തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍. ഏത് റിപ്പോര്‍ട്ടായാലും കോടതി നിര്‍ദേശം അനുസരിച്ച് അതില്‍ എന്താണോ നടപ്പാക്കാന്‍ പറയുന്നത്, അത് മുഴുവന്‍ നടപ്പാക്കും. മാധ്യമങ്ങള്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം മാധ്യമങ്ങള്‍ക്കെതിരെയും ഗോവിന്ദന്‍ രംഗത്തുവന്നു. തീവ്രവലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് കേരളത്തിലെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ താഴെയിറക്കാന്‍ സി.ഐ.എ.യില്‍ നിന്ന് പണം വാങ്ങിയവരാണ് മാധ്യമങ്ങള്‍. ഇടതുപക്ഷ സര്‍ക്കാരിനെ മാധ്യമങ്ങള്‍ കടന്നാക്രമിക്കുന്നു. തെറ്റായ ഒരു പ്രവണതയ്ക്കും ഇടതുപക്ഷപ്രസ്ഥാനത്തിന് കൂട്ടുനില്‍ക്കാനാവില്ല. ആര് എന്നത് പ്രശ്നമേയല്ല. സര്‍ക്കാരിന്റെ നിലപാട് അതാണ്.

സമത്വം എന്നത് സ്ത്രീക്കും പുരുഷനും തുല്യമായിരിക്കണം. അവരുടെ വേതനം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യത്തിലും തുല്യത വേണം. ഈ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയാണ് തുല്യതയുള്‍പ്പടെയുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത്. ആ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകും. ചില ആളുകള്‍ വെളിപ്പെടുത്തും. വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോള്‍ ചിലര്‍ക്ക് രാജിവയ്ക്കേണ്ടിവരും, രഞ്ജിത്ത് തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്, നോക്കാം. സിദ്ധിഖും രാജിവെച്ചിട്ടുണ്ട്, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. എ.ഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഡി.ഐ.ജി. എസ്. അജീത ബീഗം, എസ്.പി. മെറിന്‍ ജോസഫ്, എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, എ.ഐ.ജി. അജിത്ത് വി., എസ്.പി. എസ്. മധുസൂദനന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.

പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക. അതേസമയം, ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളില്‍ ഇപ്പോള്‍ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇത്.