തിരുവനന്തപുരം: ഭരിക്കാൻ മറന്നു പോയ സർക്കാരാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എൽ.ഡി.എഫിലെ ഘടകകക്ഷികൾക്കും ബോധ്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെബി ഗണേശ് കുമാർ വിമർശനം ഉന്നയിച്ച സാഹചര്യത്തെയാണ് വിഡി സതീശൻ ചർച്ചയാക്കുന്നത്.

ഇന്നലെ നടന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഘടകകക്ഷി നേതാവ് കൂടിയായ എംഎ‍ൽഎ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്നും കടുത്ത ഭാഷയിൽ വിമർശിക്കുകയും സിപിഎമ്മിലെയും സിപിഐയിലെയും എംഎ‍ൽഎമാർ അത് കൈയടിച്ച് അംഗീകരിക്കുകയും ചെയ്തു.

വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ യാഥാർത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. ഇപ്പോൾ ഭരണകക്ഷി എംഎ‍ൽഎ തന്നെ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതിലൂടെ സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണകക്ഷി എംഎ‍ൽഎ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വെറും പ്രസംഗം മാത്രമായി ചുരുങ്ങാൻ പോകുകയാണ്. മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയും നടപ്പാക്കാനായിട്ടില്ല. വികസനപ്രവർത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബിയും ഇപ്പോൾ നിലച്ച മട്ടാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫർ സോൺ വിഷയത്തിലും സർക്കാർ ഗുരുതര അലംഭാവമാണ് കാട്ടിയത്. തീരദേശവാസികളെയും അവഗണിച്ചു. കാർഷിക മേഖല പൂർണമായും തകർന്നു.

ഇതിനിടയിലും ജപ്തി ഭീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ് കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാർ. എന്നിട്ടും സർക്കാർ കൈയുംകെട്ടി നോക്കി നിൽക്കുകയാണ്. നികുതി വരുമാനം ഇല്ലാതെ ട്രഷറി പൂട്ടേണ്ട അവസ്ഥയിലാണെങ്കിലും ധൂർത്തും പാഴ് ചെലവുകളുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സതീശൻ പറഞ്ഞു.

മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനങ്ങൾ പോരായെന്ന് ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തിൽ തുറന്നടിച്ച് കെ.ബി. ഗണേശ് കുമാർ എംഎൽഎ ചർച്ചകൾക്ക് പുതിയ മാനം നൽകിയിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎൽഎമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് യോഗത്തിൽ കെ.ബി. ഗണേശ് കുമാർ കുറ്റപ്പെടുത്തി. എംഎൽഎമാർക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയിൽ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. റോഡ് നിർമ്മാണമാണെങ്കിൽ ഇഴഞ്ഞുനീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും ഗണേശ് കുമാർ വിമർശിച്ചു.

വിദ്യാഭ്യാസ മന്ത്രിയേയും പേരെടുത്ത് ഗണേശ് കുമാർ വിമർശിച്ചു. മന്ത്രി നല്ലയാളാണ്, എന്നാൽ വകുപ്പിൽ ഒരു പ്രവൃത്തിയും നടക്കുന്നില്ല എന്നായിരുന്നു ഗണേശിന്റെ ആരോപണം. എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.ഗണേശ് കുമാറിന്റെ പരാമർശത്തെ നിയമസഭാ കക്ഷി യോഗത്തിൽ സിപിഎം എംഎൽഎമാർ രൂക്ഷമായി വിമർശിച്ചു. എന്നാൽ പറയാനുള്ള കാര്യങ്ങൾ ഈ വേദിയിൽ അല്ലാതെ എവിടെ പറയും എന്നാണ് ഗണേശ് കുമാർ ചോദിച്ചത്.

എംഎൽഎമാർക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നൽകുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും ഭരണ പക്ഷ എംഎൽഎ രൂക്ഷ വിമർശനം ഉയർത്തി. ഗണേശ് കുമാറിന്റെ വിമർശനത്തിനെ എതിർത്ത് സിപിഎം എംഎൽഎമാർ രംഗത്തെത്തി. വിമർശനം നീണ്ട് ജലവിഭവ വകുപ്പിലേക്ക് എത്തിയപ്പോൾ സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ ടി.പി. രാമകൃഷ്ണൻ ഇടപെട്ടു. എന്നാൽ ഇവിടെ അല്ലാതെ മറ്റെവിടാണ് താൻ ഇക്കാര്യങ്ങൾ പറയേണ്ടത്, ഇത് പറയാൻ മറ്റേതാണ് വേദി എന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം. ഗണേശ് കുമാറിനെ പിന്തുണച്ച് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനും രംഗത്തെത്തി.

ചില സിപിഐ എംഎൽഎമാർ ഗണേശ് കുമാറിന്റെ പ്രസ്താവനയെ കൈയടിച്ചാണ് സ്വീകരിച്ചത്. പിന്നീട് ചേർന്ന സിപിഎം എംഎൽഎമാരുടെ യോഗത്തിലും ഗണേശിന്റെ പ്രസ്താവനയെ അനുകൂലിച്ച് ചിലർ രംഗത്തെത്തിയതായും സൂചനയുണ്ട്.