തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ, മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന ശശി തരൂരിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം അവരവർ തീരുമാനിക്കേണ്ട എന്നാണ് സതീശൻ പറഞ്ഞത്. ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. പാർട്ടിയാണ് ഇതെല്ലാം തീരുമാനിക്കുന്നതെന്നും വി ഡി സതീശൻ സെക്രട്ടേറിയറ്റിന് മുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു.

'ശശി തരൂർ കേരള രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹം കേരളത്തിൽ നിന്നുള്ള എംപിയാണ്. എല്ലാം വിവാദമാക്കേണ്ട കാര്യമില്ല. സ്ഥാനാർത്ഥിത്വം അവരവർ തീരുമാനിക്കേണ്ട കാര്യമല്ല. ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഏത് കോൺഗ്രസ് നേതാവിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും അതിനെ സ്വാഗതം ചെയ്യും. സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് കെപിസിസി അദ്ധ്യക്ഷനാണ് പറയേണ്ടത്.' എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് കഴിഞ്ഞ ദിവസം തരൂർ വ്യക്തമാക്കിയിരുന്നു. എല്ലാവരും തന്നോട് കേരളത്തിൽ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്നതായി തരൂർ വ്യക്തമാക്കി. ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തരൂർ നയം വ്യക്തമാക്കിയത്. അതേസമയം എൻഎസ്എസിന് പിന്നാലെ ഓർത്തഡോക്‌സ് സഭയും ശശി തരൂരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

കേരളം കേന്ദ്രീകരിച്ചുള്ള സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ശേഷം ഇത് ആദ്യമായാണ് തന്റെ ഭാവി പരിപാടികളെ പറ്റി ശശി തരൂർ തുറന്നു പറയുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് കൃത്യമായി മറുപടി നൽകുകയാണ് തരൂർ ചെയ്തത്.