ന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബിൽ വിവാദമായതോടെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും അവതരിപ്പിക്കും മുമ്പ് പാർട്ടി അറിയണമെന്ന് എംപിമാർക്ക് കോൺഗ്രസ് നിർദ്ദേശം നൽകി. കെ സി വേണുഗോപാലാണ് നിർദ്ദേശം നൽകിയത്.എംപിമാർ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ പാർട്ടിയുമായി ആലോചിച്ചു വേണമെന്നു ശക്തമായ നിർദ്ദേശവും ഹൈക്കമാൻഡ് നൽകി. പാർലമെന്ററി പാർട്ടിയിലാണ് നേതൃത്വം നിർദ്ദേശം നൽകിയത്.

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യം ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡൻ ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി.

അതേസമയം, ഹൈബി ഈഡന്റെ നിർദ്ദേശത്തെ സംസ്ഥാന സർക്കാർ എതിർത്തു. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഇത് വളരെ വിചിത്രമായ നിർദേശമാണെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇങ്ങനയൊരു രാഷ്ട്രീയ നിലപാട് കോൺഗ്രസിനുള്ളതു കൊണ്ടാണോ പാർട്ടി എംപി ഇങ്ങനെ ഒരു സ്വകാര്യ ബിൽ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മറ്റുകോൺഗ്രസ് നേതാക്കളും ഹൈബിയുടെ ആവശ്യത്തോട് യോജിച്ചില്ല. ഹൈബി ഈഡൻ പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം.എല്ലാ എംപി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവും സ്ഥിതി? താൻ വടകരയിൽ തലസ്ഥാനം വേണമെന്ന് പറഞ്ഞാൽ എന്താവും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.

എംപിയുടെ നിർദ്ദേശം തികച്ചും അപ്രായോഗികമാണെന്നും പാലോട് രവി കുറ്റപ്പെടുത്തി. നേരത്തേ മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. കെ. മോഹൻ കുമാറും ഹൈബി ഈഡനെ വിമർശിച്ച് ഫേസ്ബക്കിൽ പോസ്റ്റിട്ടിരുന്നു. തികച്ചും ബാലിശമായ, തെറ്റായ ഈ നീക്കത്തെ അപലപിക്കുന്നുവെന്നും നരേന്ദ്ര മോദിക്ക്, ഇതിലെല്ലാം ഇടപെടാൻ ധാരാളം സമയമുണ്ടെന്ന് കണ്ടെത്തിയ എറണാകുളം എം പിയെ സമ്മതിക്കണം. 'ഉടലിന്റെ മദ്ധ്യഭാഗത്തേക്ക് തല മാറ്റിവയ്ക്കണമെന്ന നിർദ്ദേശവും ഒരർത്ഥത്തിൽ ലോജിക്കൽ ആണെന്നുമായിരുന്നു മോഹൻ കുമാറിന്റെ പരിഹാസം.