മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ പരോക്ഷമായി വിമർശിച്ചെന്നും ഇത് പ്രതിഷേധാർഹമാണെന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്ത നേതാക്കൾ മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്ക് പരാതി നൽകി. സമസ്ത നേതാക്കൾക്കെതിരായ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് സാദിഖലി തങ്ങൾക്കും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകിയത്.

ഹമീദ് ഫൈസി അമ്പലക്കടവ്, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സത്താർ പന്തല്ലൂർ തുടങ്ങി 21 നേതാക്കളാണ് പരാതിയിൽ ഒപ്പിട്ടത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പി.എം.എ. സലാം നടത്തിയ ചില പരാമർശങ്ങളാണ് ഇത്തരത്തിൽ പരാതിയിലേക്ക് നയിച്ചത്. കൂടാതെ, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം അബ്ദുറഹിമാൻ കല്ലായിയുടെ പ്രസംഗവും കത്തിൽ പരാമർശിക്കുന്നുണ്ട്.

സമസ്തയെയും നേതാക്കളെയും സംഘടന സംവിധാനങ്ങളെയും പൊതുവേദികളിൽ മുസ്ലിം ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ അധിക്ഷേപിക്കുന്ന പ്രവണത വർധിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ പരോക്ഷമായി നടത്തിയ പരാമർശങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. തുടർച്ചയായ മുസ്ലിം സമുദായത്തിന് ഉണ്ടാക്കുന്ന ചില വിള്ളലുകളാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തട്ടം വിവാദത്തിലായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേര് പരാമർശിക്കാതെ പി.എം.എ സലാം വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഫോൺകോൾ കിട്ടിയാൽ എല്ലാമായി എന്നു വിചാരിക്കുന്ന ആളുകൾ നമ്മുടെ സമുദായത്തിൽ ഉണ്ടെന്നായിരുന്നു പരാമർശം. മുഖ്യമന്ത്രിയോട് അടുത്ത ബന്ധം പുലർത്തുന്നവർ തട്ടം വിവാദത്തിൽ എന്തു നിലപാടാണ് എടുക്കുകതെന്നും സലാം ചോദിച്ചിരുന്നു. 'മുഖ്യമന്ത്രിയുടെ ഫോൺകോൾ കിട്ടിയാൽ എല്ലാമായി എന്നു വിചാരിക്കുന്ന ആളുകൾ നമ്മുടെ സമുദായത്തിൽ ഉണ്ട്. ഇത്തരമൊരു നയവുമായി (തട്ടംവിവാദം)നീങ്ങുന്ന പാർട്ടിയോടുള്ള സമീപനം എന്താണെന്നു അവർ പറയണമെന്നു'മാണു സലാം പറഞ്ഞത്. എന്നാൽ സലാമിന്റെ ഈ പരാമർശം ജിഫ്രി തങ്ങളെ ഉദ്ദേശിച്ചുള്ളതല്ലെയെന്ന ചോദ്യത്തിന് ഇക്കാര്യം സലാമിനോടു തന്നെ ചോദിക്കണമെന്നാണ് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.