തിരുവനന്തപുരം: പി. ജയരാജൻ ഉയർത്തിക്കൊണ്ടു വരുന്ന സി പി എമ്മിലെ അഴിമതി വിരുദ്ധ പ്രചരണത്തിന് ഒരു ആത്മാർത്ഥതയുമില്ലെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. ഭരണ രംഗത്തെ അഴിമതിപ്പണം കൊണ്ടും ചങ്ങാത്ത മുതലാളിത്തം കൊണ്ടുമാണ് സി പി എമ്മും ആ പാർട്ടിയിലെ നേതാക്കളും അനധികൃത സ്വത്ത് സമ്പാദനങ്ങൾ നടത്തിയത്. കമ്യൂണിസ്റ്റ്കാർ പറയുന്ന അഴിമതി വിരുദ്ധതയിലൊന്നും യാതൊരു ആത്മാർത്ഥതയുമില്ല. ഇതിനിടെ ചർച്ചയാകുന്നത് ഒളിക്യാമറകൾ പറയാത്തത് എന്ന ബർലിൻ കുഞ്ഞനന്തൻ നായർ പുസ്തകമാണ്. ഇതിനൊപ്പം മറ്റ് പലതും സിപിഎമ്മിൽ ചർച്ചയാണ്. മണിച്ചൻ കേസും ജ്യോതിബസുവുമെല്ലാം ചർച്ചകളിലേക്ക് വരുന്നു.

ബംഗാളിൽ ദീർഘ കാലം മുഖ്യമന്ത്രി യായിരുന്ന ജ്യോതി ബസുവിന്റെ മകൻ എൺപതുകളിൽ പിതാവിന്റെ സ്വാധീനമുപയോഗിച്ച് ബിസ്‌കറ്റ് ഫാക്ടറിയും റിയൽ എസ്റ്റേറ്റ് കമ്പനികളും കെട്ടിപ്പൊക്കിയ കഥകൾ പുറത്തു വന്നപ്പോൾ അതിനെ ന്യായീകരിച്ച് നടന്നവരാണ് കേരളത്തിലെയും ബംഗാളിലേയും സി പി എം നേതാക്കൾ. സിഐടിയുവിന്റെ നിരന്തര സമരങ്ങൾ കൊണ്ട് വ്യവസായങ്ങൾ ബംഗാളിൽ പൂട്ടിപ്പോവുന്ന കാലത്താണ് ചന്ദൻ ബാസുവിന്റെ ബിസിനസ് തഴച്ച് വളർന്നത്. 40 കൊല്ലം മുമ്പ് വൻകിട ക്ലബ് കളിലും , ആഡംബര ഹോട്ടലുകളിലും അടിച്ചു പൊളിച്ച് ജീവിക്കുന്ന ചന്ദൻ ബാസുവിനെക്കുറിച്ച് വന്ന നിറം പിടിച്ച കഥകൾക്ക് സമാനമാണ് ഇപ്പോൾ കേരള സിപിഎം നേതാക്കളുടെ മക്കളെക്കുറിച്ചുള്ള കഥകൾ വരുന്നത്. ഇതിലൊന്നും ഒരു പുതുമയുമില്ല .

ഇ കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന 1996- 2001 കാലത്താണ് കേരളത്തിൽ വ്യാജ മദ്യ- സ്പിരിറ്റ് ലോബി പാർട്ടിയുടെ തണലിൽ ശക്തി പ്രാപിച്ചത്.അന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ വരെ മദ്യ രാജാവ് മണിച്ചന്റെ പക്കൽ നിന്ന് സൗകര്യങ്ങളും പണവും പറ്റിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ മണിച്ചന്റെ ബെൻസ് കാർ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മണിച്ചന്റെ മാസപ്പടി ഡയറിയിൽ വന്ന പേരുകാരെല്ലാം സിപിഎം നേതാക്കളായിരുന്നു. മണിച്ചനും കൂട്ടരും ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് മാരായ സിർപുർക്കർ, സിറിയക്ക് ജോസഫ് എന്നിവർ 2011 ഏപ്രിൽ നാലിന് പുറപ്പെടുവിച്ച വിധി നായനാർ സർക്കാരിനെ തിരായുള്ള കുറ്റപത്രമായിരുന്നു. ' മണിച്ചനെപ്പോലുള്ള ഒരാൾക്ക് വ്യാജ മദ്യത്തിന്റെ ഒരു സാമ്രാജ്യം കെട്ടിപ്പെടുക്കാൻ സാധിച്ചത് അന്നത്തെ ഭരണ രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പൊലീസും ചേർർന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ പിൻബലം കൊണ്ടാണ് '

