തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് നടന്ന സംഭവങ്ങളിൽ ഇടത് എം എൽ എമാർക്കും അഡീഷണൽ ചീഫ് മാർഷലിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്.സി പി എമ്മിൽ നിന്നു പുറത്തുപോയ എംവി രാഘവനെ 1987 ൽ ഒരു സബ്മിഷന്റെ പേരിൽ നിയമസഭയിലിട്ട് ചവിട്ടിക്കൂട്ടിയതിനു സമാനമായ ക്രൂരമായ സംഭവങ്ങളാണ് ഇന്ന് നിയമസഭയിൽ അരങ്ങേറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി പി ചന്ദ്രശേഖരനെ കൊന്നവരുടെ അതേ ആക്രോശത്തോടെയാണ് ചിലർ കെ കെ രമയുടെ അടുത്തേക്ക് പാഞ്ഞെത്തി ആക്രമിച്ച് കൈ ഒടിച്ചതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സീനിയർ അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് അഡീഷണൽ ചീഫ് മാർഷൽ ആദ്യം ആക്രമിച്ചത്. 87 ൽ എം വി രാഘവനെ 15 ദിവസത്തേക്ക് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും മർദിച്ച സി പി എം എം എൽ എ മാർക്ക് സംരക്ഷണം നല്കുകയും ചെയ്ത ചരിത്രമുള്ള സി പി എം അതാണ് വീണ്ടും ആവർത്തിക്കാൻ ശ്രമിക്കുന്നതെങ്കിൽ അതു തീക്കളിയായിരിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സുധാകരന്റെ വാക്കുകൾ

സി പി എമ്മിൽ നിന്നു പുറത്തുപോയ എംവി രാഘവനെ 1987ൽ ഒരു സബ്മിഷന്റെ പേരിൽ നിയമസഭയിലിട്ട് ചവിട്ടിക്കൂട്ടിയതിനു സമാനമായ ക്രൂരമായ സംഭവങ്ങളാണ് നിയമസഭയിൽ അരങ്ങേറിയത്. ടി പി ചന്ദ്രശേഖരനെ കൊന്നവരുടെ അതേ ആക്രോശത്തോടെയാണവർ കെ കെ രമയുടെ അടുത്തേക്ക് പാഞ്ഞെത്തി ആക്രമിച്ച് കൈ ഒടിച്ചത്. ബോധരഹിതനായ സനീഷ് കുമാർ ജോസഫ് എംഎൽഎയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് അഡീഷണൽ ചീഫ് മാർഷൽ ആദ്യം ആക്രമിച്ചത്. എ കെ എം അഷറഫ്, ടി വി ഇബ്രാഹിം, എന്നിവർക്ക് പരിക്കേറ്റു. എൽ ഡി എഫ് എം എൽ എമാരായ എച്ച് സലാമും സച്ചിൻദേവും ഒരു പ്രകോപനവുമില്ലാതെ പ്രതിപക്ഷ എം എൽ എമാരെ ആക്രമിച്ചു. പ്രതിഷേധം കനത്തപ്പോൾ വാച്ച് ആൻഡ് വാർഡിനെ വിട്ട് പ്രതിപക്ഷ എം എൽ എമാരെ ചവിട്ടിക്കൂട്ടുകയായിരുന്നു.

സി പി എം ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എം വി രാഘവനെ 15 ദിവസത്തേക്ക് നിയമസഭയിൽ നിന്ന് സസ്പെൻഡു ചെയ്യുകയും മർദിച്ച സി പി എം എം എ ൽഎമാർക്ക് സംരക്ഷണം നല്കുകയും ചെയ്ത ചരിത്രമുള്ള സി പി എം അതാണ് വീണ്ടും ആവർത്തിക്കാൻ ശ്രമിക്കുന്നതെങ്കിൽ അതു തീക്കളിയായിരിക്കും. യുഡിഎഫ് എം എൽ എമാരെ മർദിച്ച ഇടത് എം എൽ എമാർക്കും അഡീഷണൽ ചീഫ് മാർഷലിനുമെതിരെ നടപടിയെടുക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

