തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയ്ക്കുള്ള അവസാന തീയതി പ്രഖ്യാപിച്ച് മടുത്തപ്പോഴാണ് കാര്യങ്ങൾ ഒരുവഴിക്കാക്കാൻ, സംസ്ഥാനതലത്തിൽ സ്‌ക്രീനിങ് കമ്മിറ്റിയെ വച്ചത്. സ്‌ക്രീനിങ് കമ്മിറ്റിയുടെ ആദ്യ യോഗം വിളിക്കാനും സാധിച്ചില്ല. സമിതി അംഗങ്ങളെ പ്രഖ്യാപിച്ചെങ്കിലും കമ്മിറ്റിയുടെ ദൗത്യം എന്തെന്ന് കെപിസിസി ആരോടും പറഞ്ഞിട്ടില്ല. കമ്മിറ്റിക്ക് ചെയർമാനെയോ കൺവീനറെയോ വയ്ക്കാത്തതുകൊണ്ട് യോഗം വിളിക്കുന്ന കാര്യത്തിലും അവ്യക്തതയാണ്.

പരസ്പരം താറടിക്കാനും, സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചില നേതാക്കളെ ഒതുക്കാനും ഉള്ള വേദിയായി കെപിസിസി യോഗം മാറുന്നുവെന്ന ആക്ഷേപവും നിലനിൽക്കുന്നു. പാർട്ടിയിൽ എന്നും പ്രശ്നം ഉണ്ടാക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ച് കെട്ടണമെന്നും മറ്റുമാണ് യോഗത്തിൽ അഭിപ്രായം ഉയർന്നത്. ശശി തരൂർ, കെ മുരളീധരൻ എന്നീ നേതാക്കൾ ലക്ഷ്മണരേഖ കടക്കുന്നുവെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ഇതിനപ്പുറം പുനഃ സംഘടന എന്തായി എന്നു ചോദിച്ചാൽ നേതാക്കൾക്ക് മറുപടിയില്ല. കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ പാർട്ടി അദ്ധ്യക്ഷൻ കെ സുധാകരന്റെ വൈകാരിക പ്രസംഗം മാത്രമാണ് അവേശഷിച്ചത്. നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ തനിക്കും അതുവേണ്ടെന്ന് അദ്ദേഹം പറഞ്ഞു, സഹായിക്കണമെന്ന് യോഗത്തിൽ അദ്ദേഹം കൈകൂപ്പി അഭ്യർത്ഥിച്ചു.

ആരുപറഞ്ഞാൽ കേൾക്കും?

നാളെയ്ക്കകം പട്ടിക നൽകണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടും, മിക്കവാറും ജില്ലകളിൽ പുനഃ സംഘടനാ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല.
ചില ജില്ലകൾ കെപിസിസിക്ക് പേരുകൾ കൈമാറിയതാണ് മാത്രമാണ് ഇതിന് അപവാദം. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടികയുടെ കാര്യത്തിലാണ് അനിശ്ചിതത്വം.

ജംബോ കമ്മിറ്റികളെ വെട്ടിച്ചുരുക്കുകയാണ് മിക്ക ജില്ലകളിലും വെല്ലുവിളി. ഉദാഹരണത്തിന് തിരുവനന്തപുരം ഡിസിസിയിലെ നൂറിലേറെ ഭാരവാഹികളെ ചുരുക്കുക എളുപ്പമുള്ള കാര്യമല്ല. കണ്ണൂരിലും, കോട്ടയത്തും, ഇടുക്കിയിലും, തൃശൂരിലും എല്ലാം ചർച്ചകൽ പുരോഗമിക്കുന്നു എന്നാണ് അറിയിപ്പ്. പത്തനംതിട്ടയിൽ രണ്ടു ദിവസത്തിനകം ഗ്രൂപ്പ് നേതാക്കളുടെ കൂടി ആശീർവാദത്തോടെ പട്ടിക നൽകും. കാസർകോട് ഡിസിസി പട്ടികയിലും തീരുമാനമായിട്ടില്ല.പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തിരുവനന്തപുരത്ത് വന്നെങ്കിലും, സംഘടനാ ചർച്ചകൾ നടന്നില്ല. ഇനി ഈസ്റ്റർ അടക്കം അവധികൾ വരികയാണ്. നേതാക്കളും അവധിയുടെ മൂഡിലാണ്. അതുകൊണ്ട് ഈസ്റ്റർ കഴിഞ്ഞ് ഇനിയെന്തെങ്കിലും പ്രതീക്ഷിച്ചാൽ മതിയെന്നാണ് സംസാരം.