ലഖ്നൗ: ലഖ്നൗ സർവകലാശാല വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി. സർവകലാശാലയിലെ ഇന്ത്യൻ ഹിസ്റ്ററി ആൻഡ് ആർക്കിയോളജി വിഭാഗം ബിരുദ വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും പ്രചരിച്ചത്. സഹപാഠിയായ ഒരു വിദ്യാർത്ഥിയുടെ നമ്പറിൽനിന്നാണ് അശ്ലീലചിത്രങ്ങൾ വന്നതെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.

സംഭവത്തെക്കുറിച്ച് വിദ്യാർത്ഥികൾ പറയുന്നത് ഇങ്ങനെ; അദ്ധ്യാപകരുടെ നിർദേശപ്രകാരം വിദ്യാർത്ഥിനികളിലൊരാളാണ് വാട്സാപ്പ് ഗ്രൂപ്പ് നിർമ്മിച്ചത്. ഏകദേശം 170-ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും ഗ്രൂപ്പിലുണ്ടായിരുന്നു. എന്നാൽ പഠനാവശ്യത്തിന് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ ശനിയാഴ്ച രാത്രി മുതൽ അശ്ലീലചിത്രങ്ങളും അശ്ലീലസന്ദേശങ്ങളും പ്രത്യക്ഷപ്പെടുകയായിരുന്നു. രാത്രി 11.58-ന് ഈ നമ്പറിൽനിന്ന് ആദ്യം ഒരു അശ്ലീലചിത്രം ഗ്രൂപ്പിൽവന്നു. ക്ലാസിലെ നാല് പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള അശ്ലീലസന്ദേശത്തിന് പിന്നാലെയായിരുന്നു ഈ ചിത്രം വന്നത്. ശേഷം ഇതേ നമ്പറിൽനിന്ന് വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും അപമാനിച്ചുള്ള സന്ദേശങ്ങൾ നിരന്തരം പ്രത്യക്ഷപ്പെട്ടു.

ഇതിനിടെ, അശ്ലീലചിത്രങ്ങൾ പോസ്റ്റ് ചെയ്ത നമ്പറുടമ ഗ്രൂപ്പിൽനിന്ന് പുറത്തുപോവുകയും അല്പസമയത്തിന് ശേഷം വീണ്ടും ഗ്രൂപ്പിൽ പ്രവേശിച്ച് അശ്ലീലചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് തുടരുകയും ചെയ്തു. എന്നാൽ തനിക്ക് ഇതിലൊന്നും പങ്കില്ലെന്നാണ് പ്രസ്തുത നമ്പറുടമയായ വിദ്യാർത്ഥിയുടെ മറുപടി.അശ്ലീലചിത്രങ്ങൾ നിറഞ്ഞതോടെ വിദ്യാർത്ഥികളിൽ മിക്കവരും ഗ്രൂപ്പിൽനിന്ന് എക്സിറ്റടിച്ച് പുറത്തുപോയി. ചിലർ രാത്രിതന്നെ അദ്ധ്യാപകരെ വിവരമറിയിക്കുകയും ചെയ്തു.

വിവരമറിഞ്ഞതിനെ തുടർന്ന് പഠനവിഭാഗം മേധാവി സർവകലാശാല ഭരണാധികാരികൾക്ക് പരാതി നൽകി. ഈ പരാതി സർവകലാശാല അധികൃതർ പൊലീസിന് കൈമാറുകയായിരുന്നു. അശ്ലീലസന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും സന്ദേശങ്ങൾ അയച്ച നമ്പറും അധികൃതർ പൊലീസിന് നൽകിയിട്ടുണ്ട്. സർവകലാശാല അധികൃതരുടെ പരാതിയിൽ ഹസൻഗഞ്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.