കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയം ചർച്ചയാകവേ നിലപാട് വ്യക്തമാക്കി സമസ്ത. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏകസിവിൽ കോഡിൽ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും. കോൺഗ്രസുമായും ലീഗുമായും സഹകരിക്കും. എല്ലാ പൊതുസ്വഭാവമുള്ള പരിപാടികളിലും വിഷയത്തിൽ സമസ്ത സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഏത് രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സിവിൽ കോഡ് വിഷയത്തിൽ കോഴിക്കോട്ടു നടത്തിയ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സ്‌പെഷ്യൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസലിം ലീഗുമായും കോൺഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ഏക സിവിൽ കോഡ് വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പലതരം ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. അത്തരം പരിപാടികളിൽ സഹകരിക്കാനാണു തീരുമാനം'' ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചു.

ഏക സിവിൽ കോഡ് മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. സിവിൽ കോഡ് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഭരണാധികാരികളിൽനിന്ന് ജനങ്ങൾക്ക് പ്രയാസം ഉണ്ടാകാൻ പാടില്ല. ഏത് നിയമവും ഭരണഘടനയ്ക്ക് അനുസൃതമാകണം. ഓരോ മതങ്ങൾക്കും വിശ്വാസമനുസരിച്ച് ജീവിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല, പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനിൽക്കുന്നത്. ഈ ലക്ഷ്യം വച്ച് പുലർത്തുന്ന ആരുമായും സഹകരിക്കുമെന്നാണ് സമസ്തയുടെ നിലപാട്. രാജ്യത്തിന്റെ നന്മകൾക്ക് എതിരായ ചരിത്രം മുസ്ലിം സമുദായത്തിനില്ല. വികാരപരമായ എടുത്ത് ചാട്ടമല്ല വേണ്ടത്. ഓരോ മതസ്ഥർക്കും അവരുടെ ആചാരപ്രകാരം ജീവിക്കാൻ ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. മതം അനുശാസിക്കുന്ന മത നിയമങ്ങൾ പാലിക്കപ്പെടണമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

സമസ്തക്ക് പ്രത്യേകിച്ച് അജണ്ട ഒന്നുമില്ലെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി അബ്ദുല്ല മുസ്ലിയാർ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് എന്ന വാൾ തൂങ്ങി നിൽക്കുന്നു. ഇത് മുസ്ലീങ്ങൾക്ക് മുകളിൽ മാത്രമല്ല. എല്ലാ മത വിഭാഗങ്ങൾക്കും ദോഷമാണ്. അപകടമാണ്. താൽക്കാലിക ലാഭത്തിനു വേണ്ടി ആണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. എന്നാലിത് പ്രായോഗികം അല്ലെന്നും ബലമായി നടപ്പാൻ ഉള്ള നീക്കം ഭീകര പ്രവർത്തനം ആയി കണക്കാക്കേണ്ടി വരുമെന്നും അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.

സിപിഎമ്മിന്റെ ദേശീയ സെമിനാറിന്റെ സംഘാടക സമിതിയിൽ സമസ്തയുടെ പോഷകസംഘടനയായ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപ്പാറയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇത് സമസ്തയുടെ അറിവോടെയല്ലെന്നാണ് വിശദീകരണം. വൈസ് ചെയർമാന്മാരുടെ പട്ടികയിലായിരുന്നു മുസ്തഫ മുണ്ടുപ്പാറ ഉൾപ്പെട്ടത്. ഇത് താൻ മാധ്യമവാർത്തകളിലൂടെയാണ് മാത്രമാണ് അറിഞ്ഞതെന്നും തന്നോട് ഇക്കാര്യം ആരും അറിയിച്ചിരുന്നില്ലെന്നും മുസ്തഫ മുണ്ടുപ്പാറ പ്രതികരിച്ചു.