Here was a perosn who was unabashedly running his empire of spurious liquor trade and for that purpose had purchased politicians including the public representatives, police officers and other officers belonging to the Excise Department. The trade was going unabated. ( Chandran @ Manichan @ Maniyan vs State Of Kerala on 4 April, 2011)

സുപ്രീം കോടതിയുടെ രൂക്ഷമായ ഈ പരാമർശത്തെക്കുറിച്ച് പാർട്ടിയിൽ എന്തു ചർച്ചയാണ് നടന്നത്. അന്ന് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം സത്യനേശൻ മണിച്ചന്റെ കയ്യിൽ നിന്നം 45 ലക്ഷം മേടിച്ച് ഗൾഫിൽ ജയിലിലായിരുന്ന മരുമകനെ പുറത്തിറക്കിയതിന്റെ പേരിൽ അയാളെ പുറത്താക്കി. ഇതേ കാലഘട്ടത്തിലാണ് പാർട്ടി തിരുവനന്തപുരത്ത് ഫ്‌ളാറ്റ് സമുച്ചയവും എകെജി സെന്ററിൽ എയർ കണ്ടീഷൻഡ് ഹാളും പണിതത്. അഴിമതി പണമുപയോഗിച്ച് പാർട്ടി സംസ്ഥാന വ്യാപകമായി കാലാകാലങ്ങളിൽ കെട്ടിപ്പൊക്കിയ സൗധങ്ങളെല്ലാം മണിച്ചമ്മാരിൽ നിന്ന് മേടിച്ച പണം കൊണ്ട് ആണെന്നാണ് ആക്ഷേപം. കേരളത്തിലെ പാർട്ടി നവ സമ്പന്നന്മാർക്ക് അടിപ്പെടുന്നത് കൈരളി ചാനലിന്റെ മൂലധന സ്വരുപ ണത്തോടെയാണ്. പുത്തൻ മുതലാളിമാരുമായി ചങ്ങാത്തം കൂടിയാലുണ്ടാവുന്ന സൗകര്യങ്ങളും നേട്ടങ്ങളും ചില നേതാക്കൾക്ക് നേരിട്ടു ബോധ്യമായത് ഈ ഘട്ടത്തിലാണെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ തന്റെ ആത്മകഥയിൽ എഴുതിയത് പി. ജയരാജൻ അറിയാതിരിക്കയായിരുന്നോ? തെറ്റു തിരുത്തൽ എന്നൊക്കെ പറയുന്നത് വെറും ബഡായി മാത്രമല്ലേ?

ടി പി വധക്കേസിലെ പ്രതികളും പാർട്ടിയുടെ കൊലയാളി സംഘാംഗങ്ങളുമായ കൊടി സുനിക്കും കൂട്ടർക്കും പാർട്ടി ഏർപ്പെടുത്തിയത് കേരളത്തിലെ ഏറ്റവും വിലയേറിയ അഭിഭാഷകരെയാണ് - ഇത്തരം ക്വട്ടേഷൻ സംഘാംഗങ്ങളെ രക്ഷിക്കാൻ ലക്ഷങ്ങൾ മുടക്കിയത് പി ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് . എവിടുന്നാണ് ഇതിനൊക്കെ പണം? പി ജയരാജന് ഇത്തരം സാമ്പത്തിക സ്രോതസുകളെക്കുറിച്ചൊന്നും അറിവില്ലായിരുന്നോ?
സി പി എമ്മിലെ ഇപ്പോഴത്തെ കോലാഹലം കണ്ടാൽ ഇ. പി.ജയരാജൻ ഒഴികെയുള്ള മുൻ നിര നേതാക്കളെല്ലാം വിശുദ്ധരാണെന്നു തോന്നും. എല്ലാവരും അഴിമതി വിരുദ്ധരും കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ മുറുകെ പിടിക്കുന്നവരും സദാചാരത്തിനും മൂല്യങ്ങൾക്കും വലിയ വില കല്പിക്കുന്നവരും മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാത്തവരും ആണെന്ന് കരുതേണ്ടി വരും.

