ന്യൂഡൽഹി: ഡൽഹിയിൽ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ 9 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നിൽ ആംആദ്മി പ്രതിരോധം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ബിജെപി ഭയം. രാവിലെ 11.20നു സിബിഐ ഓഫിസിൽ ഹാജരായ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹം ഉയർന്നെങ്കിലും രാത്രി 8.40ന് വിട്ടയച്ചു. കേസിൽ പ്രതിചേർക്കപ്പെട്ട ആളുകളുമായുള്ള ബന്ധവും മറ്റു വിശദാംശങ്ങളും ഉദ്യോഗസ്ഥർ ചോദിച്ചെന്നാണു വിവരം.

സിസോദിയയെ അറസ്റ്റു ചെയ്യുമെന്ന് ആംആദ്മി പാർട്ടി ആരോപിച്ചിരുന്നു. ഡൽഹിയിൽ ഉടനീളം പ്രതിഷേധവും നടത്തി. ഇത് വലിയ രാഷ്ട്രീയ മുന്നേറ്റമായി മാറുകയും ചെയ്തു. സിബിഐ ചോദ്യം ചെയ്യലിനെ സിസോദിയയും തന്ത്രപരമായി നേരിട്ടു. വ്യക്തമായ തെളിവുകൾ സിബിഐയ്ക്ക് കിട്ടിയതുമില്ല. അഴിമതി നടന്നുവെന്ന് തെളിയിക്കാനുള്ള പണമിടപാടിനും രേഖകളില്ല. ഈ സാഹചര്യത്തിലാണ് സിസോദിയയെ വിട്ടയച്ചത്.

രാവിലെ മഥുര റോഡിലെ വസതിയിൽ നിന്ന് അമ്മയുടെ അനുഗ്രഹം സ്വീകരിച്ച്, പാർട്ടി പ്രവർത്തകർക്കൊപ്പം വാഹന റാലിയായി എഎപി ഓഫിസിലാണ് സിസോദിയ അദ്യം എത്തിയത്. രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലത്തും പ്രണാമം അർപ്പിച്ചു. തുടർന്നായിരുന്നു സിബിഐ ഓഫിസിലേക്കുള്ള യാത്ര. എഎപി വിട്ടില്ലെങ്കിൽ ജയിലിലടയ്ക്കുമെന്നു ഭീഷണിയുണ്ടെന്ന് ചോദ്യംചെയ്യലിനുശേഷം സിസോദിയ പറഞ്ഞു. പാർട്ടി വിട്ടാൽ മുഖ്യമന്ത്രി പദം വരെ വാഗ്ാദനം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതെല്ലാം ബിജെപിക്ക് എതിരെയുള്ള അതിശക്തമായ പ്രതികരണമായി. ഇതെല്ലാം അറസ്റ്റുണ്ടായാൽ തിരിച്ചടിയാകുമെന്ന് ബിജെപി കരുതി. ഇതുകൊണ്ടാണ് സിബിഐ അറസ്റ്റിൽ നിന്നും പിന്നോട്ട് പോയത്.

സിബിഐ ആസ്ഥാനത്തിനു പുറത്തു പ്രതിഷേധിച്ച എഎപി ദേശീയ വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ് ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ രണ്ടു തവണ സിസോദിയയെ ചോദ്യം ചെയ്തിരുന്നു. എഎപി കമ്യൂണിക്കേഷൻ വിഭാഗം മേധാവിയും മലയാളിയുമായ വിജയ് നായർ, ഹൈദരാബാദിൽ നിന്നുള്ള വ്യവസായി അഭിഷേക് ബോയിൻപള്ളി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിസോദിയയേയും അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹമെത്തിയത്.

ഇതിനിടെ, സർക്കാർ സ്‌കൂളുകളിലെ ക്ലാസ് മുറികൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ, സിസോദിയ നൽകിയ മാനനഷ്ടക്കേസിലെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവും എംപിയുമായ മനോജ് തിവാരി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. 2011-ൽ രാജ്യം മുഴുവൻ ശ്രദ്ധിച്ച അണ്ണാഹസാരെ സമരത്തിന്റെ മുൻ നിര പോരാളിയായിരുന്നു മനീഷ് സിസോദിയ. അഴിമതിക്കെതിരേ കത്തിപ്പടർന്ന, മന്മോഹൻ സർക്കാരിനെ താഴെയിറക്കുന്നതിന് പ്രധാനമായും കാരണമായ സമരത്തിന്റെ പ്രധാന നേതാവാണ് സിസോദിയ. അത്തരത്തിലൊരു നേതാവിനായണ് അഴിമതിയുടെ പേരിൽ ജയിലിലാക്കാൻ സിബിഐ നീക്കം സജീവമാക്കുന്നത്. ഇത് കെജ്രിവാളിനെ പൂട്ടാനുള്ള അവസാന വഴിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കെജ്രിവാളിന്റെ വലംകൈയാണ് സിസോദിയ.

