മലപ്പുറം: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ മുതിർന്ന സിപിഐ നേതാക്കൾ പങ്കെടുക്കില്ലെന്ന് ഉറപ്പായി. മുന്നണിയെന്ന നിലയിൽ ചെയ്യേണ്ട പരിപാടി സിപിഎം ഒറ്റയ്ക്ക് സംഘടിപ്പിക്കുന്നതിലാണ് സിപിഐ നേതാക്കൾക്ക് അതൃപ്തി. കൂടാതെ മുസ്ലിംലീഗിനെ ഒപ്പം നിർത്താൻ നടത്തിയ ശ്രമങ്ങളും സിപിഐക്ക് ഇഷ്ടമായിട്ടില്ല.

ഇപ്പോഴത്തെ നിലയിൽ മുതിർന്ന സിപിഐ നേതാക്കൾ സെമിനാറിൽ പങ്കെടുക്കില്ല. താൻ പങ്കെടുക്കില്ലെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികൾ ഉണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. സിപിഎം സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിൽ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ല. സിപിഐ പ്രതിനിധിയായി ഇകെ വിജയൻ സെമിനാറിൽ പങ്കെടുക്കും. കേരളത്തിൽ എല്ലാവരും ഒരുമിച്ചുള്ള പരിപാടികൾ എളുപ്പമല്ലെന്നും എന്നാൽ എല്ലാവർക്കും ഒരേ നിലപാടാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് വിഷത്തിൽ ഏകപക്ഷീയമായി സിപിഎം പ്രഖ്യാപിച്ച സമര പരിപാടികളിൽ തന്ത്രപരമായി നിലപാടെടുക്കുകയാണ് സിപിഐ. ഈ മാസം 15 നാണ് കോഴിക്കോട്ട് സെമിനാർ നിശ്ചയിച്ചിരിക്കുന്നത്. സെമിനാറിലേക്ക് പാർട്ടി ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.

മുന്നണിയിൽ കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിലും മുസ്ലിം ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത അതൃപ്തിയാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ പ്രതിഷേധം അറിയിക്കുന്നതിന് ഒപ്പം മുന്നണിയിൽ നിസ്സഹകരിച്ചെന്ന തോന്നലുണ്ടാകാതിരിക്കാൻ കൂടിയാണ് സിപിഐ ഇടപെടൽ. ദേശീയ കൗൺസിൽ നടക്കുന്നതിനാൽ നേതാക്കൾ ഡൽഹിയിലാകുമെന്ന ന്യായീകരണമാണ് നേതൃത്വം നൽകുന്നത്.