പി ജയരാജന്റെ ഈ നീക്കം ദുർബലനാകുന്ന വനെ തെരഞ്ഞുപിടിച്ചു ചവിട്ടി താഴ്‌ത്തുന്ന തന്ത്രം മാത്രമാണ്. പാർട്ടിയിൽ ഒതുക്കപ്പെട്ടവന്റെ തിരിച്ചു വരവിനോ കണക്ക് തീർക്കലിനോ ഒക്കെയുള്ള ഒരു നീക്കം. ഇ പി ഇപ്പോൾ പാർട്ടി നേതൃത്വത്തിന് അനഭിമതൻ ആയതുകൊണ്ട് മാത്രമാണ് പി ജയരാജൻ ഈ നീക്കത്തിനു തുനിയുന്നത്. പാർട്ടി നേതൃത്വം അത് ഏറ്റെടുക്കുമെന്നും പി ജെയ്ക്കു അറിയാം. ഒരുപക്ഷെ, ഇക്കാര്യത്തിൽ ഒരു ഗുഡാലോചനയും കണ്ടേക്കാം. പി ജയരാജൻ ഇത്ര സത്യസന്ധനും മൂല്യബോധവും പാർട്ടിയുടെ ആദർശങ്ങളോട് കൂറും ഒക്കെ ഉള്ള ആളാണെങ്കിൽ എന്തുകൊണ്ട് പാർട്ടിയിലെ അഴിമതിക്കാരായ മറ്റു നേതാക്കൾക്കും മക്കൾക്കൂ മെതിരെ ഇതു വരെ രംഗത്തു വന്നില്ല.പാർട്ടി പ്രവർത്തനം ഒന്നുകൊണ്ടു മാത്രം അനധികൃതമായി സ്വത്തു വാരിക്കൂട്ടുകയും വൻകിട സംരംഭങ്ങൾ തുടങ്ങുകയും സ്പിരിറ്റ്, മയക്കു മരുന്ന്, മണൽ, വനം - മാഫിയകൾക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന നൂറു കണക്കിന് നേതാക്കൾ പാർട്ടിയിൽ ഉണ്ട്. കോടിയേരിയുടെ മക്കളുടെ അനധികൃത സ്വത്ത് സമ്പാദ്യങ്ങളെക്കുറിച്ച് നൂറ് നൂറ് കഥകളാണ് പൊതുമണ്ഡലത്തിലുള്ളത്.

മയക്കുമരുന്ന് കച്ചവടക്കാരന് കള്ളപ്പണം നൽകിയതിന്റെ പേരിലല്ലേ ബിനീഷ് കോടിയേരി ബാംഗലൂരിൽ ജയിലിൽ കിടന്നത്. പാർട്ടി സെക്രട്ടറിയുടെ മകന് എവിടുന്നാണ് ഇതിന് മാത്രം പണമെന്ന് ജയരാജൻ അന്വേഷിച്ചിരുന്നോ? കോടിയേരിയുടെ മൂത്ത മകൻ ബിനോയ് കോടിയേരി, ബീഹാറി യുവതിയിലുണ്ടായ അവിഹിത സന്തതിയുടെ ചെലവിനായി ബോംബെ കോടതി മുഖാന്തിരം 80 ലക്ഷം രൂപ കൊടുത്തത് ഏത് മാർഗത്തിലൂടെ സമ്പാദിച്ച പണമാണെന്ന് പി. ജയരാജൻ അന്വേഷിച്ചിട്ടുണ്ടോ?

