തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവർക്കെതിരെ പദയാത്ര നടത്തിയപ്പോൾ വാർത്താസമ്മേളനത്തിൽ സുരേഷ് ഗോപി എ ആർ നഗർ സഹകരണ ബാങ്കിനെ കുറിച്ചു ചോദ്യങ്ങൾ ഉയർത്തിയിരുന്നു. സിപിഎമ്മും മുസ്ലിംലീഗും എല്ലാം ഇവിടുത്തെ സഹകരണ തട്ടിപ്പിൽ പങ്കാളിയായിരുന്നു. ഇതേക്കുറിച്ച് ആശങ്കയുള്ളതു കൊണ്ടാണ് കരുവന്നൂരിൽ അടക്കം മുസ്ലിംലീഗ് ശക്തമായ നിലപാട് എടുക്കാത്തത് എന്നതായിരുന്നു ഉയർന്ന വിമർശനം. ഇതിനിടെയാണ് യുഡിഎഫ് തീരുമാനത്തെ തിരുത്തുന്ന വിധത്തിലേക്ക് ലീഗിന്റെ സഹകരണ നിലപാട് മാറിയിരിക്കുന്നത്.

സഹകരണ സംഘങ്ങൾക്കെതിരായ ഇ.ഡിയെ ഉപയോഗിച്ചുള്ള കേന്ദ്ര ഇടപെടലിലാണ് കോൺഗ്രസിനെ തിരുത്തി കൊണ്ടുള്ള നിലപാട് ലീഗ് കൈക്കൊണ്ടത്. കേന്ദ്ര ഇടപെടലിനെതിരെ സിപിഎമ്മും സംസ്ഥാന സർക്കാറും നടത്തുന്ന ഒരു പരിപാടിയിലും സഹകരിക്കേണ്ടതില്ലെന്ന് കോൺഗ്രസുകാരായ സഹകാരികൾക്ക് നിർദ്ദേശം നൽകാനാണ് വ്യാഴാഴ്ച കെപിസിസി നേതൃയോഗം തീരുമാനിച്ചത്. എന്നാൽ, ഈ നിലപാടാണ് ലീഗ്് ഇടപെടലിൽ യുഡിഎഫിന് തിരുത്തേണ്ടി വന്നത്.

എന്നാൽ, സിപിഎമ്മിന്റെ സമരങ്ങളോട് സഹകരിക്കേണ്ടതില്ല, കേന്ദ്ര ഇടപെടിനെതിരെ സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിലുള്ള പരിപാടികളിൽ സഹകരിക്കാമെന്നാണ് വെള്ളിയാഴ്ച യു.ഡി.എഫ് യോഗത്തിലുണ്ടായ ധാരണ. ഒരു സഹകരണവും വേണ്ടെന്ന കെപിസിസി തീരുമാനത്തോട് മുസ്‌ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികൾ വിയോജിച്ചതിനെ തുടർന്നാണ് സർക്കാറിനോട് സഹകരിക്കാം, സിപിഎമ്മിനോട് വേണ്ട എന്ന സമവായം രൂപപ്പെട്ടത്.

സഹകരണ മേഖലയിലെ ഇ.ഡി അന്വേഷണങ്ങൾക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്ത കോൺഗ്രസുകാരായ സഹകാരികളോട് വിശദീകരണം ആവശ്യപ്പെടാനും കെപിസിസി നേതൃയോഗത്തിൽ ആലോചനയുണ്ടായി. നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ ഇതിനകം സിപിഎം പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത കോൺഗ്രസുകാരായ സഹകാരികൾക്കെതിരെ നടപടികളുണ്ടാകില്ല.

കരുവന്നൂർ ഉൾപ്പെടെ സഹകരണ സംഘങ്ങളിലെ തട്ടിപ്പ് ജനങ്ങൾക്കിടയിൽ വലിയ രോഷമുണ്ടാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് നേതൃയോഗം വിലയിരുത്തുന്നു. അത് സിപിഎമ്മിനെതിരായി പരമാവധി ഉപയോഗിക്കണം. അതിനായി കേന്ദ്ര ഇടപെടലിനെ എതിർക്കുമ്പോൾ തന്നെ സിപിഎമ്മിന്റെ കൊള്ള തുറന്നുകാട്ടി പ്രചാരണം നടത്താനുമാണ് തീരുമാനം. 'നിക്ഷേപകരെ സംരക്ഷിക്കൂ; കൊള്ളക്കാരെ തുറുങ്കിലടക്കൂ' മുദ്രാവാക്യവുമായി ഒക്‌ടോബർ 16ന് തിരുവനന്തപുരത്ത് സഹകാരികളുടെ സംഗമം സംഘടിപ്പിക്കും.

അതേസമയം എ ആർ നഗർ സഹകരണ ബാങ്ക് തട്ടിപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ നിരന്തരമായി ആരോപണങ്ങളുമയി കെ ടി ജലീൽ രംഗത്തുവന്നിരുന്നു. മലപ്പുറം എ.ആർ.നഗർ സഹകരണ ബാങ്കിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് ജലീൽ ആരോപിച്ചിരുന്നു. ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. തട്ടിപ്പിന്റെ സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയാണെന്ന് പറഞ്ഞ ജലീൽ ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലക്കുട്ടിയിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു.

പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആർ.നഗർ സഹകരണ ബാങ്കിൽ 50,000ൽ പരം അംഗങ്ങളും 80,000ൽ പരം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമർ ഐഡികളിൽ മാത്രം 862 വ്യജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേർന്ന് നടത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ.ഹരികുമാർ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് 862 വ്യാജ ബിനാമി അക്കൗണ്ടുകൾ.

കഴിഞ്ഞ 10 വർഷത്തിനിടയിൽ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകൾ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇൻകം ടാക്സ് വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 257 കസ്റ്റമർ ഐഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടുപാട് കണ്ടെത്തിയിരിക്കുന്നത്. എആർ നഗർ സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐഡിയും പരിശോധിച്ചാൽ, കള്ളപ്പണ ഇടപാടിൽ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽക്കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റിയെന്നും അടക്കം ജലീൽ ആരോപിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ജലീലിനെ മുഖ്യമന്ത്രി ശാസിച്ചതും ഏറെ വിവാദമായിരുന്നു.