തിരുവനന്തപുരം: പോത്തൻകോട് നോക്കുകൂലി മർദനം വിവാദമായതോടെ കരാറുകാരനെതിരെ പരാതിയുമായി പഞ്ചായത്ത്. പെർമിറ്റ് വാങ്ങാതെയാണു നിർമ്മാണം തുടങ്ങിയതെന്നും സർക്കാർ സ്ഥലം കയ്യേറിയെന്നുമാണ് പഞ്ചായത്ത് അധികൃതർ ആക്ഷേപം ഉയർത്തുന്നത്. നിർമ്മാണം തൽക്കാലത്തേക്കു നിർത്താനും ആവശ്യപ്പെട്ടു. നോക്കുകൂലിക്കേസിൽ ഒത്തുതീർപ്പിന് വഴങ്ങാത്തതിലെ വൈരാഗ്യമാണു പഞ്ചായത്തിനെന്നു കരാറുകാരൻ ആരോപിച്ചു.

നോക്കുകൂലി നൽകാത്തതിനു കരാറുകാരനെയും തൊഴിലാളികളെയും മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഐഎൻടിയുസിയും സിഐടിയുവും പ്രതിരോധത്തിലായി. തൊഴിലാളികൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്, മർദനമേറ്റ കരാറുകാരനെതിരെ കൂടുതൽ ആക്ഷേപങ്ങളുയർന്നത്. ഏഴ് സെന്റ് സ്ഥലത്ത് വീടു നിർമ്മിക്കുന്ന സ്ഥലം ഉടമ കെട്ടിട നിർമ്മാണ പെർമിറ്റിന് 15ാം തീയതി അപേക്ഷ നൽകിയതേയുള്ളൂ.

പെർമിറ്റ് ലഭിക്കും മുൻപ് നിർമ്മാണം തുടങ്ങി. കൂടാതെ വഴിയുടെ പേരിൽ സർക്കാർ ഭൂമി കയ്യേറിയെന്നും കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ആരോപിക്കുന്നു. നോക്കുകൂലി കേസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒത്തുതീർപ്പ് ആവശ്യപ്പെട്ടിരുന്നെന്നും വഴങ്ങാത്തതാണു പുതിയ ആരോപണങ്ങൾക്കു കാരണമെന്നുമാണു കരാറുകാരന്റെ മറുപടി.

നോക്കുകൂലി മർദനത്തിന് പിന്നാലെ കൂടുതൽ ആരോപണങ്ങളുയർത്തി നിർമ്മാണംതന്നെ പഞ്ചായത്ത് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. നിർമ്മാണത്തെ ചൊല്ലിയുള്ള തർക്കമാണ് കരാറുകാരൻ നോക്കുകൂലി തർക്കമായി വഴിതിരിച്ചു വിട്ടതെന്നാണു പഞ്ചായത്ത് പറയുന്നത്.

കരാറുകാരനായ മണികണ്ഠനെ ഭീഷണിപ്പെടുത്തിയിട്ടില്ല. റോഡ് കൈയേറ്റം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നും വെമ്പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥ പിള്ള പറഞ്ഞു. അതേ സമയം സംഭവം ഒതുക്കി തീർക്കാൻ വൈസ് പ്രസിഡന്റ് ശ്രമിച്ചെന്ന് കരാറുകാരൻ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് കരാറുകാരനായ മണികണ്ഠനെയും തൊഴിലാളികളെയും നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയൻ പ്രവർത്തകർ മർദിച്ചത്. ഇതിന് പിന്നാലെ വെമ്പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥ പിള്ള തന്നെ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് മണികണ്ഠൻ രംഗത്തെത്തി.

എന്നാൽ റോഡ് കയ്യേറി വീടുപണി നടത്തുന്നു എന്ന നാട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നും വീട് നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നും ജഗന്നാഥ പിള്ള പറയുന്നു. അതേ സമയം സംഭവം ഒതുക്കി തീർക്കാൻ വൈസ് പ്രസിഡന്റ് ശ്രമിച്ചതായും രേഖകളെല്ലാം തന്നെ ഹാജരാക്കാൻ നിർദ്ദേശിച്ചതായും കരാറുകാരൻ പറയുന്നു