തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ വെട്ടിച്ചുരുക്കും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. നടപ്പ് പദ്ധതികള്‍ക്ക് ഇനിമുതല്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കും

2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ആവശ്യമായ ക്രമീകരണം വരുത്താന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ധനകാര്യം, റവന്യൂ, വ്യവസായം-നിയമം, ജലവിഭവം, ഊര്‍ജ്ജം, വനം, തദ്ദേശസ്വയംഭരണം-എക്‌സൈസ് വകുപ്പ് മന്ത്രിമാരാണ് അംഗങ്ങള്‍.

നടപ്പ് പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതി നല്‍കുന്നതിനു മുമ്പ് പദ്ധതിയുടെ അനിവാര്യത പരിശോധിക്കും. ഇങ്ങനെ പരിശോധിച്ച് ശുപാര്‍ശ നല്‍കാന്‍ ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് സെക്രട്ടറി, ആസൂത്രണവ കുപ്പ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ കമ്മിറ്റി രൂപീകരിക്കും.

വരുമാനം കൂട്ടാനുള്ള വഴി

വരുമാന വര്‍ദ്ധനവിനുള്ള ഫീസുകളുടെ പരിഷ്‌ക്കരണത്തിനും നികുതിയേതര റവന്യൂ വര്‍ദ്ധനവിനും ഉള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തിലുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് നിരക്ക് വര്‍ദ്ധനവ് വരുത്തില്ല. വിദ്യാര്‍ത്ഥികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമാകില്ല.

വകുപ്പുകളുടെ ഏകോപനത്തിന് ഉപസമിതി

വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നതിനും ഏകോപനങ്ങള്‍ക്കുമായി ധനകാര്യമന്ത്രി, റവന്യൂവകുപ്പുമന്ത്രി, നിയമ വകുപ്പുമന്ത്രി എന്നിവരുള്‍പ്പെടുന്ന ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. ഏത് വകുപ്പിന്റെ വിഷയമാണോ പരിഗണനയ്ക്ക് എടുക്കുന്നത്, ആ വകുപ്പ് മന്ത്രിയെ യോഗത്തിലേക്ക് പ്രത്യേകക്ഷണിതാവായി ഉള്‍പ്പെടുത്തും. ചീഫ് സെക്രട്ടറിയായിരിക്കും കമ്മിറ്റി സെക്രട്ടറി. കമ്മിറ്റി യോഗം ചേര്‍ന്ന് ശുപാര്‍ശകള്‍ നല്‍കും. ഉപസമിതി ശുപാര്‍ശകള്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപ്പാക്കുക.

പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍

2024-25 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള മുഖ്യ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കും.

ഹ്യുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും, കോമേഴ്‌സ് കോമ്പിനേഷനില്‍ 61 ബാച്ചുകളും കൂടി ആകെ 120 താല്‍ക്കാലിക ബച്ചുകള്‍ മലപ്പുറം ജില്ലയില്‍ അനുവദിക്കും. കാസര്‍കോട് ഒരു സയന്‍സ് കോമ്പിനേഷനും നാല് ഹ്യുമാനിറ്റീസ് ബാച്ചുകളും, 13 കൊമേഴ്‌സ് കോമ്പിനേഷനുകളും ഉള്‍പ്പെടെ ആകെ 18 താല്‍ക്കാലിക ബച്ചുകള്‍ അനുവദിക്കും.

മറ്റുതീരുമാനങ്ങള്‍

ശമ്പളപരിഷ്‌ക്കരണം

ഓയില്‍ഫാം ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ 1.07.2019 പ്രാബല്യത്തില്‍ അനുവദിച്ചു നല്‍കും.

മില്‍മ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും.

പിണറായിയില്‍ പോളിടെക്‌നിക്ക്

ധര്‍മ്മടം മണ്ഡലത്തിലെ പിണറായി എഡ്യൂക്കേഷന്‍ ഹബ്ബില്‍ Artifical Intelligence & Machine Learning (Computer Science), Embedded System (Electronics), Automobile Engineering (Mechanical), Construction Technology (Civil) എന്നീ കോഴ്‌സുകളോടുകൂടി സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജ് ആരംഭിക്കും.

പ്രിന്‍സിപ്പല്‍ - ഒന്ന്, വകുപ്പ് മേധാവി - നാല്, അസിസ്റ്റന്റ് പ്രൊഫസര്‍ - നാല്, വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് - ഒന്ന്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ എഞ്ചിനിയറിങ്ങ് - നാല്, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍ - ഒന്ന്, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ - ഒന്ന്, സീനിയര്‍ സൂപ്രണ്ട് - ഒന്ന്, ഹെഡ് അകൗണ്ടന്റ് - ഒന്ന്, ക്ലര്‍ക്ക് - മൂന്ന്, അറ്റന്റര്‍ ?ഗ്രേഡ് ടു - രണ്ട്, ലൈബ്രേറിയന്‍ - ഒന്ന്, ഓഫീസ് അറ്റന്റന്റ് - രണ്ട്, വാച്ച്മാന്‍ രണ്ട്, കാഷ്വല്‍ സ്വീപ്പര്‍ രണ്ട് എന്നിങ്ങനെ തസ്തികകളും സൃഷ്ടിക്കും.

സൗജന്യ നിരക്കില്‍ ഭൂമി

പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍ സൗജന്യ നിരക്കില്‍ ഭൂമി അനുവദിക്കും.

ടെണ്ടര്‍ അംഗീകരിച്ചു

ആലപ്പുഴ നെടുമുടി - കരുവാറ്റ റോഡിലെ മുതലക്കുറിശ്ശിക്കല്‍ പാലത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ക്ഷണിച്ച ടെണ്ടര്‍ അംഗീകരിച്ചു.

ചട്ടങ്ങളില്‍ ഇളവ്

കൊല്ലം ചെങ്കോട്ട (ദേശീയപാത 744) എറണാകുളം ബൈപ്പാസ് ( ദേശീയപാത 544) എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ വസ്തുക്കളായ കരിങ്കല്‍ ഉല്‍പനങ്ങള്‍, മണ്ണ് എന്നിവയുടെ ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട റോയല്‍റ്റി ഒഴിവാക്കാന്‍ തീരുമാനിച്ചു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി 2015ലെ കെഎംഎംസി ചട്ടങ്ങളില്‍ ഇളവു വരുത്തി നിബന്ധനകള്‍ക്ക് വിധേയമായാണ് ഒഴിവാക്കുക.