എത്രയോ കാലമായി ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നു. ഇത്തരക്കാരിൽ എത്ര പേർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്. നേതൃത്വത്തിന്റെ പ്രീതി നഷ്ടമാകുന്നവർക്കെതിരെ അപൂർവമായി നടപടി വന്നിട്ടുണ്ടാകാം. സ്വത്തു വാരിക്കൂട്ടുന്നവരും മാഫിയകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരും സ്വപ്ന സംഭവം ഉൾപ്പെടെയുള്ള സ്ത്രീ വിഷയത്തിൽ ആറാടുന്നവരും ഒരു പോറൽ പോലും ഏൽക്കാതെ പാർട്ടിയിൽ തുടരുന്നുണ്ട്. ആദർശ വീരന്മാരായ ജയരാജന്മാർക്ക് ഇതൊന്നും അറിയില്ലേ. ?ഈ പിയുടെ അനധികൃത സ്വത്തു സമ്പാദ്യം കണ്ടെത്തിയ ജയരാജന് പിണറായിയുടെയും കോടിയേരിയുടെയും സ്വത്തു സമ്പാദനത്തെപ്പറ്റി തിരിച്ചറിവില്ലാതെ വരുന്നത് എന്ത് മറിമായം ആണെന്ന് അറിയില്ല. ഇവർ രണ്ട് പേരും വളരെ സാധാരണ സാമ്പത്തിക ചുറ്റുപാടിൽ നിന്ന് രാഷ്ട്രീയത്തിലേക്കു വന്നവരാണ്. ഇവരുടെ ഇന്നത്തെ കുടുംബ സ്ഥിതി കോടികളുടെ ആസ്തിയുടെ പിൻബലമുള്ളതാണ്. ഇ പിയ്‌ക്കെതിരെ നീങ്ങുന്ന പി ജയരാജൻ, ചങ്കൂറ്റമുണ്ടെങ്കിൽ പിണറായിയുടെ മകളുടെ സമ്പാദ്യത്തെക്കുറിച്ചും ചോദ്യം ചെയ്യണം. പാർട്ടിയുടെ പിന്തുണ നഷ്ടപ്പെടുന്ന ജയരാജന്മാരെ ആക്രമിക്കുകയും പാർട്ടിയിലെ കരുത്തരുടെ തെറ്റുകൾക്കെതിരെ മൗനം പാലിക്കുകയും ചെയുന്നതിന്റെ പേര് ഹീറോയിസം എന്നല്ല, ഇരട്ടത്താപ്പെന്നാണ്.

സിപിഎമ്മിന് കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ നിന്ന് ലഭിച്ച സംഭാവനകളിൽ മൂന്നിലൊന്നും ക്വാറി ഉടമകളിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ള സംഭാവനകളിൽ രണ്ടാമതുള്ളത് സമുദ്രോൽപന്ന കയറ്റുമതി മേഖലയിലെ സ്ഥാപനങ്ങളാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി പി എം പറയുന്ന തെറ്റ് തിരുത്തലും ശുദ്ധീകരണ പ്രക്രിയകളുമൊക്കെ വെറും തട്ടിപ്പാണ്. ഹംഗേറിയൻ സംവിധായകൻ ബേലഥാർ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നടന്ന ഫിലിം ഫെസ്റ്റിവലി നോടനുബന്ധിച്ച് ഒരു മാധ്യമ ത്തോട് പറഞ്ഞത് ഇങ്ങനയാണ് - 'ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസം. ജീവിതത്തിൽ ഇതുവരെ നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ലെന്നും കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണെന്നും ബേല ഥാർ പറഞ്ഞു. ഈ നിരീക്ഷണം പി. ജയരാജൻ ഉൾപ്പടെയുള്ള കമ്യൂണിസ്റ്റുകൾക്കും ബാധകമല്ലേ . വി. എസ്. അച്ചുതാനന്ദൻ വെറുക്കപ്പെട്ടവൻ എന്ന് വിശേഷിപ്പിച്ച ഫാരിസ് അബു ബേക്കറിന്റെ വീട്ടിൽ പോയി മൂന്ന് മണിക്കൂർ ചെലവഴിച്ച മുഖ്യമന്ത്രി പിണറായിയെ കുറിച്ച് പി. ജയരാജൻ എന്ത് പറയും?

