വയലാർ: വേറിട്ട വ്യക്തികളും പേരുകളും രീതികളുമൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് വാർത്തകളിൽ ഇടംനേടാറുണ്ട്.രാഷ്്ട്രീയത്തോടും രാഷ്ട്രീയ നേതാക്കളോടുമൊക്കെ ഉള്ള അടുപ്പം കാരണം മക്കൾ നേതാക്കന്മാരുടെ പേരുകൾ നൽകുന്നതുമൊക്കെ ഇത്തരത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാൽ ഐക്യമുന്നണി വിട്ടിട്ടും ഇപ്പോഴും നാ്ട്ടുകാർ വിടാതെ പിന്തുടരുന്ന ഒരു കഥയാണ് വയലാർ സ്വദേശി പൊന്നന് പറയാനുള്ളത്.

പൊന്നന്റെ അച്ഛൻ സി പി അപ്പി വയലാറിലെ കമ്യൂണിസ്റ്റ് കുടുംബാംഗമായിരുന്നു. രാഷ്ട്രീയത്തോടുള്ള അടങ്ങാത്ത കമ്പംമൂലം ഇദ്ദേഹം മകന് ഇട്ടപേരാണ് ഐക്യമുന്നണി. എന്നാൽ വയസ്സ് പത്തിരുപത് ആയപ്പോൾ ഇ പേര് മകന് ഒരു ബാധ്യതയായി.കൂട്ടുകാരിൽ ചിലർ പേരിനെ ചൊല്ലി കളിയാക്കിയതോടെ 20ാം വയസ്സിൽ ഔദ്യോഗികമായി പേരുമാറ്റി. ഐക്യമുന്നണി വിട്ട് പൊന്നനായെങ്കിലും നാട്ടുകാർ ഐക്യമുന്നണി വിടാൻ ഒരുക്കമല്ല. നാട്ടുകാരിൽ ചിലർ ഇപ്പോഴും ഐക്യമുന്നണിയെന്നും മുന്നണിയെന്നുമൊക്കെയാണ് പൊന്നനെ വിളിക്കുന്നത്.

പാർട്ടിയിൽ എന്തോ പ്രശ്‌നങ്ങൾ നടക്കുമ്പോഴാണ് തന്റെ ജനനം എന്നു പൊന്നൻ പറഞ്ഞു. ഐക്യം ആഗ്രഹിച്ചിരുന്ന അച്ഛൻ മകന് ഐക്യമുന്നണി എന്നു പേരിട്ടു. സ്‌കൂളിൽ ചേർത്തപ്പോഴും ഇതേ പേര് തന്നെ.ഇങ്ങനെയാണ് ഈ പേര് ഹിറ്റും പൊന്നന് ഒരു ബാധ്യതയും ആകുന്നത്.

ഇപ്പോൾ ബാർബർഷോപ്പ് നടത്തി വരികയാണ് പൊന്നൻ.സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവുമെല്ലാമായി മുന്നണികൾ തിരക്കുകൂട്ടുമ്പോൾ ഇവിടുത്തെ 'ഐക്യ മുന്നണി'ക്ക് ഒരു ടെൻഷനുമില്ല! കാരണം പൊന്നൻ മുടി വെട്ടിക്കഴിയുമ്പോൾ ചിലർ ഇപ്പോഴും ആവേശത്തോടെ വിളിക്കും, ഐക്യമുന്നണി സിന്ദാബാദ്!