തിരുവനന്തപുരം: ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുമ്പാകെ വിശദീകരിച്ചു. മലപ്പുറം ജില്ലയിൽ എ.പി അനിൽകുമാറും ഡി.സി.സി പ്രസിഡന്റ് വി എസ് ജോയിയും ചേർന്ന് പാർട്ടി പുനഃസംഘടനയിൽ ആര്യാടൻ മുഹമ്മദിനൊപ്പം നിൽക്കുന്നവരെ കൂട്ടത്തോടെ വെട്ടിനിരത്തിയതടക്കമുള്ള വിശദമായ പരാതിയും കൈമാറി.

കെപിസിസി ജനറൽ സെക്രട്ടറിയായതിനാൽ സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് പറഞ്ഞ ഷൗക്കത്ത് മരണം വരെ കോൺഗ്രസ് പ്രവർത്തകനായി തുടരാനാണ് ആഗ്രഹമെന്നും വ്യക്തമാക്കി. പിതാവ് അവസാനനാളിൽ ആശുപത്രി കിടക്കയിൽ വെച്ച് പറഞ്ഞത് മരണപ്പെട്ടാൽ കോൺഗ്രസ് പതാക പുതപ്പിക്കാൻ മറക്കരുത് എന്നാണ്. തനിക്കും അതേ ആഗ്രഹമാണുള്ളത്. നിലപാടെടുത്താൽ പിന്നോട്ട് പോകരുതെന്നാണ് പിതാവ് പഠിപ്പിച്ചത്. ഫലസ്തീൻ വിഷയത്തിൽ പിന്നോട്ടുപോകില്ലെന്നും അദ്ദേഹം അച്ചടക്കസമിതി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ആര്യാടൻ പക്ഷത്തെ മുതിർന്ന നേതാക്കളായ മുൻ എംപിയും മുൻ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ സി.ഹരിദാസ്, മുൻ കെപിസിസി ജനറൽ സെക്രട്ടറി വി.എ കരീം, വി.സുധാകരൻ, പി.രാധാകൃഷ്ണൻ എന്നിവരെയും ഡി.സി.സി ഭാരവാഹികളായ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി, ജനറൽ സെക്രട്ടറിമാരായ ഉമ്മർകുരിക്കൾ, അഡ്വ. കെ.എ പത്മകുമാർ, പന്ത്രോളി മുഹമ്മദാലി, ടി.പി മുഹമ്മദ്, ഒ.രാജൻ, സമദ് മങ്കട, ഇഫ്തിഖാറുദ്ദീൻ, അഡ്വ. എൻ.എ ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി എന്നിവരെയും കേൾക്കണമെന്ന് ഷൗക്കത്ത് യോഗത്തിൽ ആവശ്യപ്പെട്ടു. തങ്ങളുടെ പക്ഷത്തെക്കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി കത്തു നൽകിയിരുന്നു. ഡി.സി.സി പ്രസിഡന്റ് വി എസ് ജോയിയെയും അനിൽകുമാർ പക്ഷത്തെ ഡി.സി.സി ഭാരവാഹികളെയും കൂടെ 8ന് കേൾക്കാൻ അച്ചടക്കസമിതി തീരുമാനിച്ചിട്ടുണ്ട്.

ഫലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയാൽ നടപടിയെടുക്കുമെന്ന കെപിസിസിയുടെ താക്കീത് തള്ളിയാണ് ഇക്കഴിഞ്ഞ മൂന്നിന് മലപ്പുറത്ത് ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റാലിയും ജനസദസും നടത്തിയത്. കോരിച്ചെരിയുന്ന മഴയത്തും പതിനായിരത്തോളം പേർ പങ്കെടുത്ത റാലി കോൺഗ്രസ് നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരുന്നു. മലപ്പുറം ജില്ലക്ക് പുറത്തുള്ള എ ഗ്രൂപ്പ് നേതാക്കൾ പരിപാടിയിൽ പ്രസംഗിക്കാനെത്തിയില്ലെങ്കിലും സമസ്ത വൈസ് പ്രസിഡന്റ് ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂർ അടക്കമുള്ളവർ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടൊപ്പം ഫലസ്തീനിലെ വിമോചന സമരത്തെയും പിന്തുണച്ച പ്രസ്ഥാനമാണ് കോൺഗ്രസെന്നും ഫലസ്തീൻ ഐക്യദാർഢ്യറാലി വിഭാഗീയ പ്രവർത്തനമല്ലെന്നും കാണിച്ചാണ് ഷൗക്കത്ത് കെപിസിസിക്ക് വിശദീകരണം നൽകിയത്. 1938ൽ സുഭാഷ് ചന്ദ്രബോസ് എ.ഐ.സി.സി പ്രസിഡന്റായപ്പോൾ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ ഫലസ്തീനിന്റെ വിമോചന പോരാട്ടത്തെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കിയതടക്കമുള്ള ചരിത്ര വസ്തുകൾ ഉയർത്തികാട്ടിയായിരുന്നു മറുപടി.

