കോഴിക്കോട്: അഹമ്മദ് ദേവർകോവിൽ വിഭാഗം ഐ എൻ എൽ തെരഞ്ഞെടുത്ത ദേശീയ വർക്കിങ് പ്രസിഡന്റ് പി സി കുരീൽ, അബ്ദുൾ വഹാബ് വിഭാഗത്തിന്റെ വേദിയിലെത്തി. ഇരു വിഭാഗങ്ങളും തങ്ങളാണ് യഥാർത്ഥ ഐ എൻ എൽ എന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോകവെ ആണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ഐ എൻ എൽ സംസ്ഥാന സമ്മേളന ദിവസം ചേർന്ന ദേശീയ കൗൺസിൽ യോഗം തെരഞ്ഞെടുത്ത വർക്കിങ് പ്രസിഡന്റ് യു പി യിൽ നിന്നുള്ള പി സി കുരീൽ വഹാബ് വിഭാഗത്തിന്റെ പരിപാടിക്കെത്തിയത്.

ഐ എൻ എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ, ദേശീയ ജനറൽ സെക്രട്ടറി മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ എതിർപ്പ് അവഗണിച്ചാണ് പി സി കരീൽ പരിപാടിയിലും വാർത്താസമ്മേളനത്തിലും സംബന്ധിച്ചത്. പി സി കരീൽ തങ്ങളുടെ പരിപാടിക്കെത്തുന്നത് തടയാൻ അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും ശ്രമങ്ങൾ നടത്തിയിരുന്നെന്ന് വഹാബ് വിഭാഗം നേതാക്കൾ വ്യക്തമാക്കി.

കേരള സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട ദേശീയ സമിതിയുടെ നടപടി റദ്ദാക്കിയതായി കുരീൽ കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എ പി അബ്ദുൾ വഹാബിനെയും നാസർ കോയ തങ്ങളെയും പുറത്താക്കിയ ദേശീയ കമ്മിറ്റിയുടെ തീരുമാനം താൻ മരവിപ്പിക്കുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കോടതി നടപടികളിൽ താൻ വളരെ നിരാശനാണ്. ഇതുമായി ബന്ധപ്പെട്ട് ബി ഹംസ നൽകിയ കേസിൽ തന്റെ പേര് ഉൾപ്പെടുത്തിയത് വസ്തുതാ വിരുദ്ധമാണ്. അബ്ദുൾ വഹാബിനും നാസർ കോയ തങ്ങൾക്കുമെതിരെ നടപടിയുണ്ടായെന്ന് പറയുന്ന ഓൺലൈൻ മീറ്റിംഗുകളിൽ താൻ പങ്കെടുത്തിയിട്ടില്ല. 41 പ്രതിനിധികൾ പങ്കെടുത്തതായി പറയപ്പെടുന്ന ഇത്തരം യോഗങ്ങൾ ഓൺലൈനായി നടത്തിയതായി തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിക്കുന്നതിനും പാർട്ടിയുടെ അടിത്തറ വിശാലമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ചെന്നൈയിൽ ദേശീയ കൗൺസിൽ ചേരുമെന്നും പി സി കുരീൽ പറഞ്ഞു.

അഹമ്മദ് ദേവർ കോവിൽ വിഭാഗം ദേശീയ ഭാരവാഹികളെന്ന് പറഞ്ഞ് യു പി യിൽ നിന്ന് കൊണ്ടുവന്ന യു പി സ്വദേശികൾ ഐ എൻ എൽ പ്രവർത്തകർ പോലും അല്ലെന്ന് വഹാബ് വിഭാഗം ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൾ അസീസ് പറഞ്ഞു. ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ യു പി യിൽ നിന്ന് കൊണ്ടുവന്നവർ സ്ഥലം കാണാനായി വന്നവരാണ്. അവരോട് ഐ എൻ എല്ലിനെപ്പറ്റി ചോദിച്ചപ്പോൾ എന്താണ് ഐ എൻ എൽ എന്ന മറുചോദ്യമാണ് ലഭിച്ചത്. വയനാട്ടിലെ റിസോർട്ടിലും മറ്റും താമസിച്ച് അവർ തിരിച്ചുപോയി. വേണമെങ്കിൽ തങ്ങളുടെ പരിപാടിക്കും വരാമെന്ന് അവർ പറഞ്ഞിരുന്നതായും അബ്ദുൾ അസീസ് പരിഹാസത്തോടെ പറഞ്ഞു.

മതേതര ഇന്ത്യയെ വീണ്ടെടുക്കുക, മതനിരപേക്ഷ കേരളത്തെ ഉയർത്തിപ്പിടിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നടന്നുവന്ന ക്യാമ്പയിന്റെ ഭാഗമായി മെയ് പന്ത്രണ്ടിന് കോഴിക്കോട്ട് വെച്ച് സെക്കുലർ ഇന്ത്യ റാലി സംഘടിപ്പിക്കും. പാർട്ടി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സോഷ്യൽ സെക്യൂരിറ്റി സ്‌കീം നടപ്പിലാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പി സി കുരീലിന് പുറമെ ബഷീർ അഹമ്മദ് ചെന്നൈ, പ്രൊഫ. അബ്ദുൾ ഖാദർ, അഡ്വ. ഇ സർവർ ഖാൻ, എം ജി കെ നിസാമുദ്ദീൻ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ പി ഇസ്മായിൽ, ബഷീർ ബടേരി, ഒപിഐ കോയ, സമദ് നരിപ്പറ്റ, മനോജ് സി നായർ തുടങ്ങിയവരും സംബന്ധിച്ചു.