കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടയിൽ സിഐഎസ്എഫ് നടത്തിയ വെടിവെപ്പ് നരഹത്യയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. പ്രദേശത്ത് 72 മണിക്കൂർ നേരത്തേക്ക് രാഷ്ട്രീയ പ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഉത്തരവിനേയും മമത രൂക്ഷമായി വിമർശിച്ചു.

ജനക്കൂട്ടത്തെ പിരിച്ച് വിടുകയായിരുന്നു സുരക്ഷാസേനയുടെ ലക്ഷ്യമെങ്കിൽ കാലിലായിരുന്നു വെടിവെക്കേണ്ടിയിരുന്നതെന്നും മരിച്ചവരുടെ നെഞ്ചിൽ വെടിയേറ്റതിനാൽ നരഹത്യ തന്നെയായിരുന്നു ലക്ഷ്യമെന്നും സിലിഗുഡിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മമതാ ബാനർജി ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ കൂച്ച് ബിഹാറിലെ സിതൽകൂച്ചി നിയോജകമണ്ഡലത്തിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടായ സംഘർഷത്തിനിടെ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ അഞ്ച് പേരാണ് മരിച്ചത്. 

ദുരന്തം നേരിട്ടവരുടെ ബന്ധുക്കളേയും കുടുംബാംഗങ്ങളേയും താൻ സന്ദർശിക്കുന്നത് തടയാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവെന്ന് മമത പറഞ്ഞു. വീഡിയോ കോൺഫറൻസിങ്ങിലൂടെ മമത മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ചു. 72 മണിക്കൂർ സമയപരിധി പൂർത്തിയായാലുടനെ തന്നെ സിതൽകൂച്ചിയിലെത്തുമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് സ്വന്തം തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് ധനസഹായം നൽകുമെന്നും മമത അറിയിച്ചു.

ബിജെപി എല്ലാ കരുത്തുമുപയോഗിച്ച് ശ്രമിച്ചാലും ജനങ്ങളെ കാണുന്നതിൽ നിന്നോ അവരുടെ ദുഃഖങ്ങൾ നേരിട്ടറിയുന്നതിൽ നിന്നോ തന്നെ തടയാനാവില്ലെന്ന് ട്വിറ്ററിലൂടെ മമത പറഞ്ഞിരുന്നു. കൂച്ച് ബെഹാറിലെ സഹോദരങ്ങളെ സന്ദർശിക്കുന്നതിൽ നിന്ന് തന്നെ മൂന്ന് ദിവസം അവർ തടഞ്ഞെങ്കിലും നാലാമത്തെ ദിവസം താനവിടെ എത്തിയിരിക്കുമെന്നും മമത കൂട്ടിച്ചേർത്തു.