തിരുവനന്തപുരം: മഹിളാ കോൺഗ്രസ്, കെഎസ് യു പുനഃ സംഘടനയെ ചൊല്ലിയാണ് കോൺഗ്രസിൽ പുതിയ കലഹം. ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ ചില ചരടുവലികൾ നടത്തിയെന്നാണ് ആരോപണം. മഹിളാ കോൺഗ്രസിന്റെ ഭാരവാഹിത്വം കെസി വേണുഗോപാൽ വിഭാഗം പിടിച്ചെടുത്തു എന്ന ആരോപണവുമായി മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സുനിതാ വിജയൻ രംഗത്തെത്തി.മഹിളാ കോൺഗ്രസ് ഭാരവാഹി പട്ടികയിൽ അർഹരെ തഴഞ്ഞു എന്നാണ് ആരോപണം. തിരുവനന്തപുരം ജില്ലാ അധ്യക്ഷ പദവിയിൽ നിന്നും തഴഞ്ഞതിലാണ് സുനിത പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. രമേശ് ചെന്നിത്തല വിഭാഗം നേതാവായ സുനിത വിജയൻ പദവികളും രാജിവെച്ചു.

ലിപ്സ്റ്റിക്കിട്ട വനിതകൾക്കേ പാർട്ടിയിൽ സ്ഥാനമുള്ളൂവെന്നും, കോൺഗ്രസിൽ കെസി വേണുഗോപാലിന് വേണ്ടി റിക്രൂട്ട്മെന്റ് ഏജൻസി പ്രവർത്തിക്കുന്നുവെന്നും സുനിത പറഞ്ഞു. നിലവിലെ ഭാരവാഹി പട്ടികയിൽ വന്നവരെല്ലാം അനർഹരാണ് എന്നും അവർ പറഞ്ഞു.

' തിരുവനന്തപുരം ഡിസിസി നായർ ലോബിയുടെ കയ്യിലാണ്. ഡിസിസി ഓഫസിന്റെ മുന്നിൽ എൻഎസ്എസ് കാര്യാലയ എന്ന് വയ്ക്കുന്നതാണ് നല്ലത്. ശാഖയെന്ന് വയ്ക്കുന്നതാണ് നല്ലത്. കാരണം നായന്മാര് മാത്രമേ അതിനകത്തുള്ളു. അദർ ജാതികളെ ഒരാളെ പ്രവേശിപ്പിക്കില്ല. പ്ലീനറിയിൽ പരിഗണന ഒബിസി എന്നൊക്കെ പറഞ്ഞു, പക്ഷേ പരിഗണനയെല്ലാം വാക്കുകളിൽ ഒതുങ്ങുന്നതാണ്. ഞാൻ രണ്ടും കൽപ്പിച്ചുതന്നെയാണ് പ്രതികരിച്ചത്. എത്രയെന്ന് കണ്ടാ ക്ഷമിക്കുക?

ഞാൻ മുമ്പ് വലിയൊരു പരാതി നൽകിയിരുന്നു. വാമനപുരം മണ്ഡലത്തിൽ മത്സരിച്ച ആനാട് ജയൻ. പുള്ളിക്കാരൻ വെള്ളമടിച്ചിട്ട് വന്ന്, കമ്മിറ്റിക്ക് അകത്ത് പരസ്യമായിട്ട് പ്രോസ്റ്റിറ്റിയൂട്ട് എന്ന് വിളിച്ചു. ഭയങ്കര വിവാദവും, പത്രങ്ങളിൽ വാർത്തയും ഒക്കെ വന്നു. അന്ന് എന്നെ വിളിച്ചിട്ട് പറഞ്ഞ് മാപ്പുകൊടുക്കണമെന്ന്. എത്ര പ്രാവശ്യം മാപ്പുകൊടുക്കും. മാപ്പുകൊടുക്കാൻ വേണ്ടി മാത്രം ഒരു കെപിസിസിയും ഡിസിസിയും. ഇപ്പോഴും എന്നോട് ആവർത്തിച്ചത് മാപ്പാണ്.

