മധുര: പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാതിരുന്ന നടപടി ഏറെ വിവാദങ്ങൾക്ക് വഴിവെക്കുന്നു. രാജ്യസഭയുടെ പാർലമെന്റിന്റെയു സംയുക്ത സഭയെ അഭിസംബോധന ചെയ്യാൻ കഴിയുന്ന വ്യക്താണ് രാഷ്ട്രപതി എന്നിട്ടു കൂടി അവരെ ക്ഷണിക്കാതിരുന്നതാണ് വിവാദത്തിന് ഇടയാക്കുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടി ഉദയനിധി സ്റ്റാലിൻ വിമർശനവുമായി രംഗത്തുവന്നു.

'800 കോടി ചെലവഴിച്ച് നിർമ്മിച്ച ചരിത്രപരമായ പാർലമെന്റ് മന്ദിരം. ചില ഹിന്ദിനടിമാരെ പുതിയ മന്ദിരത്തിലേക്ക് കൊണ്ടുപോയി. പക്ഷേ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. ഇന്ത്യയുടെ പ്രഥമ പൗരയായിട്ട് കൂടി രാഷ്ട്പതി ദ്രൗപദി മുർമുവിനെ ക്ഷണിച്ചില്ല. കാരണം ദ്രൗപദി മുർമു ഗോത്ര വിഭാഗത്തിൽ നിന്നുള്ളയാളാണ്. വിധവയാണ്. ഇതിനെയാണ് സനാതന ധർമ്മം എന്ന് വിളിക്കുന്നത്'-ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

പ്രസംഗത്തിന്റെ വീഡിയോ ദൃശ്യമടക്കം പുറത്തുവന്നിട്ടുണ്ട്. ഡിഎംകെയുടെ യുവജനവിഭാഗം മധുരയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയനിധിയുടെ പരാമർശം. സനാതന ധർമം ഡെങ്കിയും മലേറിയയുംപോലെ നിർമ്മാർജനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധിയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ പാർലമെന്റ് മന്ദിരവുമായി ബന്ധപ്പെടുത്തിയുള്ള ഉദയനിധിയുടെ പുതിയ പരാമർശം. സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാതെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ അടക്കം ജാഗ്രത പാലിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡിഎംകെ നേതാക്കൾക്കും പിന്നീട് വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു. പിന്നാലെയാണ് വീണ്ടും സമാനമായ പരാമർശം.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്തകാര്യം ചൂണ്ടിക്കാട്ടി ഉദയനിധി നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു. വനിതാ സംവരണ ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കവെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും പുതിയ പാർലമെന്റ് മന്ദിരത്തിൽ രാഷ്ട്രപതിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയിരുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങിൽ രാഷ്ട്രപതിയുടെയും സാന്നിധ്യം ഉണ്ടാകേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വളരെ മനോഹരമായ കെട്ടിടമാണിത്. എന്നാൽ ഇവിടേക്ക് മാറുന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ സാന്നിധ്യവും ഉണ്ടാകേണ്ടതായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി ഒരു വനിതയാണ്. ഗോത്രവർഗ വിഭാഗത്തെയാണ് അവർ പ്രതിനിധീകരിക്കുന്നത്. അവരുടെ സാന്നിധ്യം ഉണ്ടാകേണ്ടതായിരുന്നുവെന്ന് രാഹുൽ പറഞ്ഞിരുന്നു.

ഹിന്ദി സിനിമാ താരങ്ങളടക്കം പുതിയ പാർലമെന്റ് മന്ദിരം സന്ദർശിച്ചകാര്യം ചൂണ്ടിക്കാട്ടിയാണ് ഉദയനിധി സ്റ്റാലിൻ വീണ്ടും വിമർശനം ഉന്നയിച്ചിട്ടുള്ളത്.