പട്‌ന: മഹാസഖ്യ സർക്കാർ പിരിച്ചുവിട്ട് എൻഡിഎയിലേക്ക് ചേക്കേറിയ ജെഡിയുവിനെതിരെ അതിരൂക്ഷ വിമർശനവുമായി ആർ.ജെ.ഡി. നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളൊക്കെ നല്ലതിന് വേണ്ടിയാണെന്നും 2024-ഓടെ ജെഡിയു ഇല്ലാതാകുമെന്നും ഈ കളി തങ്ങൾ ഫിനിഷ് ചെയ്യുമെന്നും തേജസ്വി പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ബിഹാറിൽ ശക്തമാണെന്നും തേജസ്വി യാദവ് പറഞ്ഞു.

'കളി ഏറെ ബാക്കിയാണ്, ഇനിമുതലാണ് ആരംഭിക്കുന്നത്. നിതീഷ്‌കുമാർ ക്ഷീണിച്ച മുഖ്യമന്ത്രിയാണ്. ഞാൻ എഴുതിത്ത്തരാം, 2024-ഓടെ ജെഡിയു ഇല്ലാതാകും,തുടങ്ങിയ കളി ഫിനിഷ് ചെയ്യുന്നത് ഞങ്ങളായിരിക്കും. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ശക്തമാണ്. നടക്കുന്നതൊക്കെയും നല്ലതിന് വേണ്ടിയാണ്- തേജസ്വി യാദവ് പറഞ്ഞു.

കഴിഞ്ഞ 17 വർഷം ബിജെപി സർക്കാരും ജെ.ഡി.യു. സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ബിഹാറിൽ 17 മാസം കൊണ്ട് തങ്ങളുടെ സർക്കാർ ചെയ്തത്. ജോലി നല്കുക എന്നത് സാധ്യമല്ലാത്ത കാര്യമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ജനങ്ങൾക്ക് ജോലി നൽകി അത് സാധ്യമാണെന്ന് തെളിയിച്ചു കൊടുത്തു. മികച്ച ആരോഗ്യം, തൊഴിൽ, ജനങ്ങൾക്ക് നീതി ലഭ്യമാക്കി, മികച്ച വിദ്യാഭ്യാസം, വികസനം, ബിഹാറിൽ നിക്ഷേപത്തിനുള്ള അവസരങ്ങൾ തുടങ്ങിയവയാണ് തങ്ങളുടെ ലക്ഷ്യം ഐ.ടി. പോളിസി കൊണ്ടു വന്നു. ടൂറിസം പോളിസി, ജാതി സെൻസസ്, സ്‌പോട്‌സ് പോളിസി കൊണ്ടുവന്നു. സംവരണം വർധിപ്പിച്ചു. ബിജെപി. അധികാരത്തിൽ വരികയാണെങ്കിൽ ഇതൊന്നും സാധ്യമല്ല- തേജസ്വി പറഞ്ഞു.

'ഞങ്ങൾക്കൊപ്പം നിതീഷ് കുമാർ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം പറഞ്ഞത്, ഒരുപാട് കാര്യങ്ങൾ ചെയ്തു എന്നാണ്. നിങ്ങൾ എപ്പോഴെങ്കിലും നിതീഷ് കുമാർ അപ്പോയിന്മെന്റ് ലെറ്റർ നൽകുന്നത് കണ്ടിട്ടുണ്ടോ? ആർക്കെങ്കിലും അപ്പോയിന്മെന്റ് ലെറ്റർ നൽകിയിട്ടുണ്ടെങ്കിൽ അത് ഞങ്ങളാണ്. അതിന് ശേഷം മാത്രമാണ് കേന്ദ്രം ഞങ്ങളെ പിന്തുടർന്നത്' തൊഴിൽ നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തേജസ്വി പ്രതികരിച്ചു.

നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യയും രംഗത്ത് വന്നു. ''മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്കു പോകുന്നു'' എന്നായിരുന്നു രോഹിണിയുടെ പോസ്റ്റ്. മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ചിത്രം സഹിതമായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റ്. അതേസമയം, നിതീഷ് കുമാറിനെ അപമാനിച്ചു എന്ന് ആരോപിച്ച് നിരവധി ആളുകൾ പോസ്റ്റിനെതിരെ രംഗത്തെത്തി.

വ്യാഴാഴ്ചയും രോഹിണി എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ഒരു കുറിപ്പ് വിവാദമാകുകയും അതു പിന്നീട് നീക്കം ചെയ്യുകയും ചെയ്തിരുന്നു. സോഷ്യലിസ്റ്റ് ആചാര്യന്മാരെന്നു സ്വയം പ്രഖ്യാപിക്കുന്ന ചിലർ കാറ്റിനനുസരിച്ച് ആദർശം മാറുന്നവരാണെന്നായിരുന്നു രോഹിണിയുടെ ഒളിയമ്പ്. ഇതിനെ പ്രതിരോധിച്ച് ആർജെഡി തന്നെ രംഗത്തെത്തി. പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ളതാണെന്നും നിതീഷ് കുമാറിനെയല്ലെന്നും ആർജെഡി അവകാശപ്പെട്ടു. ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മഹാസഖ്യ സർക്കാർ പിരിച്ചുവിട്ട ശേഷമാണ് നിതീഷ് കുമാർ ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. രണ്ടു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഞായറാഴ്ച രാവിലെ ഗവർണറെ കണ്ടു രാജി സമർപ്പിച്ച നിതീഷ് കുമാർ, കോൺഗ്രസിനും ഇന്ത്യ മുന്നണിക്കുമെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.