ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ പങ്കെടുക്കില്ല. കോൺഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയിൽ തഴഞ്ഞതിന് പിന്നാലെയാണ് തരൂരിന്റെ നീക്കം. കോൺഗ്രസിന്റെ ഗുജറാത്തിലെ വിദ്യാർത്ഥി സംഘടനയാണ് തരൂരിനെ ക്ഷണിച്ചത്. താൻ പ്രചാരണത്തിന് വരുന്നില്ലെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചുവെന്നാണ് സൂചന.

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 'ഔദ്യോഗിക' പക്ഷ സ്ഥാനാർത്ഥിയായിരുന്ന മല്ലികാർജുൻ ഖാർഗെയോട് മത്സരിച്ച തരൂരിനെ ഒതുക്കുകയാണെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് താര പ്രചാരകരുടെ പട്ടികയിൽ നിന്നുള്ള തിരുവനന്തപുരം എംപിയുടെ ഒഴിവാക്കൽ. കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തല പോലും താരപ്രചാരകരുടെ പട്ടികയിലുണ്ട്. ഈ സാഹചര്യത്തിലാണ് തരൂർ പരിപാടിക്ക് എത്താത്തത്.

ഡിസംബർ ഒന്ന്, അഞ്ച് തിയതികളിലായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ 40 താര പ്രചാരകരുടെ പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പാർട്ടിയുടെ പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കനയ്യ കുമാർ, രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ്, അശോക് ഗഹ്ലോത് തുടങ്ങിയവർ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നിട്ടും തരൂരിനെ പോലൊരു ആഗോള വ്യക്തിത്വത്തെ മാറ്റി നിർത്തി. ഈ സാഹചര്യത്തിലാണ് ഗുജാറാത്തിലേക്ക് ചെന്നിത്തല താൽപ്പര്യം കാട്ടാത്തത്.

ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുൽ ഗുജറാത്തിൽ ഇതുവരെ പ്രചാരണത്തിനെത്തിയിട്ടില്ല. നവംബർ 12-ന് വോട്ടെടുപ്പ് നടന്ന ഹിമാചലിലും അദ്ദേഹം പ്രചാരണം നടത്തിയിരുന്നില്ല. ഹിമാചലിൽ പ്രിയങ്കാ ഗാന്ധിയായിരുന്നു താര പ്രചാരക.