കോട്ടയം: താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മൻ ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ. ടെലിവിഷൻ ചാനലുകളോടാണ് അവർ ഇക്കാര്യം പറഞ്ഞത്.

'അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മൻ വ്യക്തമാക്കി.

ഞാൻ എന്നും അപ്പയുടെ തണലിലാണ് ജീവിച്ചിരുന്നത്. ഇനിയും ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന് മാത്രം അറിയപ്പെട്ട് തുടരാനാണ് താൽപര്യം. വിദേശത്ത് താമസിക്കുന്ന ആളാണ് താനെന്നും പൊതുരംഗത്തേക്ക് ഇറങ്ങണമെന്നത് വിദൂര സ്വപ്നത്തിൽ പോലുമില്ലാത്ത കാര്യമാണെന്നും അവർ അറിയിച്ചു

ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകാൻ യോഗ്യതയുള്ള ആളാണ്. എന്നാൽ സ്ഥാനാർത്ഥി ആരാകണം എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. ആര് സ്ഥാനാർത്ഥിയാകണമെന്ന് പറയാൻ ഞാൻ ആരുമല്ല. പക്ഷേ ഞാൻ രാഷ്ട്രീയ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ല. ഇതിൽ ഒരു വ്യക്തത വരുത്തുകയാണ്' അച്ചു ഉമ്മൻ പറഞ്ഞു

തിരഞ്ഞെടുപ്പ് ചർച്ചകൾ ഇത്ര നേരത്തെ വേണ്ടിയിരുന്നില്ല. കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ ആക്കിയാൽ പാർട്ടിയിൽ നിന്ന് തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒരു അംഗീകാരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകുമെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം തീരുമാനിക്കുമെന്ന അഭിപ്രായം തിരുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട്, തന്നെ പരാമർശിച്ച് വരുന്ന വാർത്തകൾ തീർത്തും തെറ്റിദ്ധാരണാജനകമാണെന്നു സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

സ്ഥാനാർത്ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളിൽ നിന്നുണ്ടായി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്ന് ആകുമോ സ്ഥാനാർത്ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താൻ ഉദ്ദേശിച്ചതെന്നും സുധാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാണ് സ്ഥാനാർത്ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാർത്ഥി ആര് എന്നതിൽ ഒരു തർക്കവും പാർട്ടിയിൽ ഉണ്ടാകില്ല എന്നാണ് വ്യക്തമാക്കിയത്.

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഒരു ചർച്ചയും പാർട്ടിയിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ മാധ്യമങ്ങൾ നൽകരുതെന്നും സുധാകരൻ അഭ്യർത്ഥിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിഷയത്തിൽ ആദ്യം ചർച്ച നടക്കേണ്ടത് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിലാണെന്നാണ് സുധാകരൻ നേരത്തെ പറഞ്ഞത്. സ്ഥാനാർത്ഥി ആര് വേണമെന്ന് കുടുംബമാണ് തീരുമാനിക്കുന്നത്. കുടുംബം നിർദ്ദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കും. പുറത്തുനിന്ന് സ്ഥാനാർത്ഥിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

''വിഷയത്തിൽ ആദ്യം ചർച്ച നടക്കേണ്ടത് അദ്ദേഹത്തിന്റെ കുടുംബത്തിലാണ്. സ്ഥാനാർത്ഥി ആര് വേണമെന്ന് കുടുംബമാണ് തീരുമാനിക്കുന്നത്. കുടുംബം നിർദ്ദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കും. പുറത്തുനിന്ന് സ്ഥാനാർത്ഥിയുണ്ടാകില്ല.'' കെ.സുധാകരൻ നേരത്തെ പറഞ്ഞത് ഇങ്ങനെ.

പുതുപ്പള്ളി സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഔദ്യോഗികമായി ചർച്ച നടത്തി തീരുമാനമെടുക്കും. ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. എതിർസ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണം. അതിനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ട്. ഉമ്മൻ ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ മത്സരം ഒഴിവാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാകണമെന്ന് ചൂണ്ടിക്കാട്ടി ചെറിയാൻ ഫിലിപ്പ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇത്തരം പോസ്റ്റുകൾ ശരിയല്ലെന്നും വിഷയത്തിൽ അഭിപ്രായ പ്രകടനങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്നു പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.