ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. പ്രതിപക്ഷ എംപിമാർക്കെതിരായ നടപടിയിലൂടെ കേന്ദ്രസർക്കാർ ജനാധിപത്യത്തെ അടിച്ചമർത്തുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. 141 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് സോണിയയുടെ വിമർശനം.

'ജനാധിപത്യത്തെ ഈ സർക്കാർ അടിച്ചമർത്തുകയാണ്. സഭയിൽനിന്ന് മുമ്പൊരിക്കലും ഇത്രയധികം പ്രതിപക്ഷ എംപിമാർ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടില്ല. തികച്ചും ന്യായവും നിയമാനസൃതവുമായ ആവശ്യങ്ങൾ സഭയിൽ ഉന്നയിച്ചതിനാണ് എംപിമാർക്കെതിരേയുള്ള ഈ നടപടി', സോണിയ പറഞ്ഞു.

ഡിസംബർ 13ന് പാർലമെന്റിൽ നടന്ന അതിക്രമം ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതും ക്ഷമിക്കാനാകാത്തതുമാണെന്നും സോണിയ അഭിപ്രായപ്പെട്ടു. സഭയിലെ ഈ അസാധാരണ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്ന് മാത്രമാണ് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിപക്ഷത്തിന്റെ ഈ അഭ്യർത്ഥനയോട് കേന്ദ്രസർക്കാർ കാണിച്ച ധാർഷ്ട്യത്തെ വിവരിക്കാൻ വാക്കുകളില്ലെന്നും സോണിയ വിമർശിച്ചു.

സംഭവത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് ഒരു പ്രതികരണം അറിയിക്കാൻ പ്രധാനമന്ത്രിക്ക് നാല് ദിവസം വേണ്ടിവന്നു. എന്നാൽ അദ്ദേഹം പ്രതികരണം അറിയിച്ചത് പാർലമെന്റിന് പുറത്തുവച്ചാണ്. ഇതിലൂടെ സഭയുടെ അന്തസ്സിനെ പ്രധാനമന്ത്രി അവഹേളിച്ചുവെന്നും രാജ്യത്തെ ജനങ്ങളോടുള്ള അവഗണനയാണ് ഇതെന്നും സോണിയ കുറ്റപ്പെടുത്തി. പ്രതിപക്ഷത്ത് ബിജെപി ആയിരുന്നെങ്കിൽ ഇതിൽ അവർ എങ്ങനെയായിരുന്നു പ്രതികരിക്കുകയെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

അതേ സമയം അമിത് ഷാ സഭയിൽ വിശദീകരണം നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നും പാർലമെന്റ് നടപടികൾ കലുഷിതമായി. ലോക്സഭയിലും രാജ്യസഭയിലും അംഗങ്ങൾ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്റ് ചെയ്ത സ്പീക്കറുടെ നടപടിയെ കൂടി വിമർശിച്ചായിരുന്നു പ്രതിഷേധം.

ലോക്‌സഭയിൽ എഎം ആരിഫ്, തോമസ് ചാഴിക്കാടൻ, വിജയകുമാർ, കവിത സിങ് എന്നീ നാല് പ്രതിപക്ഷ എംപിമാർ പോസ്റ്റർ ഉയർത്തി നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. നടപടിയെടുക്കുമെന്ന് ഇവർക്ക് സ്പീക്കർ മുന്നറിയിപ്പ് നൽകി. ജനാധിപത്യത്തെ കൊലചെയ്യുകയാണ് സർക്കാരും സ്പീക്കറുമെന്ന് എംപിമാരുടെ മുദ്രാവാക്യം മുഴക്കി. ബഹളത്തെ തുടർന്ന് ലോക്‌സഭ 12 മണി വരെ നിർത്തിവച്ചു. രാജ്യസഭയും ബഹളത്തെ തുടർന്ന് നിർത്തിവെച്ചെങ്കിലും പിന്നീട് ആരംഭിച്ചു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ വീണ്ടും പ്രതിഷേധം തുടർന്നതോടെ 11.45 വരെ സഭ നടപടികൾ നിർത്തിവച്ചു.

ഇതിനിടെ, പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ മോക് പാർലമെന്റിനിടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ അനുകരിച്ചുവെന്ന വിവാദത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി ജഗദീപ് ധൻകറും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ധൻകറെ ഫോണിൽ വിളിച്ച് വേദനയറിച്ചു. സംഭവത്തിൽ വലിയ വേദനയുണ്ടെന്ന് മോദി അറിയിച്ചതായി ഉപരാഷ്ട്രപതി ധൻകർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ തന്റെ കർത്തവ്യം നിർവഹിക്കുന്നതിൽ തടസം ആകില്ലെന്ന് ധൻകർ മോദിയെ അറിയിച്ചു.