തിരുവനന്തപുരം: മാത്യു ടി. തോമസിനെ ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷൻ പദവിയിൽ നിന്ന് പുറത്താക്കി സി.കെ. നാണുവിന്റെ നടപടി ഇടതുപക്ഷത്തിനും തലവേദനയാകും. ദേശീയ അദ്ധ്യക്ഷനെന്ന അധികാരമുപയോഗിച്ചാണ് നടപടി. കഴിഞ്ഞ ദിവസം മാത്യു ടി. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ കേരള ജനതാദൾ (എസ്) രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് നാണുവിന്റെ പുതി നീക്കം.

നാണുവിന്റെ പുറത്താക്കൽ നിയമപ്രശ്‌നമാകില്ല. ജെഡിഎസിനെ നയിക്കുന്നത് ദേവഗൗഡയും മകൻ കുമാരസ്വാമിയുമാണ്. ഇവരുടെ നേതൃത്വത്തെയാണ് കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നത്. നാണുവിനെ ഇവർ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നാണുവിന്റെ പുറത്താക്കൽ മാത്യു ടി തോമസിനെ ബാധിക്കില്ല. എന്നാൽ ദേവഗൗഡയുടെ ജെഡിഎസിന്റെ എംഎൽഎമാരായി ഇവർ ഇടതുപക്ഷത്ത് തുടരുന്നതിലെ പ്രശ്‌നമാണ് നാണു ചർച്ചയാക്കുന്നത്.

എംഎൽഎ പദവി രാജിവയ്ക്കാതെ ഇടതുപക്ഷത്ത് തുടരാനാണ് മന്ത്രി കൃഷ്ണൻകുട്ടിയുടേയും മാത്യുടി തോമസിന്റേയും നീക്കം. ഇത് മനസ്സിലാക്കിയാണ് നാണു വിഭാഗം നീങ്ങുന്നത്. പുതിയ പാർട്ടിയുണ്ടാക്കാനുള്ള നീക്കം സംഘടനാ വിരുദ്ധ പ്രവർത്തനമായി ചൂണ്ടിക്കാട്ടിയാണ് നാണു അച്ചടക്കനടപടിയെടുത്തത്. ജെഡിഎസ് എൻഡിഎ സഖ്യത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള പാർട്ടിയുടെ എംഎൽഎമാരാണ് കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും.

മാത്യു ടി. തോമസ്, കെ. കൃഷ്ണൻകുട്ടി എന്നിവരെ ജെ.ഡി.എസ് പ്രതിനിധികളായി എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന് കാട്ടി കത്തു നൽകുമെന്നും സി.കെ. നാണു വ്യക്തമാക്കി. ജെഡിഎസ് എംഎൽഎമാരെ ഇടതു യോഗത്തിൽ പങ്കെടുപ്പിക്കുന്നതിനെ പ്രതിപക്ഷവും ചോദ്യം ചെയ്യും. സംസ്ഥാനത്ത് നിന്നുള്ള ദേശീയ നിർവാഹക സമിതി അംഗങ്ങളായ നീലലോഹിതദാസൻ നാടാർ, സഫറുള്ള എന്നിവർ ദേശീയ പദവി രാജിവയ്ക്കാൻ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു.

എന്നാൽ കൂറുമാറ്റം മറികടക്കുന്നതിന് എംഎ‍ൽഎമാരായ മാത്യു ടി. തോമസ്, കൃഷ്ണൻകുട്ടി എന്നിവരുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രാജി വച്ചാൽ എംഎൽഎ സ്ഥാനം അയോഗ്യരാക്കാൻ ദേവഗൗഡ നിയമ നടപടി എടുക്കും. ഇതിനൊപ്പം പുതിയ പാർട്ടിയിലും ആശങ്കപുതിയ പാർട്ടി രൂപീകരിച്ചാൽ എൽ.ഡി.എഫ് അംഗീകരിക്കുമോയെന്നും ആശങ്കയുണ്ട്. സിപിഎം നേതൃത്വം എടുക്കുന്ന നിലപാടുകൾ അതിനിർണ്ണായകമാണ്. തൽകാലത്തേക്ക് കൃഷ്ണൻകുട്ടിയെ മന്ത്രിയായി തുടരാൻ അനുവദിക്കും. എന്നാൽ അത് എത്രകാലമെന്നതിൽ വ്യക്തതയില്ല.

പുതിയ സോഷ്യലിസ്റ്റ് പാർട്ടി വേണ്ടെന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും സിപിഎം നേതൃത്വവും നേരത്തെ സ്വീകരിച്ചിരുന്നത്. നിലവിലുള്ള ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്നായിരുന്നു നിർദ്ദേശം. ബിജെപി ബന്ധത്തെ തള്ളിയ ജെ.ഡി.എസ് സംസ്ഥാനഘടകം, ഗൗഡയുമായുള്ള ബന്ധം പൂർണതോതിൽ വിച്ഛേദിക്കുമെന്ന് വ്യക്തമാക്കുമ്പോഴും അവ്യക്തത നിഴലിക്കുന്നുണ്ട്. ശ്രേയംസ്‌കുമാറിന്റെ നേതൃത്വത്തിലെ പാർട്ടിയുമായി മാത്യു ടി തോമസിനേയും കൂട്ടരേയും ലയിപ്പിക്കാനാണ് സിപിഎമ്മിന് താൽപ്പര്യം. എല്ലാ സോഷ്യലിസ്റ്റുകളും ചേർന്ന് ഒറ്റപാർട്ടിയാകണമെന്നതാണ് ആവശ്യം. ആർ ജെ ഡിയുടെ ഭാഗമാണ് ഇപ്പോൾ ശ്രേയംസും കുട്ടരും.

കേന്ദ്ര നേതൃത്വവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ ജനതാദൾ എസ് - കേരള ഘടകം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാണു വിഭാഗത്തിന്റെ നീക്കം. കേന്ദ്ര നേതൃത്വവുമായുള്ള രാഷ്ട്രീയമായ എല്ലാ ബന്ധവും വിഛേദിക്കാനും അവിടെ നിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടെന്നും തീരുമാനമുണ്ട്. സി കെ നാണുവിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന സംവിധാനത്തോടും സഹകരിക്കില്ല. പക്ഷെ സ്വതന്ത്ര ഘടകമായി പ്രവർത്തിക്കുമെന്ന് ആവർത്തിക്കുമ്പോഴും നിലവിലുള്ള ചിഹ്നത്തിന്റെയും, കൊടിയുടെയും കാര്യത്തിൽ തീരുമാനമായിട്ടില്ല.

2006ൽ ഇതേ സാഹചര്യമുണ്ടായിരുന്നപ്പോൾ ചിഹ്നത്തിലും കൊടിയിലും മാറ്റമില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചരിത്രം ഉണ്ടെന്നും മാത്യു ടി തോമസ് പറയുന്നു. കർണാടകയിൽ ജെഡിഎസ്- ബിജെപി സഹകരണം ഉള്ളപ്പോഴാണ് അതേ ചിഹ്നത്തിൽ കേരളത്തിൽ മത്സരിച്ചത്. അന്ന് എട്ട് സീറ്റിൽ മത്സരിച്ച് അഞ്ച് സീറ്റിൽ വിജയിച്ചിരുന്നുവെന്നും മാത്യു ടി തോമസ് കൂട്ടിച്ചേർത്തു.