ജില്ലാപ്രസിഡന്റായി വന്ന ആൾ ഒരിക്കലും അർഹത ഇല്ലാത്തയാൾ. കേരളത്തിലെ ജില്ലാ പ്രസിഡന്റുമാരെ പരിശോധിച്ച് കഴിഞ്ഞാൽ, എല്ലാം കെസി ഗ്രൂപ്പ്. തിരുവനന്തപുരത്ത് ഉമ്മൻചാണ്ടാ സാറിന് രണ്ടുപേരെ കൊടുത്തു. എഐസിസിയിൽ അടക്കം പരാതി കൊടുത്തു. പലരും രാജി സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഞാൻ ഇന്നലെ അപ്പോൾ തന്നെ റിജക്റ്റ് ചെയ്തു.എന്റെ പേര് സംസ്ഥാന ജനറൽ സെക്രട്ടറി പട്ടികയിൽ ഉണ്ടായിരുന്നു. കാരണം ഇട്ടേ ഒക്കുകയുള്ളു എന്റെ പേര് ഇങ്ങനെ വിവാദമായതുകൊണ്ട്. മൂന്നുപ്രാവശ്യം ഫ്രീസ് ചെയ്തതുകൊണ്ട്.

ഗ്രാസ് റൂട്ടിൽ പ്രവർത്തിക്കുന്ന ആരെയും പരിഗണിച്ചിട്ടില്ല. ഇതിനകത്ത് എങ്ങനെ വനിതകൾ നിൽക്കും? സുനിത ചോദിച്ചു. ആണുങ്ങൾ എന്തെങ്കിലും ചെയ്താലും കുഴപ്പമില്ല, ബിന്ദു കൃഷ്ണയെ തൊടാൻ ഇവർക്ക് പേടിയാ...കാരണം കണ്ടുകണ്ടില്ല എന്നുപറഞ്ഞുനിൽക്കുന്നയാളാണ്. എന്താണ് കണ്ടതെന്ന് വെളിയിൽ പറയും. പേടിയുണ്ട്. '

ഡിസിസി സെക്രട്ടറിക്ക് എതിരെ സുനിതയുടെ പരാതി

തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി കൃഷ്ണകുമാറിനെതിരെ സുനിതാ വിജയൻ പരാതി നൽകിയിരിക്കുകയാണ്. മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആകണമോ എന്ന് ചോദിച്ച് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

മഹിളാകോൺഗ്രസ് ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പരാതി. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ ഭർത്താവ് കൂടിയാണ് കൃഷ്ണകുമാർ. മഹിളാ കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ അധ്യക്ഷ പദവിയിലേക്ക് തന്റെ പേര് തഴയുന്നു എന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ഭീഷണി നേരിട്ടതായി സുനിത വിജയന്റെ പരാതി.

പാർട്ടി തരുന്ന സ്ഥാനം വാങ്ങിയില്ലെങ്കിൽ കുടുംബത്തിൽ കിടന്നുറങ്ങാൻ കഴിയില്ലെന്ന് കൃഷ്ണകുമാർ ഭീഷണിപ്പെടുത്തിയതായി സുനിത പറയുന്നു. പിന്നാലെ കെപിസിസി പ്രസിഡന്റിനോടും, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയോടും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും സുനിത പറയുന്നു. അന്നേ ദിവസം തന്നെ കൃഷ്ണകുമാർ തന്നെ വിളിച്ചു മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ സ്ത്രീകളോട് ഇത്തരത്തിൽ പെരുമാറുമ്പോഴും അവർക്കെതിരെ ഒരു നടപടിക്കും പാർട്ടി തയ്യാറാകുന്നില്ല. പ്രതിയായ കൃഷ്ണകുമാർ ബിന്ദു കൃഷ്ണയുടെ ഭർത്താവായതിനാലാണ് നടപടി എടുക്കാത്തത് എന്നും നടപടിയെടുത്താൽ ബിന്ദു കൃഷ്ണയുടെ ഇമേജിനെ ബാധിക്കുമെന്ന് അറിയിച്ചതായും പരാതിയിലുണ്ട്.

വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിൽ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സുനിത കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. കൃഷ്ണകുമാറും, ബിന്ദു കൃഷ്ണയും തനിക്ക് പണം നൽകാനുണ്ടെന്നും ഇത് എത്രയും പെട്ടന്ന് മടക്കി നൽകാനുള്ള നടപടിയും സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. അതേസമയം തനിക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം.