കാനഡയിൽ പ്രവർത്തിച്ചിരുന്ന ഖാലിസ്ഥാൻ അനുഭാവികളായ സിക്കുകാരുമായി സി പി എമ്മിന്റെ മുൻ ദേശീയ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിംഗിന് ബന്ധമുണ്ടെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ തന്റെ ആത്മകഥയിൽ എഴുതി വെച്ചിരിക്കുന്നത് പി. ജയരാജന് അറിവില്ലാത്ത കാര്യമാണോ. സി പി എമ്മിന്റെ എല്ലാ തലത്തിലുമുള്ള നേതാക്കൾ മാഫിയകളുമായും ചങ്ങാത്ത മുതലാളിമാരുമായും ബന്ധമുള്ളവരാണെന്ന് നിരവധി തെളിവുകൾ പൊതുമണ്ഡലത്തിലുണ്ട്. ബർലിൻ കൂഞ്ഞനന്തൻ നായർ ആത്മകഥയിൽ എഴുതിയത് ഇങ്ങനെയാണ് - ' കേരളത്തിൽ നിന്ന് ഗൾഫിലേക്കെന്ന പോലെ സിക്കുകാർ തൊഴിൽ തേടി പോയിരുന്നത് ലണ്ടനിലും കാനഡയിലുമാണ് . അവർക്കിടയിൽ സി പി എം ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാർട്ടി ഫണ്ടിന്റെ പ്രധാന ഉറവിടം അവിടെയാണ്. പാർട്ടിയുമായി അടുത്ത ബന്ധമുള്ള കോടീശ്വരന്മാരായ സിക്കുകാർ അവിടെയുണ്ട്. സുർജിത്തിന് അവരുമായി അടുത്ത ബന്ധവും. ഇത്തരം ബന്ധമുപയോഗിച്ചാണ് ചില ചാരന്മാരെ ലണ്ടനിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ആസ്ഥാനത്തേക്ക് കടത്തി വിട്ടത്. ഇവരെ 'മോൾ' ( Mole) എന്നാണ് വിളിക്കുക. ഇവരിൽ ഒരാൾ ബർമിങ്ഹാമിൽ ജോലിയുള്ള ഒരു സിക്ക് യുവാവായിരുന്നു. ഒരിക്കൽ സുർജിത്ത് ബർലിനിൽ വരുമ്പോൾ ഈ യുവാവിനേയും കൂടെ കൂട്ടുകയും എന്നെ പരിചയപ്പെടുത്തുകയും ചെയ്തു'

( ഒളിക്യാമറകൾ പറയാത്തത് - ബർലിൻ കുഞ്ഞനന്തൻ നായർ Page: 197 )

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലെ 164 സഹകരണ ബാങ്ക്കളാണ് തകർന്നത്. ഇതിൽ 95% വും സി പി എം ഭരിക്കുന്ന ബാങ്കുകളാണ്. ഇവിടെ നിന്നൊക്കെ പാർട്ടിയുടെ നേതാക്കൾ അടിച്ചു മാറ്റിയ പണം എവിടെ പോയി എന്ന് സി പി എം അന്വേഷിച്ചിട്ടുണ്ടോ? പൊതുജനത്തിന്റെ പണം കവർച്ച ചെയ്ത സി പി എം നേതാക്കളെ സംരക്ഷിക്കുന്നത് പി. ജയരാജൻ ഉൾപ്പെടുന്ന നേതൃത്വമല്ലേ - ? കരിവന്നുർ ബാങ്ക് സെക്രട്ടറിയുടെ 35 കോടി രൂപയുടെ സ്വത്താണ് ED കണ്ട് കെട്ടിയത്. CPM ന്റെ ഒരു പ്രാദേശിക നേതാവ് ഇത്രമാത്രം സ്വത്ത് സമ്പാദിച്ചത് പാർട്ടി നേതൃത്വം അറിയാതെ പോയി എന്ന് പറയുന്നത് വിഴുങ്ങാനിത്തിരി പാടാണ്. വെറുതെ ഒരു ഓളത്തിന് പറയുന്ന വാക്കുകളാണ് ഈ തെറ്റ് തിരുത്തലും, ശുദ്ധീകരണ പ്രക്രിയയുമൊക്കെ .