ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മാധ്യമ പ്രവർത്തകർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ഒരുങ്ങും. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന കമ്മീഷൻ അംഗീകരിച്ച മാധ്യമപ്രവർത്തകർക്ക് ആണ് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്. അക്രഡിറ്റേഷനുള്ള്‌ള മാധ്യമ പ്രവർത്തകർക്ക് മാത്രമാകും വോട്ടിംഗിന് അവസരം ഉള്ളത്.

പോസ്റ്റൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർ റിട്ടേർണിങ് ഓഫിസറിന് ഫോം 12 ഡിയിൽ അപേക്ഷ നൽകണം. തിരെഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി അഞ്ച് ദിവസത്തിന് ഉള്ളിൽ അപേക്ഷ റിട്ടേർണിങ് ഓഫീസറിന് ലഭിച്ചിരിക്കണം. ഫോം 12 ഡി, ജില്ലാ തിരെഞ്ഞെടുപ്പ് ഓഫീസറുടെ പക്കൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വെബ്സൈയിറ്റിൽ നിന്നോ ലഭ്യമാകും.

കഴിഞ്ഞ വർഷം നടന്ന ഡൽഹി നിയമസഭാ തിരെഞ്ഞെടുപ്പിലാണ് ആദ്യമായി മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയത്. ഇതിനായി തിരെഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ പ്രകാരം 1961 ലെ തിരെഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ കേന്ദ്ര നിയമ മന്ത്രാലയം ഭേദഗതി കൊണ്ടു വന്നിരുന്നു.

മാധ്യമ പ്രവർത്തകർക്ക് പുറമെ റയിൽവെ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, വ്യോമയാനം, ഷിപ്പിങ് എന്നീ അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെടുന്നവർക്ക് മാത്രമാണ് പോസ്റ്റൽ ബാലറ്റ് അനുവദിക്കുകയെന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

കൊൽക്കത്ത മെട്രോയിലെ ജീവനക്കാർക്ക് ഇത്തവണ പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടായിരിക്കും. അവശ്യ സർവീസ് എന്ന് പരിഗണിച്ചാണ് പോസ്റ്റൽ വോട്ട് അനുവദിച്ചിരിക്കുന്നത്. എന്നാൽ കൊച്ചി മെട്രോയിലെ ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിങ് അനുവദിച്ചിട്ടില്ല. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹി മെട്രോയിലെ ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിച്ചിരുന്നു. കൊച്ചി മെട്രോ ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാതിന്റെ കാരണം വ്യക്തമല്ല.