കണ്ണൂര്‍: ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അതാണ്. സര്‍ക്കാര്‍ ഇതിന്മറുപടി പറയണം. എന്തിനാണ് ഇത്രയും കാലം ഈ റിപ്പോര്‍ട്ട് സൂക്ഷിച്ചത്. അതിന്റെ വസ്തുനിഷ്ഠമായ ഭാഗം സര്‍ക്കാര്‍ മറച്ചുവെച്ചത് സര്‍ക്കാര്‍ പലരെയും സംരക്ഷിക്കാനാണ് ശ്രമിച്ചത്. സിനിമാമേഖലയില്‍ പലതും സംഭവിക്കുന്നുവെന്ന് കേള്‍ക്കുന്നു. അതിനെ കുറിച്ചു ഞങ്ങള്‍ക്കൊന്നും അറിയില്ല. ഇന്നിപ്പോള്‍ നടി ശാരദയുടെ പ്രതികരണം എല്ലാവരും കേട്ടില്ലേ.

മറ്റു പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. കോളേജുകളില്‍ സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഫാക്ടറികളിലും മറ്റു തൊഴിലിടങ്ങളിലും ഇത്തരം കാര്യങ്ങള്‍ ചെറിയ തോതില്‍ കേള്‍ക്കുന്നുണ്ട്. അതിന്റെ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നും ഒളിച്ചുവച്ചതു കൊണ്ടു സര്‍ക്കാരിനു നേട്ടമൊന്നുമില്ല. നമ്മുടെ സമൂഹത്തിലെ വൃത്തികെട്ട ഇത്തരം കാര്യങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഹേമാകമ്മിഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് സര്‍ക്കാര്‍ പശ്ചാത്തപിക്കണമെന്നും ഈക്കാര്യത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാര്‍ മാത്രമാണെന്നും കെ.സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, റിജില്‍മാക്കുറ്റി തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. നടന്നത് കുറ്റകൃത്യമാണ്, അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു.

'ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് ആണോ നടത്തുന്നത് സംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നത് സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്', സതീശന്‍ ആരോപിച്ചു.

ഒറ്റപ്പെട്ട സംഭവമല്ല, പരമ്പരയാണ്. സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടാണ്. നാലരക്കൊല്ലം റിപ്പോര്‍ട്ടിനുമേല്‍ അടയിരുന്ന് മുഖ്യമന്ത്രിയടക്കമുള്ള ആളുകള്‍ ചെയ്തത് കുറ്റകൃത്യമാണ്, ക്രിമിനല്‍ കുറ്റമാണ്. കേസെടുക്കാന്‍ ഇനിയെന്തിനാണ് മറ്റൊരു പരാതി. റിപ്പോര്‍ട്ട് പരാതിയുടെ കൂമ്പാരമാണ്. സര്‍ക്കാര്‍ ഇത് മൂടിവെച്ചു. എന്നത്തേക്കും സിനിമയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ആരെ സംരക്ഷിക്കനാണ് സര്‍ക്കാര്‍ കുറ്റകൃത്യങ്ങളുടെ പരമ്പര മൂടിവെക്കുന്നത് ആരാണ് സര്‍ക്കാരിന് മീതെ സമ്മര്‍ദ്ദംചെലുത്തിയത്. ഏത് പരുന്താണ് സര്‍ക്കാരിന് മീതെ പറക്കുന്നത്', പ്രതിപക്ഷനേതാവ് ചോദിച്ചു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഇത് ഇവര്‍ക്ക് അന്വേഷിക്കാന്‍ പറ്റില്ല. കുറേ ആളുകളെ അവര്‍ക്ക് സംരക്ഷിക്കണം, ചേര്‍ത്ത് നിര്‍ത്തണം. സര്‍ക്കാര്‍ വിചാരണചെയ്യപ്പെടാന്‍ പോവുകയാണ്. ക്രിമിനല്‍ കുറ്റംചെയ്ത ആളുകളെപ്പോലെ സര്‍ക്കാരും പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവിചാരണചെയ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ച സാംസ്‌കാരിക മന്ത്രി വേട്ടക്കാരായ ആളുകള്‍ സ്വന്തം ഇഷ്ടക്കാരായതുകൊണ്ടാണോ പത്തറുപത് പേജ് വായിക്കാതെ പോയത് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചില്ലെന്ന് പറയാന്‍ നാണമാവില്ലേ സംസ്‌കാരിക മന്ത്രിയെ കേരളം വിലയിരുത്തട്ടെയെന്നും സതീശന്‍ പറഞ്ഞു.

മന്ത്രി ഗണേഷ്‌കുമാറിനേക്കുറിച്ച് റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍ അദ്ദേഹം ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും ചോദ്യത്തിന് മറുപടിയായി വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് വേട്ടക്കാരെ സംരക്ഷിക്കുകയാണ്. എന്താണ് താത്പര്യമെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.