കണ്ണൂർ: മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇപി ജയരാജന്റെ വാദം പൊളിയുന്നു. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ ഇപി ജയരാജന്റെ മകൻ ജെയ്‌സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണ്. കമ്പനി രജിസ്‌ട്രേഷൻ രേഖകളിൽ ഇത് വ്യക്തമാണ്. ഭാര്യ ഇന്ദിരയും കമ്പനിയുടെ ഭാഗം. 2021ലാണ് അവർ ഡയറക്ടറായത്. ഇപിയ്‌ക്കെതിരെ പി ജയരാജൻ ഉയർത്തിയ ആക്ഷേപം പാർട്ടി ചർച്ചയാക്കും. നടപടികൾ ഉണ്ടായില്ലെങ്കിലും ഇപിക്ക് വലിയ തിരിച്ചടിയായി ഈ ആരോപണം മാറും.

കമ്പനിയുടെ മെമോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപിയുടെ മകൻ പികെ ജെയ്‌സണും വ്യവസായി കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. സ്വർണ്ണ കടത്തിൽ ചർച്ചയായ പേരുകാരനും ഡയറക്ടറാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്സ് സൊല്യൂഷൻസുമായി അന്ന്ത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ഇത് ശരിയുമാണ്.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്‌സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്‌സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്സ്മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. സുജാതൻ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്‌സൺ ഉണ്ട്. ഇതിൽ ഭാര്യ ഇന്ദിരയും.

ഇപി ജയരാജനെതിരായ പി ജയരാജന്റെ സ്വത്ത് സമ്പാദന ആരോപണം പാർട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാർട്ടിയിൽ ശുദ്ധീകരണ പ്രക്രിയ തുടങ്ങുകയാണ്. ഉൾപാർട്ടി സമരത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ചർച്ചകളെന്ന പി ജയരാജന്റെ പരസ്യപ്രസ്താവന പലതിന്റെയും തുടക്കമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. തിരുവനന്തപുരത്തും നടപടികൾ തുടങ്ങി. ഇതെല്ലാം പൊതുതത്വത്തിന്റെ ഭാഗമാണ്.

കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാർട്ടി സംസ്ഥാന സെക്രട്ടേറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയിരുന്നു. എംവി ഗോവിന്ദൻ തന്നേക്കാൾ ജൂനിയറാണെന്നും അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞിരുന്നു. ഇത് പിണറായി വിജയനടക്കം നേതാക്കളെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് നേരത്തെ തന്നെ പല നേതാക്കൾക്കും അറിയാമായിരുന്ന റിസോർട്ട് വിഷയം തെറ്റ്തിരുത്തൽ രേഖാ ചർച്ചയുടെ ഭാഗമായി ഉയർന്ന് വന്നത്.

ഇ. പി. ജയരാജനെതിരെ വ്യക്തിപരമായ ആക്ഷേപമല്ല, തെറ്റായ പ്രവണതകളുണ്ടാകുമ്പോൾ അത് ചർച്ചചെയ്യുന്ന കാര്യമാണ് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലെ തിരുത്തൽ രേഖാ ചർച്ചയിൽ ഉണ്ടായതെന്ന് പി.ജയരാജൻ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരെ പി. ജയരാജൻ റിസോർട്ട് ആരോപണം ഉന്നയിച്ചതായി വന്ന വാർത്തയോടായിരുന്നു പ്രതികരണം. തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം തുടർന്ന ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ 'മധുരപ്രതികാര'മായി സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ നടത്തിയ റിസോർട്ട് ആരോപണം. പാർട്ടിയെയും നേതൃത്വത്തെയും വെട്ടിലാക്കിയ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ ആരോപണം കണ്ണൂരിൽ സംഘടനാതലത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ പി. ജയരാജന്റെ പേരുണ്ടാകുമെന്ന് ഉറപ്പിച്ച അണികളെ ഞെട്ടിച്ച് സംസ്ഥാന നേതൃത്വം തഴഞ്ഞതിനുപിന്നിൽ ഇ.പി. ജയരാജന്റെ അദൃശ്യ ഇടപെടലുണ്ടായെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ സംശയിച്ചിരുന്നു. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ പി. ജയരാജനും സീറ്റ് വേണ്ടെന്ന നിലപാട് ഇ.പി. സ്വീകരിച്ചുവെന്നും ആക്ഷേപമുയർന്നിരുന്നു.

ജില്ലാസെക്രട്ടറി സ്ഥാനം രാജിവച്ച് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരാടാനിറങ്ങിയപ്പോൾ, ജയരാജന് കണ്ണൂരിൽ സീറ്റ് നൽകാതെ കോഴിക്കോട്ടെ വടകരയാണ് നൽകിയത്. സത്സംഗ് ഫൗണ്ടേഷൻ അദ്ധ്യക്ഷനും ആത്മീയാചാര്യനുമായ ശ്രീ എമ്മിന്റെ മദ്ധ്യസ്ഥതയിൽ സിപിഎം- ആർഎസ്എസ് ചർച്ച നടത്തിയിരുന്നെന്ന് സ്ഥിരീകരിച്ചും ചർച്ച നടത്തിയില്ലെന്ന എം വി ഗോവിന്ദന്റെ നിലപാട് തള്ളിയും പി. ജയരാജൻ രംഗത്തുവന്നതും പാർട്ടി നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തൽ ഇ.പി. ജയരാജൻ ഉൾപ്പടെയുള്ള നേതാക്കൾക്കുണ്ടായിരുന്നു.

ഇ.പി. ജയരാജനെ പ്രതിക്കൂട്ടിലാക്കിയ റിസോർട്ട് വിവാദം നേരത്തെ തന്നെ പാർട്ടിയിൽ ശക്തമായിരുന്നെങ്കിലും നേതൃത്വം മൗനം പാലിച്ചു. ആന്തൂർ നഗരസഭയിൽ നിന്ന് അനധികൃതമായി ആയുർവേദ റിസോർട്ടിന് അനുമതി നേടിയെന്ന് അന്നേ ആരോപണമുയർന്നിരുന്നു. ഇതിനു തൊട്ടടുത്താണ് പ്രവാസി വ്യവസായിയായിരുന്ന സാജൻ പാറയിലിന്റെ പാർത്ഥാ കൺവെൻഷൻ സെന്റർ. ആന്തൂർ നഗരസഭ കംപ്‌ളീഷൻ സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് സാജൻ ആത്മഹത്യ ചെയ്തു. വിവാദമായതോടെയാണ് നഗരസഭ അനുമതി നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ ഭാര്യയായിരുന്നു അന്ന് മുനിസിപ്പൽ ചെയർമാൻ.

ഇ.പിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന റിസോർട്ടിൽ കൺവെൻഷൻ സെന്റർ നിർമ്മിക്കാനും പദ്ധതിയുണ്ടായിരുന്നു. മൂന്ന് വർഷം മുൻപ് റിസോർട്ട് ഉദ്ഘാടനം ചെയ്തു. കെപിസിസി മുൻ എക്‌സിക്യുട്ടീവ് അംഗം മമ്പറം ദിവാകരൻ ഉൾപ്പടെ റിസോർട്ട് ഉദ്ഘാടനത്തിൽ പങ്കെടുത്തത് കോൺഗ്രസിലും വിവാദമായിരുന്നു.