കോഴിക്കോട്: എൻ ഐ എ കണ്ടെത്തലുകൾ ശരിയാണെങ്കിൽ പോപുലർ ഫ്രണ്ടുകാരെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണം എന്ന് പരസ്യമായി പറഞ്ഞ് ലീഗ് നേതാവ്. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ തുനിഞ്ഞവരും തുനിയുന്നവരും അതിന് ശ്രമിക്കുന്നവരും രാജ്യദ്രോഹികളാണ്. രാജ്യത്തെ ഇസ്ലാമിക രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സി വി എം വാണിമേൽ. തീവ്രവാദത്തിനെതിരെ ജനം ടി വി നടത്തിയ ചർച്ചക്കിടെയായിരുന്നു പ്രസ്താവന. കൊന്നൊടുക്കിയത് ഇസ്ലാമിക് സ്റ്റേറ്റിനോ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സംവാദം.

ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ഒരു പദം പോലും ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ നിഘണ്ടുവിൽ കാണാൻ സാധിക്കില്ല. ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ ഒരു മുസ്ലീമിനോടും ആരും കൽപ്പിച്ചിട്ടില്ല. അറബ് രാജ്യങ്ങളിൽ പോലും ഇസ്ലാമിക ഭരണല്ല ഉള്ളത്. പിന്നെയെങ്ങനെയാണ് ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിക രാജ്യം ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു. മതം ചിലർ രാഷ്ട്രീയവത്കരിക്കുകയും കച്ചവടവത്ക്കരിക്കുകയാണ്. തീവ്രവാദത്തെ എന്നും ശക്തമായി എതിർത്ത പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്. പോപുലർ ഫ്രണ്ടിനെ മാത്രമല്ല സിമിയെയും ജമാ അത്തെ ഇസ്ലാമിയെയും മുസ്ലിം ലീഗ് എതിർത്തിട്ടുണ്ട്. ഭരണഘടനയോടും ഇന്ത്യാ രാജ്യത്തോട് കൂറും പുലർത്തിയാണ് മുസ്ലിം ലീഗ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഒന്നും തങ്ങളുടെ പാർട്ടിയിൽ നിന്നും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി എമ്മിനെതിരെയും സി വി എം വാണിമേൽ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. സി പി എമ്മിന് ഇപ്പോഴും രാഷ്ട്രീയം കച്ചവടമാണ്. എന്നാൽ തങ്ങൾക്കത് രാഷ്ട്രീയ സേവനമാണ്. വർഗ്ഗീയത വളർത്തുന്നത് സി പി എമ്മാണ്. സിപി എമ്മിനേക്കാൾ ശക്തമായ പാർട്ടിയാണ് മുസ്ലിം ലീഗ്. സി പി എമ്മുമായി കൂട്ടുകൂടേണ്ട ഗതികേട് ലീഗിനില്ല. പുതിയാപ്ലയെ മുഖ്യമന്ത്രിയാക്കാൻ ലീഗിന്റെ സഹായം പ്രതീക്ഷിക്കണ്ട എന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ പ്രകോപിതനായ സി പി എം പ്രതിനിധി 'ഓർത്തുസംസാരിച്ചില്ലെങ്കിൽ മുഖത്തിന്റെ ഷേപ്പ് മാറും' എന്ന് ചർച്ചക്കിടെ വാണിമേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പോപുലർ ഫ്രണ്ടിനെ ലീഗ് നേതാക്കൾ ശക്തമായി എതിർത്തിരുന്നില്ല. പോപുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത ഡോ. എം കെ മുനീറിനെ ജനറൽ സെക്രട്ടറി പി എം എ സലാം തള്ളുകയും ചെയ്തിരുന്നു. പോപുലർ ഫ്രണ്ടുകാരുടെ സ്വത്ത് കണ്ടുകെട്ടുന്ന നിയമപരമായ നടപടിയോട് എതിർപ്പില്ലെന്ന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. ഇതേ സമയം റെയ്ഡിന്റെ മറവിൽ പി എഫ് ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദികൾക്കെതിരെയുള്ള നടപടികളെ എതിർക്കുന്നില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഇതാദ്യമായാണ് ഒരു നേതാവ് വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണമെന്നുള്ള പരസ്യ പ്രസ്താവന നടത്തുന്നത്.

വാണിമേലിനെതിരെ ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയുമെല്ലാം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെയുള്ള ശക്തമായ പ്രചരണങ്ങളാണ് നടക്കുന്നത്. എൻ ഐ എയുടെ വേർഷൻ മാത്രം കണക്കിലെടുത്ത് ജീവിക്കേണ്ട ഗതികേടൊന്നും ഈ രാജ്യത്തെ പൗരന്മാർക്കില്ലെന്നാണ് പലരും പറയുന്നത്. ഹർത്താൽ ജപ്തി വംശീയ വേട്ടയാണെന്ന് മനസ്സിലാകാത്ത വ്യക്തിയാണ് ലീഗ് പ്രതിനിധിയെന്നും ഇവർ പറയുന്നു. മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് നടന്ന ഒരു യോഗത്തിൽ പ്രകോപനപരമായ വിവരക്കേടുകൾ മുസ്ലിം പണ്ഡിതരെക്കുറിച്ച് പറഞ്ഞ് ചടങ്ങ് അലങ്കോലമാക്കിയ വ്യക്തിയാണ് വാണിമേലെന്നും പ്രചരണമുണ്ട്. അന്ന് അടിയേൽക്കാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പലരും പറയുന്നു. ലീഗ് ഇടപെട്ട് വാണിമേലിനെ നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ മയക്കുവെടി വെക്കണമെന്നും പരിഹാസമുണ്ട്.