നിസാരമായ കാരണങ്ങൾ പറഞ്ഞാണ് അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കർ തുടർച്ചയായി അവതരണാനുമതി നിഷേധിക്കുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിലും റൂൾ 50 നോട്ടീസ് അനുവദിക്കാത്ത സ്ഥിതിയാണ്. ബ്രഹ്‌മപുരത്ത് തീകത്തി 13 ദിവസം കഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി വായ് തുറന്നത്. ഇതിനിടെ മുഖ്യമന്ത്രി ആകെ ഒരു മീറ്റിങ് മാത്രമാണ് വിളിച്ചു കൂട്ടിയത്. കൊച്ചിയെ ഗ്യാസ് ചേംബറിലേക്ക് തള്ളിവിട്ടതിൽ മുഖ്യമന്ത്രിയുടെ നിശബ്ദതയും നിസംഗതയും വലിയ പങ്കുവഹിച്ചു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയപ്പോൾ അങ്ങോട്ട് തിരിഞ്ഞ് നോക്കാതെയും ഒരക്ഷരം ഉരിയാടെതെയും ക്ലിഫ് ഹൗസിൽ ഒളിച്ച മുഖ്യമന്ത്രിയുടെ സഭയിലെ എഴുതി തയ്യാറാക്കിയ പ്രസ്താവന കേട്ട് പുളകം കൊള്ളാൻ സിപിഎം അനുഭാവികൾക്കും ന്യായീകരണ തൊഴിലാളികൾക്കും സാധിക്കുമായിരിക്കും. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം കുറ്റവാളികളെ രക്ഷിക്കാനുള്ള കുറുക്കുവഴിമാത്രമാണ്. നഗരസഭയുടെ 16 കോടിയുടെ ടെൻഡർ റദ്ദാക്കി 54 കോടിയുടെ പദ്ധതിക്ക് അനുമതി നൽകിയതും നടപടിക്രമങ്ങൾ ലംഘിച്ച് സിപിഎം നേതാവിന്റെ മരുമകന്റെ കമ്പനിക്ക് കരാർ നൽകിയതും ഇതേ സർക്കാരാണ്. ഓഖി ദുരന്തമുണ്ടായപ്പോൾ വിഴിഞ്ഞത്ത് ഏറെ വൈകിയെത്തിയ മുഖ്യമന്ത്രിയെ നാട്ടുകാർ ഓടിച്ച ചരിത്രം കൊച്ചിയിൽ ആവർത്തിച്ചാൽ ആർക്കാണ് കുറ്റംപറയാൻ കഴിയുകയെന്ന് സുധാകരൻ ചോദിച്ചു.

മുഖ്യമന്ത്രിയെക്കാൾ വലിയ ധിക്കാരത്തോട പുതിയൊരു മുഖ്യൻ അവതാരമെടുത്തിട്ടുണ്ട്. അതൊക്കെ ക്ലിഫ് ഹൗസിൽ വച്ചാൽ മതി. സിപിഎമ്മിലെ പരിണിതപ്രജ്ഞരായ എംഎൽഎമാരെയും സമർത്ഥരായ യുവനേതാക്കളെയുമെല്ലാം വെട്ടിനിരത്തി ഇദ്ദേഹം അധികാരശ്രേണി കയറിയതിന്റെ പിന്നാമ്പുറങ്ങൾ നാട്ടിൽപാട്ടാണ്. അമ്മായിയപ്പൻ - മരുമകൻ ഭരണത്തിന്റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. പുതിയ അവതാരത്തോടുള്ള പാർട്ടിക്കുള്ളിലുള്ള എതിർപ്പ് വൈകാതെ പൊട്ടിത്തെറിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

സ്വപ്ന സുരേഷിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത പാർട്ടി സെക്രട്ടറിയെ ആയിരംവട്ടം മാതൃകയാക്കേണ്ടത് മുഖ്യമന്ത്രിയാണ്. തുടർച്ചയായി ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയിട്ടും ബധിരനും മൂകനുമായി അഭിനയിക്കുന്ന മുഖ്യന്ത്രി, പാർട്ടി സെക്രട്ടറിയുടെ നടപടി കാണാതെ പോകരുത്. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, കെടി ജലീൽ തുടങ്ങിയവരും പാർട്ടി സെക്രട്ടറിയെ മാതൃകയാക്കണം. അപഹാസ്യരായി ജനങ്ങളുടെ മുന്നിൽ നില്ക്കുന്നവർക്ക് അല്പമെങ്കിലും സ്വയംപ്രതിരോധിക്കാനുള്ള കച്ചിത്തുറുമ്പാണിതെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.