ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിനെതിരായ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി സച്ചിൻ പൈലറ്റ്. അഴിമതി കേസിലെ അന്വേഷണമടക്കം താൻ ഉന്നയിച്ച വിഷയങ്ങളിൽ സർക്കാർ നടപടിയെടുത്തേ മതിയാവൂയെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. ഹൈക്കമാൻഡുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും സച്ചിൻ വ്യക്തമാക്കി.

വസുന്ധര രാജെസിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം, ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ പി എസ് സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സച്ചിൻ മുൻപോട്ട് വച്ചത്. സച്ചിനെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് ഹൈക്കമാൻഡ് ഗെലോട്ടിന് നിർദ്ദേശവും നൽകിയിരുന്നു. നടപടിയെടുക്കാൻ സർക്കാരിന് സച്ചിൻ നൽകിയ സമയപരിധി ഇന്നവസാനിക്കെയാണ് വീണ്ടും പ്രതികരണം.

രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുക്കാൻ ഹൈക്കമാൻഡ് നേരിട്ട് ചർച്ച നടത്തി, ഐക്യം ഉറപ്പിച്ചെങ്കിലും സച്ചിൻ പൈലറ്റ് നേതൃത്വത്തെ ഞെട്ടിച്ച് വീണ്ടും വെടിപൊട്ടിക്കുകയായിരുന്നു. അഴിമതിയിലും യുവാക്കളുടെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിലും യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് വ്യക്തമാക്കി സച്ചിൻ പൈലറ്റ് രംഗത്തെത്തി. ഈ രണ്ടു കാര്യങ്ങളിലും സംസ്ഥാന സർക്കാർ നടപടിയെടുക്കണെന്നും പൈലറ്റ് ആവശ്യപ്പെട്ടു.

അഴിമതിയിലും യുവാക്കളുടെ ഭാവിയിലും യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് വ്യക്തമാക്കിയ സച്ചിൻ പൈലറ്റ്, ജയ്പുരിൽ മെയ്‌ 15-ന് നടന്ന യോഗത്തിൽ യുവാക്കൾക്ക് നൽകിയ ഉറപ്പ് ഡൽഹിയിലെ ചർച്ചകളിൽ പാർട്ടി നേതാക്കളെ അറിയിച്ചുവെന്നും, ടോങ്കിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ അഴിമതികളിൽ അന്വേഷണം വേണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷന്റെ പ്രവർത്തനങ്ങളിൽ മാറ്റം വേണം. സർക്കാർ നടപടികൾക്കായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'പാർട്ടി അഴിമതിക്കെതിരാണെന്ന് രാഹുൽഗാന്ധി തന്നെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു ഒത്തുതീർപ്പിനുമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. യുവാക്കൾക്കെതിരായ നടപടികളേയും പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ഈ വിഷയങ്ങൾ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതിൽ യാതൊരു തെറ്റുമില്ല', സച്ചിൻ പൈലറ്റ് പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗയുടെ വസതിയിൽ നാലുമണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം അശോക് ഗഹലോത്തും സച്ചിൻ പൈലറ്റും ഒരുമിച്ച് വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുൻ ബിജെപി. സർക്കാരിന്റെ കാലത്തെ അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട് അശോക് ഗഹലോത്തിനെ നേരിട്ട് ലക്ഷ്യമിട്ട് സച്ചൻ പൈലറ്റ് രംഗത്തെത്തിയത് രാജസ്ഥാനിലെ കോൺഗ്രസിൽ അസാധാരണ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഏകദിന ഉപവാസം നടത്തിയ സച്ചിൻ പൈലറ്റ് ജൻ സംഘർഷ യാത്രയും നടത്തിയിരുന്നു. ഒരു ഘട്ടത്തിൽ സച്ചിൻ പാർട്ടി വിട്ടേക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.