'ആരാണ് തീ കൊളുത്തിയത് എന്നതല്ല ചോദ്യം, ആരാണ് തീപ്പെട്ടി ഒരു ഭ്രാന്തനെ ഏൽപ്പിച്ചത് ?'എന്ന മഹുവയുടെ ചോദ്യം നിലവാരമില്ലാത്തതാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളാണ് നേതാക്കളെ തിരഞ്ഞെടുക്കുന്നത്. നേതാക്കൾക്ക് ആരാണ് അധികാരം നൽകിയതെന്ന് ചോദിച്ച് ജനങ്ങളെ തരംതാഴ്‌ത്തരുത്. ഇതിൽ കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല- മന്ത്രി കൂട്ടിച്ചേർത്തു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ പ്രസംഗം. വ്യാവാസായികോത്പാദനനിരക്ക് ഒക്ടോബറിൽ നാല് ശതമാനം കുറഞ്ഞു. 26 മാസക്കാലയളവിലെ ഏറ്റവും കുറവ് ഉത്പാദനനിരക്കാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. ഉത്പാദനമേഖലയുടെ വളർച്ചാനിരക്ക് 5.6 ശതമാനം കുറഞ്ഞു. വിദേശ നാണ്യശേഖറം കഴിഞ്ഞ ഒരുകൊല്ലത്തിനിടെ 72 ബില്യൺ ഡോളറാണ് കുറവ് രേഖപ്പെടുത്തിയത്. സാമ്പത്തിക മേഖല തകർന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് മോദി സർക്കാർ പ്രചരിപ്പിക്കുകയാണ്. മഹുവ കുറ്റപ്പെടുത്തി. സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്ന് ധനമന്ത്രി നിർമല സീതാരാമനോട് മഹുവ ആവശ്യപ്പെടുകയും ചെയ്തു.

2014 മുതലുള്ള 9 വർഷത്തിനിടെ 12.5 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും ആരോഗ്യപരമായ സാമ്പത്തിക പരിസ്ഥിതിയോ നികുതി വ്യവസ്ഥയോ നിലനിൽക്കുന്നതിന്റെ സൂചനയാണോ ഇതെന്നും മഹുവ ചോദിച്ചു. ഇക്കാര്യം സൂചിപ്പിക്കുന്നതിനിടെയാണ് ഇപ്പോൾ പപ്പു ആരാണ് എന്ന് മഹുവ ചോദ്യമുയർത്തിയത്. വ്യവസായികളുടേയും സമ്പന്നന്മാരുടേയും പ്രതിപക്ഷകക്ഷി നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും മഹുവ ആരോപിച്ചു.