ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി തന്നെയാകും, 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുപ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് കോൺഗ്രസ് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോൾ, സിപിഎമ്മിന് ആ പ്രതീക്ഷയില്ല. 2024ലും പ്രതിപക്ഷത്തിന് പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാവാൻ സാധ്യതയില്ല എന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്.

ബിജെപി ഇതര കക്ഷികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുക പ്രയാസമുള്ളതിനാൽ സാധ്യത വളരെ കുറവാണ്. അതിനു കഴിയാതെ പോകുന്നത് പോരായ്മയാണെന്നും യെച്ചൂരി പറയുന്നു. പ്രാദേശിക കക്ഷികളിൽ ചിലർ കോൺഗ്രസിനെ തങ്ങളുടെ എതിരാളിയായി കണക്കാക്കുകയാണ്. ഈ സാഹചര്യം നിലനിൽക്കുന്ന കാലത്തോളം ഒരു പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥി സാധ്യമായേക്കില്ല. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിലാണ് യെച്ചൂരി ഇത് പങ്കുവച്ചത്.

പ്രതിപക്ഷ സഖ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ശക്തിയാർജിക്കുകയാണ് വേണ്ടത്. 1989ലും 1996ലും 1997ലും സർക്കാരുകളെ താഴെയിറക്കിയത് കോൺഗ്രസാണ്. ആ സാഹചര്യം ഇപ്പോഴില്ല. ലോക്സഭയിലെ രണ്ടക്ക സംഖ്യകൾ കോൺഗ്രസ് മറികടന്നാൽ, 2004-ലേതോ 2009-ലേക്കോ പുനഃസൃഷ്ടിക്കാനാകുമോ എന്നതാണ് പ്രധാനം.

ഛിന്നഭിന്നമായ ഒരു രാഷ്ട്രീയമാണ് രാജ്യത്തുള്ളത്. എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ വിലപേശൽ ശക്തി വർദ്ധിപ്പിക്കാൻ കഴിയുന്നത്ര സീറ്റുകൾ നേടാൻ ആഗ്രഹിക്കുകയാണ്. പ്രാദേശിക പാർട്ടികൾക്ക് സീറ്റുകൾ നേടുന്നതിലെ പരിമിതി നമുക്ക് മനസിലാക്കാം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിൽ ബിജെപി ഇതര സഖ്യത്തെ നയിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് പ്രധാനം. കോൺഗ്രസ് സീറ്റ് വർധിപ്പിക്കുകമാത്രമാണ് പോംവഴി.

എക്കാലത്തെയും പോലെ ജനകീയ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിയുന്നുണ്ട്. കർഷകരുടെ സമരം, സ്വകാര്യവൽക്കരണത്തിനെതിരായ സമരം, തൊഴിൽ നിയമങ്ങൾ, യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സമരമായാലും ഇടതുപക്ഷം രംഗത്തുണ്ട്. ജനങ്ങളെ അണിനിരത്തുന്നതിലും അവർക്കായി ശബ്ദമുയർത്തുന്നതിലും ഇടതുപക്ഷത്തിന് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് എല്ലാവരും തിരിച്ചറിയുകയാണെന്നും യെച്ചൂരി പറഞ്ഞു.

കോൺഗ്രസിന്റെ പ്രതീക്ഷ

2024 തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമായിരിക്കുക മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനാർത്ഥി കൂടിയാവും. അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയമല്ല രാഹുൽ നടത്തുന്നത്. രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയാണ്. അവർക്കാണ് ആരെയും അധികാരത്തിലെത്തിക്കാനുള്ള അവകാശമുള്ളത്. രാഹുൽ നടത്തുന്നത് പോലെയുള്ള ഒരു പദയാത്ര ലോകചരിത്രത്തിൽ തന്നെയുണ്ടായിട്ടില്ല. ഗാന്ധി കുടുംബത്തെപ്പോലെ രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ച മറ്റൊരു കുടുംബമില്ല' -മുതിർന്ന കോൺഗ്രസ് നേതാവും, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് അടുത്തിടെ പറഞ്ഞത് ഇങ്ങനെ.