മൗലാന അബുൽകലാം ആസാദ് കോൺഗ്രസ് പ്രസിഡന്റായതിന്റെ 100ാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി ആസാദിന്റെ ലോകമെന്ന ചരിത്ര സെമിനാറാണ് ആദ്യമായി ഫൗണ്ടേഷൻ മലപ്പുറത്ത് നടത്തിയത്. മലപ്പുറം ഡി.സി.സിയോടൊപ്പം ആര്യാടൻ മുഹമ്മദ് അനുസ്മരണവും മികച്ച നിയമസഭാസാമാജികന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആര്യാടൻ പുരസ്‌ക്കാരം നൽകലുമായിരുന്നു രണ്ടാമത്തെ പരിപാടി. സെമിനാറിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസനും എംപിമാരടക്കമുള്ള കോൺഗ്രസ് നേതാക്കളും അവാർഡ് ദാനത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കളുമാണ് പങ്കെടുത്തത്. ഈ രണ്ടു പരിപാടികളും വിഭാഗീയ പ്രവർത്തനമല്ല.

മതനേതാക്കളെ അടക്കം ക്ഷണിച്ച ശേഷം ഫലസ്തീൻ ഐക്യദാർഢ്യ റാലി മാറ്റിവച്ചാൽ കോൺഗ്രസിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്നും അതുകൊണ്ടാണ് റാലി നടത്തേണ്ടി വന്നതെന്നുമായിരുന്നു ഷൗക്കത്തിന്റെ വിശദീകരണത്തിൽ വ്യക്തമാക്കിയത്. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് കെപിസിസി നേതൃത്വം തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെയർമാനായ അച്ചടക്ക സമിതിക്ക് കൈമാറിയത്. അച്ചടക്ക സമിതിയിലും കെപിസിസിക്ക് നൽകിയ വിശദീകരണത്തിനൊപ്പം മലപ്പുറത്ത് ആര്യാടൻ മുഹമ്മദിനൊപ്പം നിന്നവരെ വെട്ടിനിരത്തുന്നതിന്റെ വിശദാംശങ്ങളും കൈമാറി.

2016ൽ നിലമ്പൂരിൽ നിന്നും പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ തനിക്കെതിരെ പരസ്യപ്രകടനം നടത്തിയതും 2021ൽ സീറ്റ് നിഷേധിച്ചപ്പോൾ പകരം നൽകിയ മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ 21 ദിവസത്തിനകം മാറ്റിയതും ചൂണ്ടികാട്ടിയിട്ടുണ്ട്. ഒരു തരത്തിലുള്ള പരസ്യപ്രതികരണവും നടത്താതെ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായാണ് തുടർന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

1992ൽ കോൺഗ്രസിൽ അവസാന സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ മലപ്പുറത്ത് 90 ശതമാനത്തിലധികം ഭാരവാഹിത്വവും ആര്യാടൻ പക്ഷത്തിനായിരുന്നു. ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും ഒറ്റക്കെട്ടായി നിർദ്ദേശിച്ചിട്ടും മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിനെ വെട്ടി മുൻ എ ഗ്രൂപ്പ്കാരനായ വി എസ് ജോയിക്ക് നൽകിയതോടെയാണ് മലപ്പുറത്തെ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നത്. ആര്യാടന്റെ മരണത്തോടെ എ.പി അനിൽകുമാർ എംഎ‍ൽഎ വി എസ് ജോയിക്കൊപ്പം ചേർന്ന് ആര്യാടൻ പക്ഷത്തെ പൂർണമായും വെട്ടിനിരത്തിയാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും പ്രഖ്യാപനം നടത്തിയത്.

ജില്ലാതല സമവായകമ്മിറ്റി ഐകകണ്ഠ്യേന നിർദ്ദേശിച്ച 14 മണ്ഡലം പ്രസിഡന്റുമാരെയും തർക്കത്തിലുണ്ടായിരുന്ന 9 ഇടങ്ങളിലും ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതോടെയാണ് മലപ്പുറത്ത് എ ഗ്രൂപ്പ് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രംഗത്തിറങ്ങിയത്. എ ഗ്രൂപ്പിന്റെ പരാതിയിൽ തർക്കമുള്ള സ്ഥലങ്ങളിൽ മണ്ഡലം പ്രസിഡന്റുമാർ ചുമതലയേൽക്കരുതെന്ന് കെപിസിസി പ്രസിഡന്റ് നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശം ലംഘിച്ച് തർക്കമുള്ള സ്ഥലങ്ങളിൽ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റുമാർ ചുമതലയേറ്റെടുത്തതോടെയാണ് എ ഗ്രൂപ്പ് ശക്തിതെളിയിക്കാൻ ഫസ്തീൻ ഐക്യദാർഢ്യ റാലി പ്രഖ്യാപിച്ചത്.

രണ്ടു ദിവസത്തിനകം ഡി.സി.സി നേതൃത്വം ഭാരവാഹികളുടെ യോഗം പോലും വിളിക്കാതെ ഫലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തി. കെ. മുരളീധരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആര്യാടൻ ഷൗക്കത്തും എ ഗ്രൂപ്പ് നേതാക്കളും പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് ആര്യാടൻ ഫൗണ്ടേഷന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി വിഭാഗീയ പ്രവർത്തനമാണെന്നു കാണിച്ച് ഡി.സി.സി പ്രസിഡന്റ് കെപിസിസിക്ക് പരാതി നൽകിയത്.