തിരുവനന്തപുരം: പട്ടിണി കിടക്കുന്നവരൊന്നും ക്രിക്കറ്റ് കളി കാണേണ്ടെന്ന കായികമന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന എല്ലാവരെയും ഞെട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമാണ് ഇത് പറഞ്ഞത്. മര്യാദകേടും അസംബന്ധവുമാണിത്. പാവങ്ങളെ കുറിച്ച് അസംബന്ധം പറഞ്ഞ മന്ത്രിയെ ഒരു മണിക്കൂർ പോലും ആ കസേരയിൽ ഇരിക്കാൻ മുഖ്യമന്ത്രി അനുവദിക്കരുതെന്നും സതീശൻ പറഞ്ഞു.

മൂന്ന് നേരവും ഭക്ഷണം കഴിക്കാത്ത ആളുകൾ ഇന്നും നാട്ടിലുണ്ട്. അവരൊന്നും കളി കാണേണ്ടെങ്കിൽ ആർക്കു വേണ്ടിയാണ് ഇതൊക്കെ നടത്തുന്നത്? സതീശൻ ചോദിച്ചു. എന്നിട്ടും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ?

''ചില ക്ലബുകളിൽ സ്യൂട്ടും ബൂട്ടും കോട്ടും ഇടുന്നവർക്കു മാത്രമെ പ്രവേശനമുള്ളൂവെന്ന് പറയുന്നത് പോലെയാണ് ക്രിക്കറ്റ് മത്സരം കാണുന്നതിൽനിന്നു പട്ടിണി കിടക്കുന്നവരെ മാറ്റി നിർത്തുമെന്നു മന്ത്രി പറഞ്ഞത്. പൊതുപ്രവർത്തകന്റെ നാവിൽ നിന്നാണ് ഇത്തരമൊരു പരാമർശം ഉണ്ടായിരിക്കുന്നത്. പാവങ്ങളെ കുറിച്ച് അസംബന്ധം പറഞ്ഞ മന്ത്രിയെ ഒരു മണിക്കൂർ പോലും ആ കസേരയിൽ ഇരിക്കാൻ മുഖ്യമന്ത്രി അനുവദിക്കരുത്. പട്ടിണി കിടക്കുന്നവർക്ക് വേണ്ടിയുള്ള പാർട്ടിയാണെന്നു പറയുന്ന സിപിഎമ്മിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

സർക്കാരിനെ വിമർശിക്കുന്നത് പോലെ പ്രതിപക്ഷവും വിമർശിക്കപ്പെടും. അത്തരം വിമർശനങ്ങളോട് അസഹിഷ്ണുതയില്ല. ഗൗരവമായ കാര്യങ്ങളാണ് മുന്നോട്ടു വയ്ക്കുന്നതെങ്കിൽ അത് പരിശോധിക്കും. സമുദായ സംഘടന രാഷ്ട്രീയ നേതൃത്വത്തെ വിമർശിക്കാൻ പാടില്ലെന്നു പറയാനാകില്ല. സമുദായ സംഘടനകളെ നേരത്തേയും വിമർശിച്ചിട്ടുണ്ട്. അങ്ങനെയൊരു അവസരം വന്നാൽ ഇനിയും വിമർശിക്കും. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ശക്തമായി എതിർക്കും.

സ്‌കൂൾ കലോത്സവത്തിൽ വിളമ്പുന്ന ഭക്ഷണത്തെച്ചൊല്ലി മനപ്പൂർവമായ വിവാദങ്ങളുണ്ടാക്കി വർഗീയമായ പരിസരം സൃഷ്ടിച്ചിരിക്കുകയാണ്. 16 വർഷവും ഒരു പരാതിയുമില്ലാതെയാണ് പഴയിടം മോഹനൻ നമ്പൂതിരി കലോത്സവങ്ങൾക്ക് ഭക്ഷണം വിളമ്പിയത്. അങ്ങനെയുള്ള ആളെ അപമാനിക്കുന്നത് എന്തിന് വേണ്ടിയാണ്? വെജിറ്റേറിയൻ വേണോ നോൺ വെജിറ്റേറിയൻ വേണോയെന്ന് സർക്കാർ തീരുമാനിച്ചാൽ പോരെ?

പേരിന്റെ അറ്റത്ത് നമ്പൂതിരി എന്നൊരു പദം ഉണ്ടെന്നു കരുതി ആ മനുഷ്യനെ അപമാനിക്കേണ്ട കാര്യമില്ലായിരുന്നു. വിവാദങ്ങൾ ഉണ്ടാക്കുന്ന ആളുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളോട് യോജിക്കാനാകില്ല. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന സമീപനം അംഗീകരിക്കില്ല. കലോത്സവത്തിന്റെ തന്നെ ശോഭയ്ക്കു മങ്ങലേൽപ്പിച്ച ചർച്ചയാണ് നടന്നത്.'' സതീശൻ പറഞ്ഞു.