തിരുവനന്തപുരം: തപാൽ വോട്ടിൽ വ്യാപകമായ തിരിമറി നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെ, കൂടുതൽ തെൡവുകൾ പുറത്തുവന്നു. മൂന്നര ലക്ഷത്തോളം വരുന്ന പോളിങ് ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലും ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം പുറത്തുവന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ പോയി വോട്ട് ചെയ്ത ഇവർക്ക് ഇപ്പോൾ തപാൽ വോട്ടിനുള്ള ബാലറ്റും പോസ്റ്റലായും വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. തഴവ എച്ച്എസ്എസ് അദ്ധ്യാപകൻ കെ.ബാബുവിനാണ് വോട്ടിട്ട ശേഷം വീണ്ടു ബാലറ്റ് കിട്ടിയത്. അന്വേഷിക്കാൻ റിട്ടേണിങ് ഓഫീസർമാർക്ക് കൊല്ലം കളക്ടർ നിർദ്ദേശം നൽകി. സമാനമായ രീതിയിൽ പല ഉദ്യോഗസ്ഥർക്കും ബാലറ്റ് കിട്ടിയെന്നും സംശയമുണ്ട്. ക്രമക്കേടിനെ പറ്റി വ്യക്തിപരമായ പരാതികൾ കിട്ടിയിട്ടില്ലെന്ന് കൊല്ലം ജില്ലാ കളക്ടർ പറയുന്നു. പല രാഷ്ട്രീയ പാർട്ടികളും ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷിക്കാൻ റിട്ടേണിങ്ങ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

പാറശ്ശാലയിലും തപാൽ വോട്ട് ഇരട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക കേന്ദ്രത്തിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. വാട്ടർ അതോററ്റിയിലെ ഉദ്യോഗസ്ഥനാണ് വീണ്ടും തപാൽ വോട്ട് വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇത്തവണ തപാൽ വോട്ട് ചെയ്യൂന്നതിന് പ്രത്യേക കേന്ദ്രം ഒരുക്കിയിരുന്നു. മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് തപാൽ വോട്ടിന് അർഹതയുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് 1 മുതൽ 3 വരെയായിരുന്നു ഈ സൗകര്യം. മൂന്നിന് ശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്ന ഉദ്യോഗസ്ഥർക്കാണ് ഇനി തപാൽ വോട്ട് ചെയ്യാൻ അവസരമുള്ളത്.

എന്നാൽ പ്രത്യേക കേന്ദ്രത്തിൽ തപാൽ വോട്ട് ചെയ്തവർക്ക് വീണ്ടും തപാൽ വോട്ട് വരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വോട്ടർപട്ടികയിൽ ഇരട്ടവോട്ട് ആരോപണത്തിന് പിന്നാലെ തപാൽ വോട്ടിലെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണമെന്നാണ് ആവശ്യം. ഒറ്റപ്പെട്ട ചില പരാതികളാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. മേൽവിലാസത്തിൽ ഉണ്ടായ മാറ്റം ഉൾപ്പടെയുള്ളവയാകും വീണ്ടും തപാൽ വോട്ട് വന്നതെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. ആക്ഷേപത്തെക്കുറിച്ച് പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ

1. വോട്ടേഴ്‌സ് ലിസ്റ്റിലെ വ്യാജവോട്ടർമാരെ കണ്ടെത്താനും അവർ കള്ളവോട്ട് ചെയ്യുന്നത് ഒരു പരിധിവരെ തടയാനും യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.

2. എന്നാൽ, ഇപ്പോൾ തപാൽ വോട്ടിൽ വ്യാപകമായ തിരിമറി നടക്കുകയാണ്. ഇത് ഫലപ്രദമായി തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.

3. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന പോളിങ് ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലും ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

4. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ പോയി വോട്ട് ചെയ്ത ഇവർക്ക് ഇപ്പോൾ തപാൽ വോട്ടിനുള്ള ബാലറ്റും പോസ്റ്റലായും വരികയാണ്.

5. ഇവർ വീണ്ടും തപാൽ വോട്ട് ചെയ്താൽ അത് ഇരട്ടിപ്പാവും. മൂന്നരലക്ഷത്തോളം തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥർ ഉണ്ട് എന്നതിനാൽ ഇതും തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാവും.

6. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ പോയി വോട്ടു ചെയ്തവർക്ക് ഇപ്പോൾ അവരുടെ വീട്ടിലെ വിലാസത്തിലോ ഓഫീസ് വിലാസത്തിലോ ആണ് പോസ്റ്റൽ ബാലറ്റുകൾ ലഭിക്കുന്നത്.

7. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ പോയി വോട്ടു ചെയ്തവരെ വോട്ടർ പട്ടികയിൽ മാർക്ക് ചെയ്യേണ്ടതായിരുന്നു. അതു നോക്കി ഒരിക്കൽ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാൽ വോട്ട് അയയ്‌ക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അതിൽ വീഴ്ച പറ്റിയിരിക്കുകയാണ്. ഇത് മനപ്പൂർവ്വം ചെയ്തതാണോ എന്നതും പരിശോധിക്കേണ്ടതാണ്.

8. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് ഞാൻ ഇന്ന് പരാതിൽ നൽകുന്നുണ്ട്. അഞ്ച് നിർദ്ദേശങ്ങളും ഞാൻ മുന്നോട്ടു വയ്ക്കുന്നു.

(ഒന്ന്) ഇങ്ങനെ ഉണ്ടായിട്ടുള്ള ഇരട്ടിപ്പുകൾ ഉടൻ കണ്ടെത്തണം. രണ്ടാമത് ചെയ്ത വോട്ടുകൾ എണ്ണരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പു ഓഫീസർമാർക്കും റിട്ടേണിങ് ഓഫീസർമാർക്കും നിർദ്ദേശം നൽകണം.

(രണ്ട്) പോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് പോസ്റ്റൽ ബാലറ്റുകൾ അയയ്ക്കുന്നതിനു മുമ്പ് അവർ നേരത്തെ വോട്ട് ചെയ്തിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസർമാരും ജില്ലാ ഇലക്ട്രറൽ ഓഫീസർമാരും ഉറപ്പുവരുത്തണം.

(മൂന്ന്) പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത പോളിങ് ഉദ്യോഗസ്ഥരുടെയും തപാൽ വോട്ട് ്അയച്ചു കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കണം.

(നാല്) ഓരോ മണ്ഡലത്തിലും തപാൽ വോട്ടിന് ബാലറ്റ് പേപ്പറുകൾ പ്രിന്റ് ചെയ്തതു എത്ര എണ്ണം, ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തത് എത്ര, ബാക്കി റിട്ടേണിങ് ഓഫീസറുടെ കൈവശം ഉള്ളത് എത്ര എന്നതിന്റെ കണക്ക് പ്രസിദ്ധപ്പെടുത്തുക.

(അഞ്ച്) ഓരോ മണ്ഡലത്തിലും ആകെ പ്രിന്റ് ചെയ്ത തപാൽ വോട്ടുകളുടെ എണ്ണം, അവയിൽ മുതിർന്ന പൗരന്മാർക്ക് വോട്ട് ചെയ്യാൻ അയച്ച് എത്ര, റിട്ടേണിങ് ഓഫീസറുടെ കയ്യിൽ ശേഷിക്കുന്നത് എത്ര എന്നത് സംബന്ധിച്ച കണക്കും പ്രസിദ്ധീകരിക്കണം.

ഈ ആവശ്യങ്ങൾ അടങ്ങിയ കത്ത് ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് ഇന്നു നൽകി.

9. 85 വയസ്സിനു മുകളിലുള്ള മുതർന്ന പൗരന്മാരുടെ വോട്ടുകൾ വീടുകളിൽ പോയി ശേഖരിച്ചതിനെപ്പറ്റിയും വ്യാപകമായ പരാതികൾ ലഭിച്ചിരിക്കുകയാണ്.

10. വീടുകളിൽ പോയി സീൽ വച്ച പ്രത്യേക കവറുകളിൽ വോട്ടുകൾ ശേഖരിച്ച് ബാലറ്റ് ബോക്‌സുകളിൽ ഇട്ടശേഷം അവ സ്‌ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ, ഈ നടപടി ക്രമം പലേടത്തും അട്ടിമറിക്കപ്പെട്ടു.

11. വോട്ടുകൾ കവറിലാക്കിയ ശേഷം പലേടത്തും അത് സീൽ ചെയ്യുകയോ, ബാലറ്റ് ബോക്‌സുകളിൽ ശേഖരിക്കുകയോ ചെയ്തിട്ടില്ല.

12 പെൻഷൻ കൊണ്ടു കൊടുത്ത ശേഷം അപ്പോൾതന്നെ വോട്ട് ചെയ്തു വാങ്ങിയ സംഭവങ്ങൾ നിരവധിയാണ്.

13. ഇടതുപക്ഷ അനുഭാവമുള്ള ഉദ്യോഗസ്ഥരെയാണ് ഇങ്ങനെ വോട്ട് കളക്റ്റ് ചെയ്യുന്നതിന് നിയോഗിച്ചത്. അവർ വ്യാപകമായി കൃത്രിമം നടത്തി.

14. വോട്ടർമാരെ ഭീഷണിപ്പെടുത്തിയ നിരവധി സംഭവങ്ങളുമുണ്ടായി.

15. യഥാർത്ഥ വോട്ടർ അറിയാതെ സിപിഎം. നേതാക്കളും ഉദ്യോഗസ്ഥരും ഒത്തു ചേർന്ന് കള്ളവോട്ട് ചെയ്ത പരാതിയും ഉണ്ടായിട്ടുണ്ട്.

16. വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിൽ ചെന്നപ്പോഴാണ് വൃദ്ധരായ പലരും തങ്ങളുടെ വോട്ടുകൾ മറ്റാരോ ചെയ്തതായി അറിയുന്നത്. നിരവധി സ്ഥലങ്ങളിൽ നിന്ന് ഇതു സംബന്ധിച്ച് പരാതി ഉണ്ടായിട്ടുണ്ട്.

17. പോസ്റ്റൽ വോട്ടിൽ തിരിമറി തടയുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.