തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കരുത്തരെ സ്ഥാനാർത്ഥികളാക്കി സിപിഎമ്മിന്റെ അങ്കപ്പുറപ്പാട്. പാർട്ടി മത്സരിക്കുന്ന 15 സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രമായി. ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണു തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. 26ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് തീരുമാനം.

വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജ മത്സരിക്കും എന്നതാണ് പ്രധാന നീക്കം. കൂടാതെ മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ച മന്ത്രി കെ രാധാകൃഷ്ണനെയും സ്ഥാനാർത്ഥിയാക്കാൻ സിപിഎം തീരുമാനിച്ചു. ആലത്തൂരിലാണ് രാധാകൃഷ്ണൻ മത്സരിക്കുക. ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ എന്നിവരുടെ പേരുകൾക്ക് അംഗീകാരം നൽകി. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടാകും.

സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം ഇങ്ങനെയാണ്: ആറ്റിങ്ങൽ -വി.ജോയ്, പത്തനംതിട്ട- ടി.എം.തോമസ് ഐസക്, കൊല്ലം- എം.മുകേഷ്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി- ജോയ്‌സ് ജോർജ്, ചാലക്കുടി- സി.രവീന്ദ്രനാഥ്, പാലക്കാട് - എ.വിജയരാഘവൻ, ആലത്തൂർ- കെ.രാധാകൃഷ്ണൻ, പൊന്നാനി- കെ.എസ്.ഹംസ, മലപ്പുറം- വി.വസീഫ്, കോഴിക്കോട് - എളമരം കരീം, കണ്ണൂർ - എം വിജയരാജൻ, വടകര- കെ.കെ.ശൈലജ, കാസർകോട്- എം വിബാലകൃഷ്ണൻ.

ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്നു ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെട്ടതാണ് സിപിഎം നിലവിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പാനൽ. ഇതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായത് കെ കെ ശൈലജയെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതാണ്. ശൈലജയെ സ്ഥാനാർത്ഥിയായി വേണമെന്നാണ് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നത്. കണ്ണൂർ, വടകര, ആറ്റിങ്ങൽ മണ്ഡലങ്ങളിലേക്ക് അവരുടെ പേര് ഉയർന്നു. എന്നാൽ, വടകരയിലെ ആർഎംപി വോട്ടുകളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരെ അവിടെ സ്ഥാനാർത്ഥിയാക്കിയത്.

ടീച്ചറുടെ ജനകീയത വോട്ടാക്കി മാറ്റി കെ മുരളീധരനിൽ നിന്നും മണ്ഡലം തിരികെ പിടിക്കാൻ സാധിക്കും എന്നതാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. അതേസമയം ടി പി വധക്കേസിൽ അടുത്തിടെ വിധിവന്നത് അടക്കം കെ കെ ശൈലജക്ക് വെല്ലുവിളിയാണ്. കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങൾ വടകര പാർലമെന്റ്മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വിസ്മൃതിയിലാണ്ടുകിടന്ന ടി.പി വധക്കേസ് രാഷ്ട്രീയകേരളത്തിന്റെ മുൻപിലേക്ക് വീണ്ടും ചർച്ചയായി മാറുന്നതാണ് സംസ്ഥാനംഭരിക്കുന്ന സി.പി. എമ്മിനെ അലോസരപ്പെടുത്തുന്നത്. വടകരയിൽ കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ ശൈലജയെ കളത്തിലിറങ്ങാൻ തീരുമാനിച്ച പാർട്ടിക്ക് കനത്തപ്രഹരമാണ് ടി പി കേസ്. നേരത്തെ മരണമടഞ്ഞ പി.കെ കുഞ്ഞനന്തൻ അടക്കമുള്ള പതിനൊന്നു പ്രതികളുടെ ശിക്ഷയാണ് കോടതി ശരിവെച്ചത്.

കോഴിക്കോട് ജില്ലാസെക്രട്ടറികെ. മോഹനൻ മാസറ്ററെ വെറുതെ വിട്ടതു മാത്രമാണ് ഹൈക്കോടതി വിധിയിൽ പാർട്ടിക്ക് ആശ്വാസിക്കാനുള്ളത്. ടി.പി വധത്തിനു പിന്നാലെയാണ് വടകരയെന്ന ഉറച്ചമണ്ഡലം സിപിഎമ്മിന് കൈമോശം വന്നത്. രണ്ടുതവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ.മുരളീധരനും വൻ ഭൂരിപക്ഷത്തിലാണ് ഇടതു കോട്ടയായ വടകരയിൽനിന്ന് വിജയിച്ചത്. വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി,മുതിർന്ന നേതാവ് പി.ജയരാജൻ സ്പീക്കർ എ.എൻ ഷംസീർ, എന്നിവരാണ് പരാജയപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.പിയുടെ ഭാര്യ കെ.കെ രമയും വടകരയിൽനിന്ന് ജയിച്ചു കയറി.

ടി.പി വധക്കേസിൽ ഹൈക്കോടതി ഇടപെടൽ ഏറ്റവും കൂടുതൽ അനുകൂലമായിരിക്കുന്നത് വടകരയിലെ സിറ്റിങ് എംപിയായ കെ.മുരളീധരനാണ്. ഇക്കുറിയും മത്സരിക്കുന്ന മുരളീധരനുവേണ്ടി പൂർവാധികം ശക്തമായ രംഗത്തിറങ്ങാനാണ് ആർ.എംപിയുടെ തീരുമാനം. ഇതോടെ കെ.കെ ശൈലജ ടീച്ചറെ മത്സരിപ്പിക്കുക എന്നതാണ് സിപിഎം തന്ത്രം. ജനകീയരായ മുതിർന്ന നേതാക്കളെ തന്നെ ഭൂരിപക്ഷം സീറ്റുകളിലും രംഗത്തിറക്കി കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാർട്ടിയുടെ ഉറച്ച സീറ്റുകളും ആഞ്ഞുപിടിച്ചാൽ ജയിക്കാമെന്ന് കരുതുന്ന സീറ്റുകളുമാണ് സിപിഎം ലക്ഷ്യമിടുന്നത്.