ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയേൽക്കാൻ കാരണം ആർഎസ്എസുകാർ കൈ, മെയ് മറന്ന് പ്രവർത്തിക്കാത്തത് ആണെന്ന് വിമർശനം ഒരു വശത്തുണ്ട്. ഒറ്റയാനായുള്ള മോദിയുടെ പോക്കിന്മേൽ ആർഎസ്എസ് കടിഞ്ഞാണിട്ടതാണ് മറ്റൊരു സംഭവമെന്നും അഭിപ്രായമുണ്ട്. ഇതിനിടെ കവലഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപി.ക്കെതിരേ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ രംഗത്തുവന്നു. നേരത്തെ മോഹൻ ഭാഗവത് വിമർശനം ഉന്നയിച്ചിന് പിന്നാലെയാണ് ഇപ്പോൽ ആർഎസ്എസും മുഖപത്രവും വിമർശനം ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രിയുടെ പ്രഭാവത്തെയും മറ്റുചില ദേശീയനേതാക്കളുടെ സാന്നിധ്യത്തെയുംമാത്രം ആശ്രയിച്ച് തിരഞ്ഞെടുപ്പ് ജയിക്കാമെന്നു കരുതിയതിൽ പാളിച്ച പറ്റിയെന്നാണ് വിമർശനം. നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന് സ്വന്തംലോകത്ത് ഒതുങ്ങി. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദംകേൾക്കാൻ ശ്രമിക്കുന്നില്ല. പാർട്ടിക്കായി സ്വയം സമർപ്പിച്ച മുതിർന്നനേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെൽഫി കേന്ദ്രിത ആക്ടിവിസ്റ്റുകളെ ഉയർത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളിൽ ആരോപിച്ചു.

മുതിർന്ന ആർ.എസ്.എസ്. നേതാവ് രത്തൻ ശാരദ എഴുതിയ ലേഖനവും ഹേമാംഗി സിൻഹ, സന്തോഷ് കുമാർ എന്നിവർ ചേർന്നെഴുതിയ ലേഖനവുമാണ് ബിജെപി.യുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. യഥാർഥ പാർട്ടിപ്രവർത്തകർ ധാർഷ്ട്യം കാട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത കാട്ടിയില്ലെന്നും കഴിഞ്ഞദിവസം ആർ.എസ്.എസ്. സർസംഘ് ചാലക് മോഹൻ ഭാഗവത് നാഗ്പുരിൽ പറഞ്ഞിരുന്നു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആർ.എസ്.എസ്. നേതാവ് രാംമാധവ് തുടങ്ങിയവർ നേരത്തേ തിരഞ്ഞെടുപ്പുഫലത്തെ വിലയിരുത്തി പാർട്ടിയെ വിമർശിച്ചിരുന്നു.

അമിത ആത്മവിശ്വാസത്തിൽ നിന്ന ബിജെപി. പ്രവർത്തകർക്ക് തിരഞ്ഞെടുപ്പുഫലം ശരിപരിശോധനയായെന്ന് രത്തൻ ദേശായി പറയുന്നു. പ്രധാനമന്ത്രിയുടെ 400 സീറ്റ് ലക്ഷ്യം ബിജെപി.യുടെ ലക്ഷ്യമാണെന്നോ പ്രതിപക്ഷത്തെ വെല്ലുവിളിക്കാനാണെന്നോ പ്രവർത്തകർ തിരിച്ചറിഞ്ഞില്ല. താഴെത്തട്ടിൽ നടത്തുന്ന കഠിനാധ്വാനത്തിലൂടെയാണ് ലക്ഷ്യങ്ങൾ നേടുന്നത്. നേതാക്കളും പ്രവർത്തകരും അവരുടെ ചെറുലോകത്ത് അടച്ചിരുന്ന് പ്രധാനമന്ത്രിയുടെ പ്രഭാവം സൃഷ്ടിച്ച അലയൊലികൾ ആസ്വദിക്കുകയായിരുന്നു.

ബിജെപി. എംപി.മാരെയും എംഎ‍ൽഎ.മാരെയും നേരിൽ കാണാനുള്ള ജനങ്ങളുടെയും ബിജെപി., ആർ.എസ്.എസ്. പ്രവർത്തകരുടെയും ബുദ്ധിമുട്ടാണ് വലിയ പ്രശ്‌നമെന്നും രത്തൻ ദേശായി ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ പാർട്ടികളിൽനിന്ന് വൻതോതിൽ നേതാക്കളെ അടർത്തിയെടുത്തത് തെറ്റായിപ്പോയെന്ന് മറ്റൊരു ലേഖനത്തിലും പറയുന്നു.

ഉത്തർപ്രദേശിലെ അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിലുണ്ടായ പരാജയമാണ് വലിയ തിരിച്ചടിയെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ വലിയ തരംഗമുണ്ടാകുമെന്നു കരുതപ്പെട്ട മണ്ഡലമാണിത്. രാമക്ഷേത്ര നിർമ്മാണത്തിനായി ജീവിതം സമർപ്പിച്ച, കടുത്ത ത്യാഗംസഹിച്ച സാധാരണക്കാരെ ക്ഷണിക്കാതെ സെലിബ്രിറ്റികളെയാണ് ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിച്ചത്.

നേരത്തെ ആർഎസ്എസ് സർസംഗ് ചാലക് മോഹൻ ഭാഗവതും വിമർശനം ഉയർത്തിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചുള്ള അവബോധം നൽകൽമാത്രമാണ് ആർ.എസ്.എസ്. ചെയ്യുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സമവായമുണ്ടാക്കി രാജ്യത്തിനനുകൂലമായ കാര്യങ്ങൾ ചെയ്യുകയാണ് ഇനി വേണ്ടത്. തിരഞ്ഞെടുപ്പ് ഒരു മത്സരമാണ്. യുദ്ധമല്ല. രാഷ്ട്രീയപ്പാർട്ടികളും നേതാക്കളും തമ്മിലുള്ള ദുഷിച്ച ആരോപണ പ്രത്യാരോപണങ്ങൾ സമുദായങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ കാരണമാകും.

ഒരു കാരണവുമില്ലാതെ ആർ.എസ്.എസിനെപ്പോലും ഇതിലേക്കു വലിച്ചിഴച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അസത്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. ഇങ്ങനെയാണോ വിജ്ഞാനം ഉപയോഗിക്കേണ്ടത്? ഈ രിതിയിൽ രാജ്യം എങ്ങനെ പ്രവർത്തിക്കും ? പ്രതിപക്ഷം ശത്രുപക്ഷമല്ല. അസത്യം പ്രചരിപ്പിക്കപ്പെടരുത്. പാർലമെന്റിൽ ഇരുപക്ഷത്തെയും കേൾക്കണം- മോഹൻ ഭാഗവത് പറഞ്ഞു.