വിജയവാഡ: നിർജ്ജീവമായ കോൺഗ്രസിന് പുത്തൻ ഉണർവ്വു നൽകി ആന്ധ്രാപ്രദേശിൽ വൈ എസ് ശർമിള തുടങ്ങി. ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷയായതിന് ശേഷം സഹോദരൻ ജഗൻ മോഹനെതിരെ നേരിട്ടു അങ്കത്തിന് ഇറങ്ങിയിരിക്കയാണ് ശർമിള. വിജയവാഡയിൽ ചലോ സെക്രട്ടേറിയറ്റ് എന്ന പേരിൽ പ്രതിഷേധ സമരം പ്രഖ്യാപിച്ചു കൊണ്ടാണ് ജഗന്റെ സഹോദരി രംഗം കൊഴുപ്പിക്കുന്നത്. ഇതോടെ കോൺഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി കൊണ്ടാണ് ജഗൻ ഇതിനെ നേരിട്ടത്. എന്നാൽ, അതേനാണയത്തിൽ പ്രതിരോധിച്ചു കൊണ്ടാണ് ശർമ്മിളയുടം തിരിച്ചടിച്ചത്.

തന്നെ വീട്ടുതടങ്കലിലാക്കാൻ ശ്രമം തുടങ്ങഇയതോടെ അത് ഒഴിവാക്കാൻ ശർമിള കോൺഗ്രസ് ഓഫീസിൽ കിടന്നുറങ്ങി. വൈ എസ് ശർമിള റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് കസ്റ്റഡിയിലെടുത്തത്. വിജയവാഡയിൽ ചലോ സെക്രട്ടേറിയറ്റ് എന്ന പേരിൽ പ്രതിഷേധ സമരം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പല മുതിർന്ന കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയോ വീട്ടുതടങ്കലിൽ ആക്കുകയോ ചെയ്‌തെന്ന് നേരത്തെ ശർമിള ആരോപിച്ചിരുന്നു. അറസ്റ്റും വീട്ട് തടങ്കലുമൊഴിവാക്കാൻ കഴിഞ്ഞ ദിവസം വൈ എസ് ശർമിള പാർട്ടി ഓഫീസിലാണ് കിടന്നുറങ്ങിയത്.

തൊഴിലില്ലായ്മയും വിദ്യാർത്ഥികളും യുവാക്കളും നേരിടുന്ന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പാർട്ടി സെക്രട്ടേറിയറ്റ് മാർച്ച്. ആന്ധ്ര മുഖ്യമന്ത്രിയും സഹോദരനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ശർമിളയുടെ സമരം വലിയ ചർച്ചയായിരുന്നു.വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ജഗന്മോഹൻ റെഡ്ഡി പരാജയപ്പെട്ടെന്ന് ശർമിള പറഞ്ഞിരുന്നു. സംസ്ഥാനത്തെ തൊഴിലില്ലായ്മയെക്കുറിച്ച് മിണ്ടാൻ പാടില്ലേയെന്ന് ശർമിള ചോദിച്ചു. അഞ്ച് വർഷമായിട്ടും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ജഗന്മോഹൻ റെഡ്ഡി പരാജയപ്പെട്ടെന്ന് ശർമിള പറഞ്ഞു,

'തൊഴിലില്ലാത്തവർക്ക് വേണ്ടി ഞങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്താൽ ഞങ്ങളെ വീട്ടുതടങ്കലിലാക്കുമോ? ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ? വീട്ടുതടങ്കൽ ഒഴിവാക്കാൻ സ്ത്രീയായ എനിക്ക് പാർട്ടി ഓഫീസിൽ രാത്രി ചെലവഴിക്കേണ്ടിവരുന്നത് ലജ്ജാകരമല്ലേ? ആയിരക്കണക്കിന് പൊലീസുകാരെ ഞങ്ങൾക്ക് ചുറ്റും നിർത്തി. ഇരുമ്പ് വേലി കെട്ടി ഞങ്ങളെ ബന്ദികളാക്കി. ഞങ്ങൾ തൊഴിൽ രഹിതരുടെ പക്ഷത്ത് നിൽക്കുമ്പോൾ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നു. ഞങ്ങളെ തടയാൻ ശ്രമിക്കുന്ന ഏകാധിപതികളാണ് നിങ്ങൾ. വൈസിപി സർക്കാർ തൊഴിൽരഹിതരോട് മാപ്പ് പറയണം'- ശർമിള പറഞ്ഞു.

ജഗന്റെ ധാർഷ്ട്യത്തിനെതിരെയും ജനാധിപത്യത്തിന് വേണ്ടിയും നിലകൊള്ളുന്നുവെന്ന് മണിക്കം ടാഗോർ എംപി പ്രതികരിച്ചു. ജനാധിപത്യ അവകാശങ്ങൾ അടിച്ചമർത്താനുള്ള പൊലീസ് നീക്കത്തെ അപലപിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് എംപി വ്യക്തമാക്കി.

വൈ.എസ്.ആർ തെലങ്കാനാ പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷമായിരുന്ന ശർമ്മിള അടുത്തിടെയാണ് കോൺഗ്രസിലേക്ക് തിരികെ എത്തിയത്. തെലങ്കാനയിൽ ബി.ആർ.എസ് ആധിപത്യം അവസാനിപ്പിച്ച് കോൺഗ്രസ് വൻ വിജയം നേടിയതിന് പിറകെയാണ് ശർമിളയെ ചുമതല ഏൽപ്പിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശർമിളക്ക് കോൺഗ്രസ് സ്ഥാനം നൽകിയേക്കും. ജഗനെ നേരിടൻ സഹോദരിക്ക് തന്നെ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.