തിരുവനന്തപുരം: പൂവാറിൽ എക്‌സൈസ് നടത്തിയ അട്ടിമറിയോ? ലഹരി പാർട്ടിക്കിടെ ഹോട്ടലിൽ നിന്ന് പിടികൂടിയത് തലസ്ഥാനത്തെ ഗുണ്ടാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വനിതയെ. ഐ എസ് ആർ ഒ ഉദ്യോഗസ്ഥന്റെ മകളായ ഇവർ തലസ്ഥാനത്ത് മസാജ് സെന്ററും നടത്തുന്നുണ്ട്. 'സുഗുണൻ' എന്ന പേരിൽ അറിയിപ്പെടുന്ന ഗുണ്ടാ നേതാവിന്റെ വലംകൈയാണ് ഇവർ. കേരളത്തെ ഞെട്ടിച്ച ഗുണ്ടാ നേതാക്കളിൽ ഒരാളുടെ സഹോദരനാണ് സുഗുണൻ. ഈ ഗുണ്ടാ നേതാവിന് രാഷ്ട്രീയ ബന്ധങ്ങളും ഏറെയാണ്. ഇതിന്റെ തണലിലാണ് ഇവരെ എക്‌സൈസിന് വിട്ടയക്കേണ്ടി വന്നതെന്നാണ് സൂചന.

നിവാർണ്ണ സംഘം പൂവാറിലെ റിസോർട്ടിൽ ഡിജെ പാർട്ടിയും ഫോഷൻ ഷോയും നടത്താൻ പദ്ധതി ഇട്ടിരുന്നു. ഡിജെ പാർട്ടിക്ക് ശേഷമായിരുന്നു എക്‌സൈസ് റെയ്ഡ്. ഫാഷൻ ഷോയിൽ പങ്കെടുക്കാൻ എത്തിയ കുടുംബങ്ങളും ഈ റിസോർട്ടിലുണ്ടായിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ കഴക്കൂട്ടത്ത് ഒരു മോഡലും പിടിയിലായി. ഇതേ ഫാഷൻ ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ. അവർക്ക് മയക്കുമരുന്നുമായുള്ള ബന്ധം കണ്ടെത്താൻ എക്‌സൈസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഈ മോഡലിനെ വിട്ടയച്ചത്. എന്നാൽ പൂവാറിലെ റിസോർട്ടിൽ നിന്നും മറ്റൊരു സ്ത്രീയെ പിടികൂടിയിരുന്നു. ഇവരായിരുന്നു യഥാർത്ഥ വില്ലത്തി. എന്നാൽ ഇവരെ വിട്ടയയ്ക്കുകയായിരുന്നു.

തലസ്ഥാനത്തെ പ്രധാന ഗുണ്ടാ നേതാവിന്റെ സഹോദരന്റെ ഗ്യാങ്ങിലാണ് ഇവരുള്ളത്. ഐ എസ് ആർ ഒ ഉദ്യോഗസ്ഥന്റെ മകളായ ഇവർ പ്രണയിച്ച് വിവാഹിതയായവരാണ്. എന്നാൽ ഈ ബന്ധം പൊളിഞ്ഞു. കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. ഇതിനിടെയാണ് പുതിയ ബന്ധങ്ങൾ ഉണ്ടാകുന്നത്. പൂവാറിലെ റെയ്ഡിനിടെ എക്‌സൈസ് പിടികൂടിയ മൂന്നു പേരും ഈ യുവതിയുടെ സംഘത്തിലെ അംഗങ്ങൾ മാത്രമാണെന്നാണ് സൂചന. നഗരഹൃദയത്തിൽ തന്നെ മസാജ് സെന്ററുള്ള ഇവർക്ക് പല ഗുണ്ടകളുമായി ബന്ധമുണ്ട്. ശോഭാ ജോൺ മോഡൽ ഇടപെടലുകളിലൂടെ പൊലീസിന് ഇപ്പോഴെ തലവേദനകൾ സൃഷ്ടിക്കാൻ തുടങ്ങിയിട്ടുണ്ട് ഈ വനിതയും.