ജെബി മേത്തർ കെസി വേണുഗോപാലിന്റെ ചട്ടുകമായെന്നാണ് മറ്റു ഗ്രൂപ്പുകളുടെ അഭിപ്രായം. ഇക്കാര്യത്തിൽ വലിയ അതൃപ്തി എ വിഭാഗത്തിനുമുണ്ട്. എ വിഭാഗം നേതാക്കൾ ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കുമെന്നാണ് വിവരം. സംസ്ഥാന ഭാരവാഹി പട്ടികയിലും എ-ഐ വിഭാഗത്തിനെ തഴഞ്ഞു. സുധാകരൻ അനുകൂലികൾക്കും പരിഗണന ലഭിച്ചില്ല. ഇതോടെ രമേശ് ചെന്നിത്തലയും സുധാകരനും ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു. പട്ടിക മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്ത് നൽകി.

ഇതുമായി ബന്ധപ്പെട്ട് ധന്യാ രാമന്റെ പോസ്റ്റ് കൂടി വായിക്കാം

22 വർഷം കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ബൂത്ത് തലത്തിൽ പ്രവർത്തിച്ച വ്യക്തി ആണ് സുനിത. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകി രണ്ടു വട്ടം പര്യടനം നടത്തി 6 ലക്ഷം രൂപയ്ക്ക് ഫ്‌ളക്സ്സ്, നോട്ടീസ് എല്ലാം വിതരണം ചെയ്യാൻ തുടങ്ങിയപ്പോൾ പ്രവാസി ആയ നായർ സ്ത്രീക്ക് വേണ്ടി നെയ്യാറ്റിൻകര സനൽ നിർദ്ദേശിച്ച സ്ത്രീക്ക് വേണ്ടി ഇവരെ മാറ്റി സീറ്റ് നൽകി. അവർ സുന്ദരമായി തോൽക്കുകയും ചെയ്തു.

ഒരിക്കലും പഠിക്കാത്ത കോൺഗ്രസ് ആണ്. ഒരു സ്ത്രീയുടെ പരാതി പോലും പുറം ലോകം കാണില്ല. ഭാരത് ജോേഡാ യാത്രക്ക് അഞ്ച് ലക്ഷം നൽകിയ സ്ത്രീക്കു പാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റ് ആക്കാൻ വാഗ്ദാനം നൽകി. പദവിക്കു പോലും പൈസ വേണം എന്ന അവസ്ഥയിലേക്ക് ഈ പാർട്ടി എത്തി.

28 സ്ത്രീകൾ മഹിളാ കോൺഗ്രസ് അഡൈ്വസറി ബോർഡിൽ നിർദ്ദേശങ്ങൾ നൽകാൻ ഉണ്ട്. കമ്മിറ്റി ലൈവ് ആയിരുന്നു പക്ഷെ ഈ കമ്മിറ്റി അറിയാതെ ഓരോ കാര്യങ്ങളും നടത്താൻ തുടങ്ങിയപ്പോൾ 28 പേരും രാജി വച്ചു. തിരുവനന്തപുരം ജില്ലയിൽ നായർ വോട്ട് കൂടുതൽ എന്ന് പറയുന്നിടത്തെല്ലാം ആന്റണി രാജുവും, വി കെ പ്രശാന്ത് ഉം വിജയിച്ചു കണ്ടിട്ടും നായർ പ്രൊമോഷൻ തീരുന്നില്ല.

ഒരു സ്ത്രീയെ രാത്രി വിളിച്ചു അബോർഷൻ ചെയ്യുന്നതു എങ്ങനെ എന്നറിയാമോ? പറഞ്ഞു തരാമോ എന്ന് തുടങ്ങി സംഭാഷണം അശ്ലീല ത്തിലേക്ക് എത്തിക്കാൻ നോക്കിയ വാമനപുരം പുരുഷോത്തമൻ നായർ കാര്യം ഡിസ്‌കസ് ചെയ്യാൻ തുടങ്ങിയതിനെ call റെക്കോർഡ് ചെയ്തു പരാതി കൊടുത്തപ്പോൾ അതു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്ക് എന്ന് ഡിസിസി വക ഉപദേശം.

ഈ വീഡിയോ യിൽ അഭിപ്രായം പറയുന്ന സുനിത ചേച്ചി ക്കെതിരെ ഇന്നലെ മുതൽ നടക്കുന്ന സൈബർ അറ്റാക്ക് കോൺഗ്രസ് സൈബർ പോരാളികളുടെ ഭാഗത്തു നിന്നാണ്.വായിച്ചാൽ അറയ്ക്കും. അതിനെയും ധീരമായി മറികടക്കുക ആണ് ഈ വനിത.
പൂർണ പിന്തുണ.