2024-ൽ മഹസഖ്യമെന്നത് യഥാർഥ്യമാവുകയാണെങ്കിൽ അതിന് മുന്നിലുണ്ടാവുക ആം ആദ്മി പാർട്ടിയും കെജ്രിവാളും മമതയുമടക്കമുള്ളവരാണെന്ന് വ്യക്തമായ ബോധ്യമുണ്ട് ബിജെപി നേതൃത്വത്തിന്. ബിഹാറിലടക്കമള്ള രാഷ്ട്രീയ മാറ്റം ബിജെപിയെ ആശങ്കയിലാക്കിയിട്ടുമുണ്ട്. ഡൽഹിയിൽ മാത്രം ഒതുങ്ങിക്കൂടുമെന്ന് കരുതിയിരുന്ന ആം ആദ്മി പഞ്ചാബിലേക്കും അത് വഴി മറ്റ് സംസ്ഥാനങ്ങളിലേക്കും കടക്കുന്നു. ഇതാണ് ആംആദ്മി നേതാവിനെതിരായ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 2024-ലോക്‌സഭാ തിരഞ്ഞെടുപ്പ് കെജ്രിവാൾ-മോദി പോരാട്ടമായിരിക്കുമെന്നും മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്.

മദ്യ നയവുമായി ബന്ധപ്പെട്ടാണ് സിസോദിയ അടക്കമുള്ളവർക്കെതിരേ സിബിഐ എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. എന്നാൽ മദ്യ നയം സുതാര്യതയിലാണെന്നും മോദിയുടെ ലക്ഷ്യം ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കെജ്രിവാൾ സർക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വികസനത്തെ തടസ്സപ്പെടുത്തുകയാണെന്നും സിസോദിയ ആരോപിക്കുന്നു. കെജ്രിവാളിന്റെ നേട്ടത്തിൽ ബിജെപിക്ക് പേടിയുണ്ടെന്നും ദേശീയ ബദൽ എന്ന നിലയ്ക്ക് ആം ആദ്മിയെ ജനങ്ങൾ അംഗീകരിച്ച് കഴിഞ്ഞുവെന്നും സിസോദിയ അവകാശപ്പെട്ടു. മദ്യനയത്തിലെ അഴിമതിയല്ല, പകരം കെജ്രിവാളാണ് ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. ആദ്യം സത്യേന്ദർ ജെയിനിനെ ലക്ഷ്യമിട്ടു. ഇപ്പോ തന്നേയും. പക്ഷ ഇതിലൊന്നും തളരില്ലെന്നും സിസോദിയ വ്യക്തമാക്കി.

2021 നവംബർ മുതലാണ് പുതിയ മദ്യനയം ഡൽഹി സർക്കാർ നടപ്പാക്കി തുടങ്ങിയത്. അതുവരെ സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ട്ലറ്റുകളിലൂടെയായിരുന്നു രാജ്യതലസ്ഥാനത്ത് മദ്യവിൽപന. പുതുക്കിയ മദ്യനയ പ്രകാരം സർക്കാർ മദ്യവിൽപനയിൽനിന്നും പൂർണമായി പിന്മാറി. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്ലറ്റുകൾക്കാണ് ടെൻഡർ വിളിച്ച് അനുമതി നൽകിയത്. മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ആംആദ്മി സർക്കാർ വിശദീകരിച്ചെങ്കിലും കാര്യങ്ങൾ മറിച്ചാണ് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി.

പുതിയ സ്വകാര്യ ഔട്ട്ലറ്റുകളിലൂടെ മത്സരിച്ച് വിൽപന തുടങ്ങിയതോടെ മദ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികളുയർന്നു. മദ്യനയം നടപ്പാക്കിയ രീതിയിൽ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി. പിന്നാലെ വിഷയം പരിശോധിച്ച ചീഫ് സെക്രട്ടറി പുതിയ മദ്യനയം നടപ്പാക്കിയതിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. ലൈസൻസ് ഫീയിൽ നൽകിയ 144.36 കോടി രൂപയുടെ ഇളവ് അടക്കമുള്ള നടപടികൾ സർക്കാറിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും, ഗവർണറുടെ അനുമതിയില്ലാതെയാണ് നടപടികൾ സ്വീകരിച്ചതെന്നും ചീഫ് സെക്രട്ടറി ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇതോടൊപ്പം പുതുതായി ചുമതലയേറ്റ ഡൽഹി ലഫ് ഗവർണർ വൈഭവ് സക്സേനയ്ക്കും ഇത് സംബന്ധിച്ച് ചില പരാതികൾ ലഭിച്ചു. ഗവർണർ പരാതിയിൽ സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകി. പിന്നാലെ അപകടം മണത്ത ആം ആദ്മി സർക്കാർ ജൂലൈ 30 ന് മദ്യനയത്തിൽനിന്നും പിന്മാറി. ഓഗസ്റ്റ് മുതൽ പഴയ മദ്യനയം തന്നെ നടപ്പാക്കുമെന്നും സർക്കാർ ഔട്ട്ലറ്റുകളിലൂടെ മാത്രം മദ്യവിൽപന നടത്തുമെന്നും മനീഷ് സിസോദിയ പ്രഖ്യാപിച്ചു. എങ്കിലും സിബിഐ അപ്പോഴേക്കും അന്വേഷണം തുടങ്ങിയിരുന്നു.