തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ട് ചർച്ച ചെയ്യാതെ മന്ത്രിസഭ. മന്ത്രിസഭാ യോഗത്തിന്റെ ഇന്നലത്തെ അജൻഡയിൽ പഠന റിപ്പോർട്ടിന്മേലുള്ള ചർച്ചയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് പഠിക്കാൻ കൂടുതൽ സമയം വേണമെന്നു മന്ത്രിമാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് തീരുമാനം അടുത്ത ആഴ്ചയിലേക്കു മാറ്റിവെക്കുകയായിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ശമ്പള ഏകീകരണം സംബന്ധിച്ചുള്ള തീരുമാനമെടുത്താൽ വിവാദമാകുമോ എന്നുള്ള ചിന്തയും റിപ്പോർട്ട് ചർച്ച ചെയ്യാതെ മാറ്റിവെച്ചതിന് പിന്നിലുണ്ടെന്നും സംശയമുണ്ട്.

മന്ത്രിസഭാ യോഗത്തിന്റെ മറ്റ് പ്രധാന തീരുമാനങ്ങൾ ഇങ്ങനെ

ഐടി പാർക്കുകളിലെ പാട്ടക്കരാറുകളുടെയും ഉപകരാറുകളുടെയും റദ്ദ് ആധാരങ്ങൾക്ക് ആവശ്യമായ മുദ്രവിലയും രജിസ്റ്റ്രേഷൻ ഫീസും ഇളവ് ചെയ്യും.

കേരളത്തിലെ ബീഡി സ്ഥാപനങ്ങൾക്ക് അപേക്ഷാ കാലയളവിലേക്കു മാത്രം ഇഎസ്ഐ പദ്ധതിയിൽ നിന്ന് ഇളവ് അനുവദിക്കും. പീഡിത വ്യവസായം എന്ന പരിഗണന നൽകിയാണ് തീരുമാനം.

കേരള പേപ്പർ പ്രൊഡക്ട്സിനു വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കൾ അനുവദിക്കുമ്പോൾ ഈടാക്കേണ്ട വില യോഗത്തിൽ നിശ്ചയിച്ചു. 24,000 ടൺ യൂക്കാലിപ്റ്റസ്, അക്കേഷ്യ ഓറിക്യുലിഫോർമിസ്, അക്കേഷ്യ, മാഞ്ചിയം, മുള, ഈറ്റ തുടങ്ങിയവ ടണ്ണിന് 500 രൂപയ്ക്കാവും ആദ്യ വർഷം നൽകുക. 3 മാസത്തിനകം ഇതിന്റെ വർക്കിങ് പ്ലാനിന് അംഗീകാരം ലഭ്യമായിരിക്കണം.

കാറപകടത്തിൽ പൂർണ അംഗവൈകല്യം സംഭവിച്ച, ജലഗതാഗത വകുപ്പിലെ ബോട്ട് മാസ്റ്റർ കെ.സലിംകുമാറിന് സൂപ്പർ ന്യുമറി തസ്തിക സൃഷ്ടിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകും. കാസർകോട്, കുളത്തുർ വില്ലേജിൽ 20 സെന്റ് സർക്കാർ ഭൂമി ഹോമിയോ ഡിസ്പെൻസറിക്കു ഓഫിസ് കെട്ടിടം നിർമ്മിക്കുന്നതിന് നൽകും. ബേഡഡുക്ക ഗ്രാമപഞ്ചായത്തിന് 30 വർഷത്തേക്ക് സൗജന്യ നിരക്കായ ആർ ഒന്നിന് 100 രൂപ വാർഷിക പാട്ടനിരക്കിലാണ് നൽകുക.

തിരുവനന്തപുരം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കാൻ വിവിധ വകുപ്പുകൾ സമർപ്പിച്ച 3 പദ്ധതി നിർദേശങ്ങൾ മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്തു ഗ്രോയ്നുകളുടെ നിർമ്മാണം, നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം, കൊട്ടാരക്കര മണ്ഡലത്തിലെ ശുദ്ധജല പദ്ധതി എന്നിവയാണു നടപ്പാക്കുക. ചേർത്തല മുനിസിപ്പാലിറ്റിക്ക് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ നൽകിയ ഭരണാനുമതി 7.83 കോടി രൂപയാക്കി പുതുക്കി നൽകാനും തീരുമാനിച്ചു.

സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണിയുടെ സേവനകാലാവധി കഴിഞ്ഞ 17 മുതൽ ഒരു വർഷത്തേക്കു കൂടി നീട്ടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.