കോഴിക്കോട്: ആര്യാടൻ ഷൗക്കത്തിനെതിരായ കടുത്ത അച്ചടക്ക നടപടി ഉണ്ടാകില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്കസമിതി സമർപ്പിച്ച റിപ്പോർട്ടിൽ കടുത്ത നടപടിക്ക് ശുപാർശയില്ല. എന്നാൽ ഷൗക്കത്തിനെതിരെ കെപിസിസി നടപടി എടുത്തില്ലെങ്കിൽ, മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കും. അതിനിടെ അനുനയ നീക്കവും സജീവമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി എടുക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് കോൺഗ്രസിനുള്ളിലെ പൊതു വികാരം.

ആര്യാടൻ ഷൗക്കത്തിന്റേത് സമാന്തര സംഘടനാ പ്രവർത്തനമാണെന്നും പാർട്ടി വിരുദ്ധമെന്നും പ്രഖ്യാപിച്ച കെപിസിസി ഒടുവിൽ നിലപാടിൽ നിന്ന് പിന്നാക്കം പോകും. കടുത്ത അച്ചടക്ക നടപടികളൊന്നും വേണ്ടതില്ലെന്നാണ് നേതൃനിരയിലെ അഭിപ്രായം. വിശദമായ വാദം കേട്ട അച്ചടക്ക സമിതി കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലും കടുത്ത നടപടികളൊന്നും ശുപാർശ ചെയ്യുന്നില്ല. കോൺഗ്രസ് ഹൈക്കമാണ്ടിനും ഇതേ നിലപാടാണുള്ളത്. മലപ്പുറത്തെ നേതൃത്വത്തെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേരിട്ട് ഇടപെട്ട് അനുനയിപ്പിക്കും. അതിനാണ് തീരുമാനം.

സീൽ ചെയ്ത് സമർപ്പിച്ച റിപ്പോർട്ട് അടുത്തയാഴ്ചയെ കെപിസിസി പ്രസിഡന്റ് തുറക്കുക പോലുമുള്ളൂ. 23 നുള്ള ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് ശേഷമാകും ഇത്. ഈ പരിപാടിക്ക് കെസി വേണുഗോപാലും എത്തു. ചറിയ തരത്തിലുള്ള നടപടി ഉണ്ടായാൽ പോലും കോഴിക്കോട് നടക്കുന്ന റാലിയെ ബാധിക്കുമെന്ന ഭയമാണ് പാർട്ടിക്കുള്ളത്. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പേരിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വോട്ടുകളിൽ തിരിച്ചടിയുണ്ടാകുമെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം. സിപിഎമ്മിന്റെ റാലിയിൽ ഷൗക്കത്ത് പങ്കെടുത്തില്ല. ഇതും അച്ചടക്ക നടപടി ലഘുവാകാൻ കാരണമായി.

സമാന്തര സംഘടനാ പ്രവർത്തനം നടത്തിയശേഷം ഫലസ്തീൻ വിഷയത്തെ കൂട്ടിപിടിച്ച് കെപിസിസിയെ തന്നെ പ്രതിസന്ധിയിലാക്കാനാണ് ഷൗക്കത്ത് ശ്രമിക്കുന്നതെന്ന് മലപ്പുറത്തെ മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ തുടർച്ചയായി നടത്തുന്ന സമാന്തര സംഘടനാപ്രവർത്തനം അവസാനിപ്പിക്കാൻ കെപിസിസി നടപടി എടുത്തില്ലെങ്കിൽ പ്രശ്‌നം ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് വി എസ് ജോയി പക്ഷം നൽകുന്നത്. മലപ്പുറത്തെ എ ഗ്രൂപ്പിനെ നയിക്കുന്നത് ഷൗക്കത്താണ്. ഇതെല്ലാം പരിഗണിച്ചാണ് ചെറിയ നടപടി.

കെപിസിസി. വിലക്കിനെ മറികടന്ന് ഫലസ്തീൻ ഐക്യദാർഢ്യറാലിയുമായി ആര്യാടൻ ഫൗണ്ടേഷൻ രംഗത്തു വന്നത്. കനത്ത മഴയേയും മറികടന്നാണ് വലിയ തോതിൽ പ്രവർത്തകരെ അണിനിരത്തി കെപിസിസി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നൽകി. പാർട്ടി നിർദ്ദേശം ലംഘിച്ച് റാലി നടത്തിയാൽ കർശനനടപടിയുണ്ടാവുമെന്ന് ആര്യാടൻ ഷൗക്കത്തിന് കെപിസിസി. മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചായിരുന്നു നീക്കം. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി ആലോചിച്ചത്.

നേരത്തെ, ഡി.സി.സി. ഫലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയിരുന്നു. അര്യാടൻ ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾ ഡി.സി.സിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു.