രാജ്‌കോട്ട്: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ് സിങ് ജഡേജ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ജഡേജയുടെ ഭാര്യയും ബിജെപി എംഎൽഎയുമായ റിവാബ ജഡേജ. ജഡേജയുടെ പിതാവിന്റെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാനല്ല ഇവിടെ എത്തിയിരിക്കുന്നതെന്നും അതേക്കുറിച്ച് ചോദിക്കാനാണെങ്കിൽ നേരിട്ട് തന്നെ ബന്ധപ്പെടാമെന്നും മാധ്യമപ്രവർത്തകനോട് റിവാബ പറഞ്ഞു.

ജഡേജയുടെ ഭാര്യ റിവാബ ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്നുള്ള ബിജെപിയുടെ നിയമസഭാംഗമാണ്. രാജ്‌കോട്ടിൽ വച്ചാണ് ചില മാധ്യമ പ്രവർത്തകർ റിവാബയോട് അനിരുദ്ധ് ജഡേജയുടെ ആരോപണങ്ങളെക്കുറിച്ചു ചോദിച്ചത്. രോഷത്തോടെ പ്രതികരിച്ച റിവാബ അതിനെക്കുറിച്ചു സംസാരിക്കാനല്ല ഇവിടെ വന്നത് എന്ന മറുപടിയാണു നൽകിയത്.

പൊതുവേദിയിൽ ഇത്തരം ചോദ്യങ്ങളല്ല ചോദിക്കേണ്ടതെന്നും റിവാബ മാധ്യമപ്രവർത്തകനോട് പറഞ്ഞു. മകനും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ രവീന്ദ്ര ജഡേയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് പിതാവ് അനിരുദ്ധ്‌സിങ് ജഡേജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മരുമകളായ റിവാബയാണ് തന്റെ കുടുംബത്തിലെ എല്ലാ കലഹങ്ങൾക്കും കാരണമെന്നും ഒരേ നഗരത്തിൽ താമസിച്ചിട്ടും തന്റെ പേരക്കുട്ടിയെ താനിതുവരെ കണ്ടിട്ടില്ലെന്നും അനിരുദ്ധ്‌സിങ് ജഡേജ ദൈനിക് ഭാസ്‌കറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മകൻ രവീന്ദ്ര ജഡജേയുമായും മരുമകൾ റിവാബയുമായും എനിക്കിനി യാതൊരു ബന്ധവുമില്ല. ഞാനവരെയും വിളിക്കാറില്ല, അവരെന്നെയും വിളിക്കാറില്ല. ജഡേജയുടെ കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നാ മാസം കഴിഞ്ഞപ്പോൾ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഞാനിപ്പോൾ ജാംനഗറിൽ ഒറ്റക്കാണ് താമസിക്കുന്നത്. റിവാബയാകട്ടെ ഇതേ നഗരത്തിലെ സ്വന്തം ബംഗ്ലാവിലും. ജഡേജയും ഇതേ നഗരത്തിലാണ് താമസിക്കുന്നത്. പക്ഷെ ഞാനവനെ കാണാറില്ല. അവനെ മയക്കാൻ എന്ത് തന്ത്രമാണ് ഭാര്യ പ്രയോഗിച്ചതെന്ന് എനിക്കറിയില്ല-അനിരുദ്ധ് ജഡേജ പറഞ്ഞു.

അവനെന്റെ മകനാണ്. അത് ഓർക്കുമ്പോൾ എന്റെ ഹൃദയം പൊള്ളുന്നുണ്ട്. അവൻ വിവാഹം കഴിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ അഗ്രഹിക്കുകയാണ്. അവനൊരു ക്രിക്കറ്റ് താരമായി മാത്രം തുടർന്നാൽ മതിയായിരുന്നു. എന്നാൽ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ലെന്നും അനിരുദ്ധ് സിങ് ജഡേജ പറഞ്ഞിരുന്നു.

അതേസമയം ഭാര്യയെ അപമാനിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നായിരുന്നു രവീന്ദ്ര ജഡേജയുടെ മറുപടി. നേരത്തേ തയാറാക്കിയതു പ്രകാരമുള്ള അഭിമുഖങ്ങളിൽ പറയുന്നത് അവഗണിക്കുകയാണു വേണ്ടതെന്ന് രവീന്ദ്ര ജഡേജ എക്‌സ് പ്ലാറ്റ്‌ഫോമിൽ പ്രതികരിച്ചു. പുറത്തുവന്ന അഭിമുഖം അസംബന്ധമാണെന്നും ജഡേജ അവകാശപ്പെട്ടു.