എന്നാൽ ലഹരി പാർട്ടിയുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ഇവർക്കെതിരെ കിട്ടിയില്ലെന്നതാണ് ഇവരെ വിട്ടയയ്ക്കാനുള്ള കാരണമായി എക്‌സൈസ് പറയുന്നത്. പൂവാറിലെ കാരക്കാട്ടെ റിസോർട്ടിൽ കഴിഞ്ഞ ആറു മാസത്തിനിടെ നടന്നതു 17 ലഹരിപ്പാർട്ടികൾ. കഴിഞ്ഞ ദിവസത്തെ പാർട്ടിയിൽ മാത്രം ഏഴു ലക്ഷം രൂപയുടെ വരുമാനമുണ്ടായതായാണു വിവരം. പുറത്തുനിന്നു വിപുലമായ തോതിൽ ആളുകളെത്തിയിട്ടും സ്പെഷൽ ബ്രാഞ്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നില്ല.

റിസോർട്ടിൽ പാർട്ടി നടത്തുന്നതിൽ പൊലീസിന്റെ സഹായമുണ്ടായിരുന്നെന്നു സംശയിക്കുന്നതിനാൽ അവരെ ഒഴിവാക്കി എക്സൈസിന്റെ പ്രത്യേക സംഘമാണ് പൂവാർ ലഹരിക്കേസ് അന്വേഷിക്കുന്നത്. ബംഗളൂരുവിൽനിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് റെയ്ഡ്. പുതുവത്സരാഘോഷം മുന്നിൽക്കണ്ട് നഗരത്തിൽ ലഹരി ഒഴുക്കുന്നതിനു മുന്നോടിയായാണ് പൂവാറിലെ റിസോർട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഹരിപ്പാർട്ടികൾ നടത്തിയത്. പെട്ടെന്നു തിരിച്ചറിയാതിരിക്കാൻ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിലായിരുന്നു ടിക്കറ്റ് വിൽപ്പന.

3000, 2000, 1000 രൂപയുടെ ടിക്കറ്റുകളാണു നൽകിയത്. എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധയിൽ സ്ത്രീയും കൊലക്കേസ് പ്രതിയും അടക്കമാണു പിടിയിലായത്. ഹഷീഷ് ഓയിൽ, എം.ഡി.എം.എ ഗുളികകൾ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കൾ കണ്ടെടുത്തു. പിടിയിലായ 20 പേരിൽ 17 പേരെ ജാമ്യത്തിൽ വിട്ടയച്ചു. നിർവാണ എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയാണു പാർട്ടി സംഘടിപ്പിച്ചത്. ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, ശംഖുംമുഖം കണ്ണാന്തുറ സ്വദേശിയും കൊലക്കേസ് പ്രതിയുമായ പീറ്റർ ഷാൻ, അതുൽ എന്നിവരാണ് സംഘാടകർ. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. റിസോർട്ടിലെ ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തു. തലസ്ഥാന നഗരത്തിലെ ഒരു ഹോട്ടലിലും ഇവർ ഡി.ജെ. പാർട്ടി നടത്തിയിരുന്നതായി വിവരമുണ്ട്.

പൂവാറിലെ റിസോർട്ടിൽ ശനിയാഴ്ച രാത്രി ഏഴിനു തുടങ്ങിയ പാർട്ടിയിൽ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള സ്ത്രീകളടക്കം നൂറോളം പേർ പങ്കെടുത്തതായാണ് വിവരം. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലായിരുന്നു പാർട്ടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഉച്ചയോടെ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സിഐ. അനിലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ പാർട്ടി അവസാനിപ്പിച്ച് പലരും സ്ഥലംവിട്ടിരുന്നു. ടൂറിസ്റ്റുകളെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥരെത്തിയത്.

റിസോർട്ടിൽ മദ്യം വിളമ്പാൻ ലൈസൻസില്ലെന്നാണു വിവരം. പാർട്ടിക്കെത്തിയവർക്കു ബോട്ട് സൗകര്യം ഉൾപ്പെടെ ഒരുക്കിയ റിസോർട്ട് അധികൃതരും സംശയനിഴലിലാണ്. അതിനിടെ, പാർട്ടിയിൽ പങ്കെടുത്ത ചിലരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മുകളിൽനിന്ന് ഇടപെടലുണ്ടായതോടെ വിട്ടയച്ചു.