തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് ആക്ഷൻ ഹീറോ സുരേഷ് ഗോപി. സ്ഥാനാർത്ഥിയാകാൻ വേണ്ടി മണ്ഡലത്തിൽ കളം നിറഞ്ഞിരിക്കയാണ് അദ്ദേഹം. എന്നാൽ, തൃശ്ശൂർ എടുക്കണമെങ്കിൽ കത്തോലിക്കാ വിഭാഗത്തിന്റെ പിന്തുണ അത്യാവശ്യമാണ്. എന്നാൽ, മണിപ്പൂർ വിഷയം ഇവിടെയും തടസമായി മാറുമോ എന്ന ആശങ്ക ശക്തമാണ്. ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂർ അതിരൂപത രംഗത്തു വന്നു കഴിഞ്ഞു.

തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് അതിരൂപത മുഖപത്രം 'കത്തോലിക്കാസഭ'യുടെ ലേഖനത്തിൽ പറയുന്നു. മണിപ്പൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പ്രസ്താവന എടുത്തുപറഞ്ഞായിരുന്നു അതിരൂപത മുഖപത്രത്തിലെ വിമർശനം. 'അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിട ആണുങ്ങളുണ്ട്' എന്നായിരുന്നു നടന്റെ വിവാദ പ്രസ്താവന.

മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ 'ആണുങ്ങൾ' എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്ന് ലേഖനത്തിൽ ചോദ്യമുണ്ട്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന് സുരേഷ് ഗോപിക്കു പരോക്ഷ പരിഹാസമുണ്ട് ഇതിൽ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂർ സംഘർഷം മറക്കില്ലെന്നും മുന്നറിയിപ്പുണ്ട്. കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്കു മനസിലാകും. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. മണിപ്പർ വിഷയം മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനങ്ങൾ ജാഗരൂകരാണെന്നും പത്രം മുന്നറിയിപ്പ് നൽകുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കിയില്ല. സമാധാനം സ്ഥാപിക്കാൻ അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞാലും തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾ കാണിക്കാറുണ്ടെന്നും കത്തോലിക്കാസഭയുടെ മുഖപത്രം വിമർശിക്കുന്നു.

തെരഞ്ഞെടുപ്പിനുമുൻപ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണെന്നും മുന്നറിയിപ്പുണ്ട്.