കോഴിക്കോട്: വൈദികനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അത് മുഖ്യമന്ത്രിയുടെ നാവാണ്. അത് മുഖ്യമന്ത്രിയുടെ ചിന്തയാണെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അവരുടെ പാർട്ടിക്കാർ തന്നെയാണ്. അത് അവർ തന്നെ തീർത്തോളുമെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം.

യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ മാർ ഗീവർഗീസ് കൂറിലോസിനെതിരെയാണ് മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാവുമെന്നായിരുന്നു പിണറായിയുടെ പരാമർശം. അതേസമയം എയിംസ് കോഴിക്കോട് വേണമെന്ന എംകെ രാഘവന്റെ പരാമർശത്തോട് സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. രാഘവന് അങ്ങിനെ പറയാൻ അവകാശമുണ്ട്. എവിടെ വേണമെന്ന് പറയാൻ എനിക്കും അവകാശം ഉണ്ട്. രാഘവൻ പറഞ്ഞതിലാണ് തെറ്റെന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രസ്താവനക്ക് പിന്നിൽ ദുരുദ്ദേശപരമായ രാഷ്ട്രീയമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് എവിടെ വേണമെന്ന തന്റെ അഭിപ്രായം 2016ൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന് കേന്ദ്രം എയിംസ് അനുവദിക്കണമെന്നും കിനാലൂരിൽ അത് യാഥാർഥ്യമാക്കാൻ ജനകീയ മുന്നേറ്റം വേണമെന്നുമാണ് കാലിക്കറ്റ് പ്രസ് ക്ലബിന്റെ 'മീറ്റ് ദി പ്രസി'ൽ കോഴിക്കോട് എംപി എം.കെ. രാഘവൻ വ്യക്തമാക്കിയത്. ആവശ്യമെങ്കിൽ സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ച് ഇതിനായി സർവകക്ഷി യോഗം വിളിച്ചു ചേർക്കുമെന്നും ജനകീയ മുന്നേറ്റത്തിന് എംപി എന്നനിലയിൽ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിനും കർണാടകക്കും മാത്രമാണ് കേന്ദ്രം ഇനി എയിംസ് അനുവദിക്കാനുള്ളത്. സംസ്ഥാന സർക്കാർ കിനാലൂരിൽ 160 ഏക്കർ ഇതിനായി കൈമാറി. നൂറ് ഏക്കർ കൂടി ഏറ്റെടുത്തുവരുകയാണ്. എയിംസ് അനുവദിക്കാനാവശ്യപ്പെട്ട് ഇതിനകം മൂന്നു തവണ പ്രധാനമന്ത്രിയെയും നിരവധി തവണ മറ്റുമന്ത്രിമാരെയും കണ്ടിട്ടും പ്രഖ്യാപനമുണ്ടായിട്ടില്ല.

കേരളത്തിനുള്ള എയിംസ് മറ്റൊരു ജില്ലയിലേക്ക് മാറ്റാൻ കഴിയില്ല. പ്രധാന പ്രശ്‌നം ഭൂമി ഏറ്റെടുക്കലാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മറ്റൊരിടത്താണ് എയിംസ് ലക്ഷ്യമിടുന്നതെങ്കിൽ അവിടെ 250 ഏക്കർ ഭൂമി കിട്ടാനുണ്ടോ എന്നുകൂടി വ്യക്തമാക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു. എയിംസ് യാഥാർഥ്യമാക്കൽ തന്റെ മുന്നിലുള്ള പ്രധാന വികസന അജണ്ടയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.