കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്കു സിപിഎമ്മിനും ക്ഷണം. ലീഗ് ജറനൽ സെക്രട്ടറി പി.എം.എ. സലാമാണു സെമിനാറിലേക്കു സിപിഎമ്മിനും ക്ഷണിച്ചതായി വ്യക്തമാക്കിയത്. ഈ മാസം 26 നു കോഴിക്കോടാണു സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറിലേക്കു ജമാഅത്തെ ഇസ്‌ലാമിയെയും ക്ഷണിച്ചിട്ടുണ്ട്. സെമിനാർ രാഷ്ട്രീയ പാർട്ടികളുടേതല്ലെന്നും എല്ലാ മതസംഘടനകളെയും ക്ഷണിച്ചിട്ടുണ്ടെന്നും ലീഗ് ജറനൽ സെക്രട്ടറി വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാർട്ടികളെയും മത സംഘടനകളെയും ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. സിപിഎമ്മിനെയും സിപിഐയേയും കോൺഗ്രസിനേയും ക്ഷണിച്ചതായാണ് അറിഞ്ഞത്. മുസ്ലിം ലീഗിനും ക്ഷണം ലഭിച്ചിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയും ഈ കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമാണ്. കോർഡിനേഷൻ കമ്മിറ്റി ചെയർമാനായ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിലാണ് സെമിനാർ നടക്കുക.

''എല്ലാ മതസംഘടനകളിലെയും പ്രമുഖരായ നേതാക്കൾ പങ്കെടുക്കും. കേരളത്തിലെ എല്ലാ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. അവരും പങ്കെടുക്കുമെന്നാണ് വിശ്വാസം'' പി.എം.എ. സലാം പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചിരുന്നു. എന്നാൽ, യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ലീഗ് സെമിനാറിൽ പങ്കെടുത്തിരുന്നില്ല. അതേസമയം മുസ്‌ലിം സംഘടനയായ സമസ്ത സെമിനാറിൽ പങ്കെടുത്തിരുന്നു.

മുസ്ലിം കോർഡിനേഷന്റെ പേരിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാർ രാഷ്ട്രീയ പാർട്ടികളുടേത് അല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുസ്ലിം കോർഡിനേഷൻ കമ്മിറ്റിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. 'പുതുപ്പള്ളി കോൺഗ്രസിന്റെ സീറ്റാണ്, ആരെ മത്സരിപ്പിച്ചാലും ലീഗ് പിന്തുണയ്ക്കും. സിപിഎമ്മും ബിജെപിയും മൽസരിക്കരുതെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആവശ്യത്തിൽ തെറ്റില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി. അതിൽ തീരുമാനമെടുക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ലെന്നും പിഎംഎ സലാം പറഞ്ഞു.